കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ മോഷണം. നാല് കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. ഒരു കാണിക്കവഞ്ചി തകർക്കാനുള്ള ശ്രമം വിഫലമായി. എന്നാൽ മോഷ്ടാക്കൾക്ക് നാലമ്പലത്തിനുള്ളിൽ കടക്കാനായില്ല.പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും പ്രധാന കവാടത്തിൽ ഇരുവശങ്ങളിലായുള്ള രണ്ട് കാണിക്കവഞ്ചികളും കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്. അയ്യപ്പന്റെ നടയിലെ രണ്ട് കാണിക്കവഞ്ചികളിൽ ഒരെണ്ണവും കുത്തിത്തുറന്നിട്ടുണ്ട്. ഒരെണ്ണത്തിന്റെ താഴ് തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
എത്ര പണം നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച് നിഗമനത്തിലെത്തിയിട്ടില്ല. ശിവരാത്രി ഉത്സവത്തിന് ശേഷം കാണിക്കവഞ്ചി തുറന്നിട്ടില്ല. അതിനാൽ കൂടുതൽ പണം കാണിക്കവഞ്ചികളിൽ ഉണ്ടാകുമെന്നാണ് നിഗമനം. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ശ്രീകുമാർ, കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുൺ, ഈസ്റ്റ് സി.ഐ നിർമ്മൽ ബോസ് തുടങ്ങിയവർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ ചിത്രങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അവ്യക്തമാണ്. ക്ഷേത്രമോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
വിവരമറിഞ്ഞ് പുലർച്ചെ തന്നെ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.