പ്രാഥമിക ചികിത്സ ലഭ്യമാക്കിയ രഞ്ജുവെന്ന നഴ്സ് സമൂഹമൊന്നാകെ പ്രശംസിക്കുകയാണ്. ഹൃദയാഘാതം സംഭവിച്ചുകഴിഞ്ഞാൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു തുരുത്താണ് സി.പി.ആർ എന്നചികിത്സാരീതി. പക്ഷേ അത് എപ്പോൾ എങ്ങനെ നൽകണമെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം.
തലസ്ഥാനത്ത് ഉണ്ടായ കെ.എസ്.ആർ.ടി ബസുകളുടെ മിന്നൽ പണിമുടക്കിനിടെ യാത്രക്കാരനായ സുരേന്ദ്രൻ ഹൃദയാഘാതം കാരണം മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തിന് നാട് സാക്ഷിയായതോടെ കാർഡിയോ പൾമോണറി റീസെസറ്റേഷൻ (സി.പി.ആർ) എന്ന പ്രാഥമിക ചികിത്സാരീതിയെ പറ്രി ചർച്ചകൾ നടന്നു.
ആശുപത്രികളിൽ യന്ത്രസഹായത്തോടെ നൽകുന്ന അഡ്വാൻസ്ഡ് കാർഡിയാക് സപ്പോർട്ടിന്റെ ഭാഗമാണ് സി.പി.ആർ .എന്നാൽ പൊതുസ്ഥലങ്ങളിൽ ഹൃദയത്തെ കൃത്രിമമായി പ്രവർത്തിപ്പിക്കുന്ന സി.പി.ആർ മാത്രമാണ് ഏക പോം വഴി. പൊതുസ്ഥലത്ത് വച്ചു നൽകുന്ന ഈ പ്രഥമശുശ്രൂഷ ലേ മാൻ സി.പി.ആർ (layman cpr) എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ആൻഡ് കോ-ഓർഡിനേറ്റർ ഡോ.പ്രവീൺഎസ്.വി സംസാരിക്കുന്നു.
സി.പി.ആർ എന്ത്, എങ്ങനെ ?
ഹൃദയ സ്തംഭനം സംഭവിച്ച് ഒരാൾ കുഴഞ്ഞു വീണാൽ ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഹൃദയമിടിപ്പ് നിലനിറുത്താനുള്ള പ്രാഥമിക ചികിത്സയാണ് സി.പി.ആർ. തലച്ചോറിലേക്കും മറ്റുഭാഗങ്ങളിലേക്കുമുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. കുഴഞ്ഞു വീണയാളെ മലർത്തികിടത്തി നെഞ്ചിന്റെ ഇടതുഭാഗത്ത് ഒരുകൈവച്ച് അതിന് മുകളിലായി മറ്റൊന്ന് വച്ച് താഴേക്കും മുകളിലേക്കും ശക്തമായി അമർത്തുന്നതാണ് രീതി. സി.പി.ആർ ചെയ്യുന്ന അത്രയും സമയം രക്ത ഓട്ടം സാദ്ധ്യമാകും.
ആദ്യത്തെ ആ മൂന്ന് മിനിട്ട് ?
ഹൃദയസ്തംഭനം സംഭവിച്ചു കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മിനിട്ടിനുള്ളിൽ സി.പി.ആർ നൽകി തുടങ്ങണം. പൾസ് നോക്കി ഹൃദയാഘാതമാണെന്ന് ഉറപ്പുവരുത്താനാണ് മൂന്ന് മിനിട്ട് സമയം .അത് കഴിഞ്ഞുള്ള ഓരോ നിമിഷവും നിർണായകമാണ്. ലേ മാൻ സി.പി.ആർ നൽകുന്നത് ആശുപത്രിയിലെത്തിക്കുന്നത് വരെ തുടരണം. ചെറിയമാറ്രം കണ്ടുതുടങ്ങിയാൽ നിറുത്തരുത്. അത് ജീവനെ ബാധിക്കും. ഡോക്ടർമാരുടെ കൈകളിൽ രോഗിയെ എത്തിക്കുന്നത് വരെ ദൗത്യം തുടരണം.
സി.പി.ആർ ഫലപ്രദമോ ?
ഹൃദയാഘാതം സംഭവിച്ചയാൾക്ക് സി.പി.ആർ നൽകിയാൽ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ സാധിക്കും. ഹൃദയത്തിന്റെ സ്വാഭാവികമായ പ്രവർത്തനം നിലച്ചുപോകുന്ന നിർണായകമായ നിമിഷത്തിൽ അതിനെ കൃത്രിമമായി പ്രവർത്തിപ്പിച്ചില്ലെങ്കിൽ മരണം ഉറപ്പാണ്. ആശുപത്രിയിൽ എത്തിച്ച ശേഷം ഹൃദയാഘാതത്തിന്റെ സ്വഭാവവും തീവ്രതയും മനസിലാക്കി ഡോക്ടർമാർ തുടർ ചികിത്സ ലഭ്യമാക്കും.
പരിശീലനം അനിവാര്യം ?
ലേ മാൻ സി.പി.ആർ നൽകാൻ പൊതുജനങ്ങളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന പൊലീസുകാർ, മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമായും ഇത് പരിശീലിക്കണം. വിദേശരാജ്യങ്ങളിൽ ഇത് നിർബന്ധമാണ്. ആൾക്കൂട്ടത്തിനിടെയിൽ ആർക്കെങ്കിലും ഹൃദയാഘാതം സംഭവിച്ചാൽ ഒരാളെങ്കിലും സി.പി.ആർ നൽകാൻ അറിഞ്ഞിരിക്കണം.