വക്കം: വേനൽ ചൂടിനെ അതിജീവിക്കാൻ പക്ഷികൾക്ക് കൂടും വെള്ളവും തിനയും ഒരുക്കി ഒരു സംഘം വിദ്യാർത്ഥികൾ. വേനൽ ചൂട് കനത്തതോടെ ഒരിറ്റ് വെള്ളം കിട്ടാതെ വഴിവക്കുകളിൽ ചത്തൊടുങ്ങിയ നിരവധി പക്ഷികളെ കണ്ട കീഴാറ്റിങ്ങൽ പ്രിയദർശിനി പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളാണ് പക്ഷികളെ സംരക്ഷിക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇതിനായി സ്കൂൾ പരിസരങ്ങളിൽ നിരവധി ചെറിയ ഊഞ്ഞാലുകളും, പക്ഷി കൂടും, മൺകലങ്ങൾ മരങ്ങളിൽ കെട്ടിവെച്ചും, പാത്രങ്ങളിൽ വെള്ളവും തിന്നയും നിറച്ചു വെച്ചുമാണ് പക്ഷികൾക്ക് വിശ്രമ താവളം ഒരുക്കിയത്. നിത്യവും വീടുകളിൽ നിന്ന് കുപ്പിയിൽ കിണർ വെള്ളം കൊണ്ട് വരാനും, തിന്നയും പയർ വർഗങ്ങൾ കൊണ്ട് വരാനും നിത്യവും ഒാരോ ക്ലാസുകാർക്ക് ചുമതലയും നൽകി. മദ്ധ്യവേനലവധിക്കാലത്ത് ഇതിനായി പരിസരവാസികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തി. ഇതിനെല്ലാം മേൽനോട്ടത്തിനായി സ്കൂൾ അദ്ധ്യാപകരും മറ്റ് സ്റ്റാഫുകളും രംഗത്തുണ്ട്.