തിരുവനന്തപുരം: ഗതാഗത സ്തംഭനം ഉണ്ടാകുന്ന വിധത്തിൽ തലസ്ഥാനത്ത് ബുധനാഴ്ച മിന്നൽ പണിമുടക്ക് നടത്തിയവരെ സംരക്ഷിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമയം തെറ്റിച്ച സ്വകാര്യബസിന്റെ പെർമിറ്റ് റദ്ദാക്കും.
ജില്ലാ കളക്ടറുടെയും കെ.എസ്.ആർ.ടി.സി എം.ഡിയുടെയും അന്തിമ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെയുള്ള നടപടി. ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും.
മിന്നൽ പണിമുടക്കിന് ന്യായീകരണമില്ല. അതു ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. ഗതാഗത സ്തംഭനം ഉണ്ടാക്കിയതിനും ഒരാൾ ചികിത്സ കിട്ടാതെ മരിച്ചതിനും മറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടി തുടരും. തൊഴിലാളികൾക്ക് പണിമുടക്കാൻ അവകാശമുണ്ട്. അവരോടിച്ചിരുന്ന ബസുകൾ സ്റ്റാൻഡിൽ എത്തിച്ചശേഷം പണിമുടക്കിയെങ്കിൽ സ്തംഭനമോ മരണമോ ഉണ്ടാകില്ലായിരുന്നു. ഇതിനെതിരെ നിയമ നടപടിയെടുക്കാൻ കണ്ടെത്തലുകൾ ആവശ്യമില്ല.
'എസ്മ'യെ അനുകൂലിക്കുന്നില്ല. മുമ്പും കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിട്ട് മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കോടതി നിർദേശിച്ചിരുന്നു. പിഴ ഈടാക്കേണ്ടതില്ല എന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. ആ കോടതി ഉത്തരവ് നിലനിൽക്കുന്നു. അതുമായി എങ്ങനെ മുന്നോട്ടു പോകണമെന്ന് അന്തിമ റിപ്പോർട്ട് പരിഗണിച്ചശേഷമേ പറയാൻ കഴിയൂ- മന്ത്രി വ്യക്തമാക്കി.
'അത് ശരിയാണ് '
സംഘർഷം ഉണ്ടായതറിഞ്ഞ് മന്ത്രി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നുവെങ്കിൽ സ്ഥിതി ഇത്രത്തോളം വഷളാകില്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് 'അത് ഉപരിപ്ളവമായി പറയുമ്പോൾ ശരിയാണ് ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
സർക്കാരിന്റെ അറിവോടെയാണ് ഉദ്യോഗസ്ഥരെ അയച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ പ്രശ്നം കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസും തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. തനിക്ക് നിയമസഭയിൽ തുടരേണ്ട സാഹചര്യമായിരുന്നു.
ഫോർട്ട് സ്റ്റേഷനു തൊട്ടപ്പുറത്ത് കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുണ്ടായിരുന്ന എം.ഡിയും എത്തിയില്ലല്ലോ? എന്ന ചോദ്യം ഉയർന്നു. എം.ഡി നേരിട്ട് എത്തണമെന്നില്ലല്ലോ എന്ന് മന്ത്രിയുടെ മറുപടി. മുൻപ് ഇത്തരം സാഹചര്യം ഉണ്ടായപ്പോൾ എം.ഡിമാർ എത്തിയിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മന്ത്രി മറുപടി പറഞ്ഞില്ല.
ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.ശ്രീലേഖ, ജോയിന്റ് കമ്മിഷണർ രാജീവ് പുത്തലത്ത് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.