സഭയിൽ മാന്യമല്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ ഏഴ് കോൺഗ്രസ് മെമ്പർമാരെ ഈ സമ്മേളന കാലാവധി തീരും വരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബഹളവും അഴിഞ്ഞാട്ടവും അടികലശലുമൊക്കെ പതിവായ പാർലമെന്റിൽ ഇത്തരത്തിലൊരു കടുത്ത ശിക്ഷാനടപടി വളരെ അപൂർവമാണെന്നു പറയാം. സസ്പെൻഡ് ചെയ്യപ്പെട്ട ഏഴുപേരിൽ നാലുപേർ മലയാളികളാണ്. അവരിൽ ടി.എൻ. പ്രതാപൻ മുമ്പും സസ്പെൻഷൻ ഏറ്റുവാങ്ങിയിട്ടുള്ളയാളാണ്. സഭയിൽ ബാനറുമായി എത്തി ബഹളം വച്ചതിന്റെ പേരിലായിരുന്നു അത്. വ്യാഴാഴ്ച സഭാദ്ധ്യക്ഷനു നേരെ കടലാസ് ചുരുട്ടിയെറിയുകയും തുടർച്ചയായി ബഹളം വച്ച് സഭാ നടപടികൾ തടസപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ. പ്രതാപനൊപ്പം ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് സസ്പെൻഷനു വിധേയരായവർ.
ഡൽഹിയിൽ ഈയിടെ നടന്ന കലാപത്തെച്ചൊല്ലി ലോക്സഭാ നടപടികൾ കഴിഞ്ഞ നാലുദിവസവും തുടർച്ചയായി മുടങ്ങിയിരുന്നു. കലാപത്തെക്കുറിച്ച് സഭ ഉടനടി ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന്റെ പേരിലാണ് പ്രതിപക്ഷ ബഹളം. ഹോളി കഴിഞ്ഞ് ഈ മാസം 11-നു ചർച്ചയാകാമെന്ന നിലപാടിലാണ് സർക്കാർ. അതാകട്ടെ പ്രതിപക്ഷത്തിനു സ്വീകാര്യവുമല്ല. ബഡ്ജറ്റ് സമ്മേളനം പുനരാരംഭിച്ച സഭയ്ക്ക് ഇതുവരെ കാര്യമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്നും രാവിലെ 11-ന് കൃത്യമായി സമ്മേളിക്കുന്ന സഭ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പലകുറി നിറുത്തിവയ്ക്കേണ്ടി വരുന്നു. ഇടയ്ക്ക് അല്പസമയം എന്തെങ്കിലും നടന്നെങ്കിലായി. വിട്ടുവീഴ്ചയ്ക്ക് ഇരുപക്ഷവും തയ്യാറല്ലാത്തതിനാൽ എല്ലാ ദിവസവും അജണ്ടയനുസരിച്ചുള്ള നടപടികളിലേക്കു കടക്കാനാവാതെ സഭ പിരിയുകയാണു ചെയ്യുന്നത്. ആർക്കും അതിൽ തെല്ലുപോലും ഖേദവുമില്ല.
പാർലമെന്റ് സമ്മേളനത്തിനുവേണ്ടി പൊതുഖജനാവിൽ നിന്നു ചെലവഴിക്കേണ്ടിവരുന്ന പണത്തിന്റെ കണക്ക് ഇടയ്ക്കിടെ കാണാറുണ്ട്. ഒരു മിനിട്ടിനു പോലും ഭാരിച്ച ചെലവാണുള്ളത്. എന്നാൽ നിസാര പ്രശ്നം മുൻനിറുത്തിപ്പോലും സഭ അടിച്ചു കലക്കാൻ യാതൊരു മടിയുമില്ലാത്തവരുടെ തന്ത്രങ്ങളാണ് എപ്പോഴും വിജയിക്കുന്നത്. പാർലമെന്റിൽ മാത്രമല്ല സംസ്ഥാന നിയമസഭകളിലും ഇതൊക്കെത്തന്നെയാണു സ്ഥിതി. നിയമ നിർമ്മാണങ്ങളുൾപ്പെടെ സഭയുടെ മുന്നിൽ വരുന്ന ഔദ്യോഗിക വിഷയങ്ങളിൽ അംഗങ്ങൾക്കുള്ള താത്പര്യം കുറഞ്ഞുവരികയാണ്. മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന കാര്യങ്ങളിലാണ് അവർക്കു താത്പര്യം.
