ചേരികൾ വളരുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല. നാണക്കേടുമാണ്. അതുകൊണ്ടാണല്ലോ ട്രംപ് വന്നപ്പോൾ മതിൽ കെട്ടി നാം നമ്മുടെ ദാരിദ്ര്യം മറയ്ക്കാൻ ശ്രമിച്ചത്. ഇന്ത്യയിൽ ചേരി നിവാസികളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്.
ഭവനരഹിതരില്ലാത്ത രാജ്യം സ്വപ്നം കാണുമ്പോഴും 2011 ലെ സെൻസസ് പ്രകാരം 2.65 കോടി വീടുകളുടെ അപര്യാപ്തത രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെട്ടത്. 7.8 കോടി ജനങ്ങൾ ഇന്ത്യയിലെ ചേരികളിൽ കഴിയുന്നുവെന്നും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചേരിനിവാസികളുടെ എണ്ണം ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ ആകെ ചേരിനിവാസികളിൽ 17 ശതമാനം പേർ ഇന്ത്യയിലാണ്. ഇവർ ബ്രിട്ടന്റെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ്. 2011ലെ സെൻസസ് പ്രകാരം 76 ലക്ഷം കുട്ടികൾ ഇന്ത്യയിലെ ചേരികളിൽ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. അതിവേഗം വളരുന്ന ഇന്ത്യൻ നഗരങ്ങളിലെ എട്ടിൽ ഒരു കുട്ടി ചേരിയിൽ വളരുന്നു എന്ന് പറയുമ്പോൾ, ഭാവിയുടെ ഇന്ത്യ എത്രമാത്രം ആരോഗ്യവും പോഷകാഹാരവും വിദ്യാഭ്യാസവും നൈപുണ്യങ്ങളും ആർജിക്കേണ്ടതുണ്ട് എന്ന് അനുമാനിക്കാം.
ഭവനരഹിതരുള്ള
രണ്ടാമത്തെ രാജ്യം
ലോകത്ത് ഏറ്റവുമധികം ഭവനരഹിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2019ലെ കണക്കനുസരിച്ച് നൈജീരിയ ഒന്നാം സ്ഥാനത്തു വന്നു. വീടില്ലാത്ത എത്ര പേർ ഇന്ത്യയിലുണ്ട്? യഥാർത്ഥ കണക്കുകൾ എങ്ങും ലഭ്യമല്ല. സാമ്പത്തിക വളർച്ചയുടെ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ 130-ൽപ്പരം കോടി ജനസംഖ്യയിൽ 21.9 ശതമാനം പേർ ഇപ്പോഴും ദരിദ്രരാണ്. പോവർട്ടി റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 118. ദാരിദ്ര്യത്തിന്റെ കണക്കുകൾ ഏതാണ്ട് ലഭ്യമാണെങ്കിലും ദാരിദ്ര്യത്തിന്റെ ഇരകളായ ഭവനരഹിതരുടെ കൃത്യമായ എണ്ണം കണക്കാക്കിയിട്ടില്ല. ഒരു ഉദാഹരണം നോക്കാം. 2011ലെ സെൻസസ് പ്രകാരം ഡൽഹിയിൽ മാത്രം 46727 പേരാണ് ഭവനരഹിതരായി ഉണ്ടായിരുന്നത്. എന്നാൽ ഇന്തോ - ഗ്ളോബൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കണക്കെടുപ്പിൽ അത് 88410 ഉം, ഡൽഹി ഡെവലപ്മെന്റ് അതോറിട്ടിയുടെ കണക്കിൽ 150,000 ഉം ആയിരുന്നു. അങ്ങനെ നോക്കുമ്പോൾ ഔദ്യോഗികമായി ലഭ്യമായ കണക്കുകൾക്കും എത്രയോ കൂടുതലാണ് യാഥാർത്ഥ്യം എന്ന് മനസിലാക്കാം.
