malayinkil

മലയിൻകീഴ്: ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും വാട്ടർ അതോറിട്ടിയ്ക്ക് വെള്ളം പാഴാകുന്നത് നിയന്ത്രിക്കാനാകുന്നില്ലെന്ന് പരാതി. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനം പരക്കം പായുകയാണ്. എന്നാൽ ഈ പഞ്ചായത്ത് പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നുമുണ്ട്. മലയിൻകീഴ് പൊതുമാർക്കറ്റിന് മുന്നിലുള്ള ഓടയിലൂടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇക്കാര്യം വാട്ടർ അതോറിട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പൈപ്പ് പൊട്ടലിന് പരിഹാരമായിട്ടില്ല. മലയിൻകീഴ് ഗവൺമെന്റ് ഐ.ടി.ഐ.യ്ക്ക് സമീപത്തെ റോഡിൽ പൈപ്പ് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ഈ രണ്ട് സ്ഥലങ്ങളിലും പ്രധാന പൈപ്പാണ് പൊട്ടിയിട്ടുള്ളത്. അതിനാൽ പാഴാകുന്ന വെള്ളത്തിന്റെ അളവ് നിശ്ചയിക്കാനാകില്ല. മലയിൻകീഴ്-പാപ്പനംകോട് റോഡിൽ ഗ്രാമപഞ്ചായത്ത് ആഫീസിന് സമീപത്തും പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം പാഴായിട്ടുണ്ട്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനാൽ സമീപ സ്ഥലങ്ങളിൽ വെള്ളം കിട്ടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലൂടെ കുടിവെള്ളം ഒഴുകുന്ന വിവരം വാട്ടർ അതോറിട്ടിയെ അറിയിച്ചാലും അവർ തിരിഞ്ഞ് നോക്കാറില്ല. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധംറോഡിലൂടെ വൈള്ളം പായുകയാണ്. കിണറുകളും മറ്റ് ജലസ്രോതസുകളും കടുത്ത വേനലിനെ തുടർന്ന് വറ്റിയതോടെ പെെപ്പ് വെള്ളത്തെയാണ് ഗ്രാമവാസികൾ പ്രധാനമായും ആശ്രയിക്കുന്നത്.

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണ മെന്ന ആവശ്യം ശക്തമാണ്.

 പൊതുമാർക്കറ്റിന് മുന്നിലെ ഓടയിലൂടെ പൈപ്പ് പൊട്ടി വെള്ളംഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി.

 ഗവ. ഐ.ടി.ഐ.യ്ക്ക് സമീപത്തെ റോഡിൽ പൈപ്പ് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു

 മലയിൻകീഴ് സ്ക്കൂളിന് സമീപത്തും പൈപ്പുകളുടെ സ്ഥിതി വിഭിന്നമല്ല

 കുടിവെള്ളം ക്ഷാമം ഇവിടെ

പാലോട്ടുവിള, ശാന്തുമൂല, ആൽത്തറ, വിളവൂർക്കൽ, മലയം

വിളവൂർക്കൽ പഞ്ചായത്തിൽ ചൂഴാറ്റുകോട്ട പമ്പ് ഹൗസിൽ നിന്ന് കുടിവെള്ളം സ്ഥിരമായി ഗുണഭോക്താക്കൾക്ക് കിട്ടാറേയില്ല. എന്നാൽ ഇവിടെ നിന്നും ടാങ്കർ ലോറികളിൽ വെള്ളം വില്പനനടത്തുന്നുണ്ട്. മങ്കാട്ടുകടവ് പമ്പിംഗ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളത്തിന് നിറവ്യത്യാസവുമുണ്ട്. ഭക്ഷണത്തിനായി ഈ വെള്ളം ഉപയോഗിക്കാൻ കവിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മാറനല്ലൂർ പഞ്ചാത്തിൽ ആഴ്ചയിലൊരിക്കൽ പോലും പൈപ്പ് വെള്ളം കിട്ടുന്നില്ല. വിളപ്പിൽ പഞ്ചായത്തിൽ വെള്ളെക്കടവ് പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം നൽകാറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാറേയില്ല.താഴ് ഭാഗത്തെത്തി പൊതു പൈപ്പിലൂടെ കുടി വെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

 ഗ്രാമപ്രദേശങ്ങളിൽ പൈപ്പ് വെള്ളം മുടങ്ങാതെ ലഭ്യമാകുന്നതിന് വാട്ടർ അതോറിട്ടി അധികൃതരുമായി ചർച്ച നടത്തും. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മാറ്റ് നിയോജക മണ്ഡലങ്ങളെ അപേക്ഷിച്ച് കാട്ടാക്കട മണ്ഡലത്തിൽ കുടിവെള്ളം ക്ഷാമം പൊതുവേ കുറവാണ്.വറ്റാത്ത നീരുറവ പദ്ധതി വിജയം കണ്ടതാണ് ഇതിന് കാരണം.

ഐ.ബി. സതീഷ്.എം.എൽ.എ