arrest

കൊച്ചി: വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകക്കേസുകളിൽ പ്രതികളായ ഏഴ് തമിഴ് ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. ഇവരിൽ നിന്ന് നാല് വിദേശനിർമ്മിത തോക്കുകളും മറ്റു ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ ഒരു രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനായി എട്ട് ദിവസം മുമ്പാണ് ഇവർ കേരളത്തിൽ എത്തിയതെന്നാണ് സൂചന. എന്നാൽ, രാഷ്ട്രീയ നേതാവ് ആരെന്നോ ഇവർക്ക് ക്വട്ടേഷൻ നൽകിയ വ്യക്തി ആരെന്നോ ഇവർ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് വധഭീഷണിയുണ്ടെന്ന് വിവരം പുറത്ത് വന്നതിന്
തൊട്ടടുത്ത ദിവസം തന്നെയുള്ള ഈ സംഭവം പൊലീസ് ഗൗരവമായാണ് കാണുന്നത്. ആലുവ റൂറൽ എസ്.പി ഓഫീസിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നിരുന്നു. ഇന്ന് ഐ.ജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തി ഇവരെ വിശദമായി ചോദ്യം ചെയ്യും. മുനമ്പത്തുളള ഒരു ലോഡ്ജിൽ നിന്നുമാണ് ഗുണ്ടകളെ പൊലീസ് പിടികൂടിയത്.

പൊലീസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിനെയും സംഘം ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. ക്വട്ടേഷൻ ഏൽപ്പിച്ചവരുമായി പ്രതിഫലത്തെ ചൊല്ലിയുളള തർക്കങ്ങൾ നടക്കുന്നതിനിടെയാണ് ലോഡ്ജിൽ നിന്നും ഇവർ പിടിയിലാകുന്നത്.