ഭവന രഹിതരുടെ
എണ്ണം മുകളിലേക്ക്
ഇന്ത്യയിലെ ഭവന രഹിതരുടെ എണ്ണം കഴിഞ്ഞ 6 പതിറ്റാണ്ടുകളിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ മുകളിലേക്ക് തന്നെയാണ്. (പട്ടിക 1 നോക്കുക) 2011ൽ 26.5 ദശലക്ഷം ഭവനങ്ങളുടെ അപര്യാപ്തത കേന്ദ്ര സർക്കാർ കണക്കാക്കി. അതിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്രയിൽ 11.5 ദശലക്ഷം പേർ ചേരി നിവാസികളാണ്. കേരളത്തിലാകട്ടെ 5.4 ലക്ഷം വീടുകളുടെ അപര്യാപ്തതയാണ് 2012ൽ കണക്കാക്കിയിട്ടുള്ളത്. (Ministry of Rural Development Annual Report)
ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന ഭവന രഹിതർ എവിടെ ജീവിക്കുന്നു എന്നതാണ് പ്രസക്തമായ വിഷയം. സംശയം വേണ്ട. ഭവനരഹിതർ ഭൂരിഭാഗവും ചേരികളിലാണ് ചേക്കേറുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 90 കോടി ആളുകൾ ഇന്ന് ചേരികളിൽ താമസിക്കുന്നുണ്ട്. പലതരം അനൗപചാരിക വാസസ്ഥലങ്ങൾ ഉൾപ്പെടെ നോക്കുമ്പോൾ ഈ സംഖ്യ ഏകദേശം 160 കോടിയോളം വരും.
പട്ടിക 1
ഇന്ത്യയിലെ വീടുകളുടെ അപര്യാപ്തത (എണ്ണം ദശലക്ഷത്തിൽ)
വർഷം ഗ്രാമം നഗരം ആകെ
1951 6.5 2.5 9.0
1961 11.6 3.6 15.2
1971 11.6 3.0 14.6
1981 16.3 7.0 23.3
1991 14.6 8.2 22.8
2001 13.5 8.9 22.4
2011 17.4 9.1 26.5
ഇന്ത്യയിലെ
ഭവന പദ്ധതികൾ
വിവിധ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന് കീഴിൽ കാലഘട്ടങ്ങളായി നടന്നുവരുന്നുണ്ട്. അതിൽ എടുത്തുപറയേണ്ടതാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). 2022-ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൻ കീഴിൽ 2021 അവസാനത്തോടെ 1.12 കോടി വീടുകൾ നിർമ്മിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിൽ 53.4 ലക്ഷം വീടുകളുടെ പണികൾ ആരംഭിക്കുകയും 27.17 ലക്ഷത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.
കേരളം മാതൃക
രണ്ട് ലക്ഷത്തോളം വീടുകളിൽ പാലു കാച്ചിയപ്പോൾ കേരളം ലൈഫ് മിഷനിലൂടെ ഇന്ത്യയ്ക്ക് മാതൃകയായി മാറുകയായിരുന്നു. പദ്ധതി സമയബന്ധിതമായി നടപ്പാക്കിയതിൽ കാണിച്ച ആർജ്ജവമാണ് കേരളത്തെ വേറിട്ടതാക്കിയത്.
കേരളത്തിന്റെ ലൈഫ് മിഷൻ രാജ്യത്തിനാകെ മാതൃകയാകണം. ലൈഫ് പദ്ധതിയെ വിമർശിക്കുന്നവരും, അത് ഒട്ടേറെ പദ്ധതികളുടെ സംയോജനം മാത്രമെന്നും കേരളത്തിന്റെ തനതായ പദ്ധതിയല്ലെന്നും വിവാദം സൃഷ്ടിക്കുന്നവരും ഒന്നോർക്കുക - ഈ സംയോജനമാണ് ഒത്തൊരുമിച്ചുള്ള നടത്തിപ്പും ധനസമാഹരണവുമാണ് 'ഭരണമികവ്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ സംയോജനമെന്തേ, രാജ്യത്താകെ നടപ്പാക്കാൻ കഴിയാതെ പോകുന്നത്.
(തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജ്, സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറാണ് ലേഖകൻ)