ചോദ്യങ്ങൾ ചോദിക്കാനും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രമേയം കൊണ്ടുവരാനും ബിൽ ചർച്ചകളിൽ പങ്കെടുക്കാനുമൊക്കെ ഒട്ടൊക്കെ അദ്ധ്വാനവും പഠനവും ആവശ്യമാണ്. ഇതൊക്കെ ഗൗരവപൂർവം കൈകാര്യം ചെയ്യുന്ന കുറച്ചുപേർ എല്ലാ സഭകളിലും കാണും. എന്നാൽ ഭൂരിപക്ഷത്തിനും താത്പര്യം സഭയിൽ എങ്ങനെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റാമെന്നാണ്. അതിന് പ്രത്യേകിച്ചു പഠനമോ വിവരശേഖരണമോ ഒന്നും വേണ്ടതാനും. നടുത്തളത്തിലിറങ്ങാനും ആക്രോശിക്കാനും കടലാസുകൾ കീറിയെറിഞ്ഞ് അന്തരീക്ഷം കനപ്പിക്കാനുമുള്ള വക ഭരണപക്ഷം എപ്പോഴും ഒരുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഭരണകക്ഷികളിലൊന്നായ ലോക് താന്ത്രിക് പാർട്ടിയിലെ ഒരംഗം കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും അപഹസിച്ചുകൊണ്ടു നടത്തിയ പരാമർശങ്ങളാണ് കോൺഗ്രസുകാരുടെ വൻ പ്രതിഷേധത്തിനിടയാക്കിയത്.
ഇറ്റലിയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ നിരവധി പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ സോണിയാ കുടുംബത്തെയും വൈറസ് പരിശോധനയ്ക്കു വിധേയമാക്കണമെന്നായിരുന്നു ലോക് താന്ത്രിക് പാർട്ടിക്കാരന്റെ വിടുവായത്തം. സഭാദ്ധ്യക്ഷൻ ഇടപെട്ട് പരാമർശങ്ങൾ ഉടനെ നീക്കം ചെയ്തിരുന്നുവെങ്കിൽ പിന്നീട് സഭയിൽ അരങ്ങേറിയ ബഹളവും സഭാസ്തംഭനവും ഒഴിവാക്കാമായിരുന്നു. എല്ലാം കഴിഞ്ഞ് സഭ മൂന്നുവട്ടം നിറുത്തിവച്ച ശേഷമാണ് അതുണ്ടായത്.
ലോക്സഭയിൽ ഭരണകക്ഷികൾക്കുള്ള വൻ ഭൂരിപക്ഷം പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള അവസരമാക്കുന്നുവെന്ന പരാതി ഉള്ളതാണ്. പാർലമെന്റിന്റെ ഓരോ സമ്മേളന ദിനവും പലകുറി സംഘർഷഭരിതമാകാൻ കാരണവും ഇതുതന്നെ. ജനകീയ സഭകളിൽ അംഗങ്ങൾ സഭ്യമായും മാന്യമായും പെരുമാറേണ്ടതിന്റെ പ്രാധാന്യം സഭാദ്ധ്യക്ഷന്മാരും ഉന്നത നേതാക്കളും കൂടക്കൂടെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ വിദ്വേഷ രാഷ്ട്രീയം പതിന്മടങ്ങു ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും അതൊന്നും ചെവിക്കൊള്ളാറില്ല.
നിയമനിർമ്മാണ സഭകളിൽ നടക്കാറുള്ള ബഹളവും പോർവിളികളുമല്ലാതെ അവശ്യം അറിയേണ്ട കാര്യങ്ങളൊന്നും ജനം പ്രായേണ അറിയാറില്ല. സുപ്രധാന നിയമനിർമ്മാണങ്ങൾ പോലും ചർച്ച കൂടാതെ ഞൊടിയിടയിലാണ് പാസാക്കപ്പെടുന്നത്. പാർലമെന്റിൽ ബഡ്ജറ്റ് ചർച്ചയായിട്ടും ഇതുവരെ ഒരു ദിവസം പോലും അതിനായി സമയം കണ്ടെത്താനായിട്ടില്ല. പൊതു താത്പര്യമുള്ള മറ്റു വിഷയങ്ങൾക്കും പരിഗണന ലഭിക്കുന്നില്ല. വെറുതേ ബഹളം വച്ച് ശിക്ഷാനടപടി ഏറ്റുവാങ്ങിയവർ തങ്ങളെ തിരഞ്ഞെടുത്തയച്ച വോട്ടർമാരെ എല്ലാ അർത്ഥത്തിലും വഞ്ചിക്കുകയാണു ചെയ്യുന്നത്. സഭയിൽ എത്രവട്ടം ബഹളമുണ്ടാക്കി എന്നതായിരിക്കരുത് ഒരു ജനപ്രതിനിധിയുടെ മേന്മ അളക്കാനുള്ള അളവുകോൽ. സഭയിൽ സജീവമായും ക്രിയാത്മകമായും എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചാകണം പ്രവർത്തന മികവ്.