പാലോട്: വേഷം കൃഷ്ണനും ഭീമനും തുടങ്ങി പുരാണ കഥാപാത്രാങ്ങൾ. വേദികളിൽ ചായങ്ങൾ പൂശി തങ്ങളുടെ വേഷം തകർത്താടുമ്പോൾ ആകെ ലക്ഷ്യം കിട്ടുന്ന പ്രതിഫലവുമായി എത്രയും പെട്ടന്ന് തങ്ങളുടെ വീട്ടിലെത്താനാണ്. ഒരു ഉത്സവ സീസണിൽ ഇവർക്ക് ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് കിടപ്പാടം പണിത വരും മക്കളുടെ വിവാഹം നടത്തിയവരും രോഗം ബാധിച്ച കുടുംബാംഗങ്ങൾക്ക് താങ്ങായവരും ഉണ്ട്. എന്നാൽ അന്നന്നത്തെ വരുമാനം കൊണ്ട് ചെലവുകൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരാണ് നൃത്ത നാടക സംഘങ്ങളിലെ കലാകാരന്മാർ. നന്ദിയോട്ടെ പതിനഞ്ചോളം പ്രൊഫഷണൽ നൃത്ത നാടക സമിതികൾ കൂടാതെ ചെറുഡാൻസ് സംഘങ്ങളും ഇവിടെയുണ്ട്. നവോദയ എന്ന പേരിൽ തുടങ്ങിയ സാംസ്കാരിക സംഘടനയാണ് നൃത്ത നാടകം എന്ന ആശയം ആദ്യം നടപ്പിലാക്കിയത്. ഉപജീവനത്തിന് പുറമെ കലയെ സ്നേഹിക്കുന്നവരായിരുന്നു ഇതിലെ പ്രധാനികൾ. എന്നാൽ ജനം ഡിജിറ്റൽ യുഗത്തിലേക്ക് വഴിമാറിയതോടെ നിത്യചെലവിനായി ഉത്സവ സീസണുകളെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പല നാടക സംഘടനകളും. ഇതിൽ ഉദാഹരമാണ് നവോദയ, കലാക്ഷേത്ര, ആർഷ, സരോവര തുടങ്ങിയ നൃത്തനടക ട്രൂപ്പുകൾ.
ജീവിത പ്രതീക്ഷകൾ മുഴുവൻ ഉത്സവ കാലത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് സർക്കാരിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നതാണ് സത്യം. നൃത്തനാടക വേദിയിൽ നിന്നും ചലച്ചിത്ര വേദികയ്യടക്കിയവരും ധാരാളമുണ്ട് നന്ദിയോട്ടെ ഗ്രാമപ്രദേശത്ത്. കലാകാരന്മാർക്ക് എന്തെങ്കിലും ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.