സന്ദർശകനായെത്തിയ മദ്ധ്യവയസ്കൻ വീണ്ടും പറയുന്നു.
'മരണഭയം എനിക്ക് വളരെ ചെറുപ്പം മുതൽ ഉള്ളതാണ്. ഇൗയിടെ ബി.പി കൂടിയപ്പോൾ ഭയത്തിന്റെ ശക്തി ഒന്നുകൂടി കൂടിയെന്ന് മാത്രം. എന്താണ് മരണശേഷം സംഭവിക്കുക?
'അതെനിക്കറിയില്ല. ആകട്ടെ. ഇപ്പോഴുള്ള നിങ്ങളടെ സ്ഥിതി എങ്ങനെയുള്ളതാണെന്നറിയാമോ?
'അറിയാമല്ലോ. വെറും മണ്ണ്, വെള്ളം, അഗ്നി, വായു, ആകാശം എന്നിവയും പിന്നെ ഒരു ബോധവും മാത്രം."
'അപ്പോൾ മരണശേഷം എന്തെന്നുള്ളതിന്റെ ഉത്തരം എളുപ്പമായി. നിങ്ങളിലെ മണ്ണിന്റെ അംശം ആകെ മണ്ണിൽ ലയിക്കും. വെള്ളം ആകെ വെള്ളത്തിലും. തീ ആകെ തീയിലും. വായു ആകെ വായുവിലും. ആകാശം മഹാകാശത്തിലും ലയിക്കും. ബോധമാകട്ടെ സകലതിനെയും ഉൾക്കൊള്ളുന്ന ബോധത്തിലും എന്നുപറഞ്ഞാൽ, വ്യക്തിസത്ത സമസ്തസത്തയിൽ ലയിക്കും."
'ആ വ്യക്തി തിരിയെ ജനിക്കുമോ"
'സമസ്തമായ സത്തയിൽ നിന്നാണല്ലോ എല്ലാ വ്യക്തിസത്തകളും വെളിപ്പെട്ടവരുന്നത്. എപ്പോഴും പുതിയ പുതിയ വ്യക്തിസത്തകളെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നതും സമസ്തസത്തയുടെ സ്വഭാവമാണ്. തിരകളിളകുന്നത് കടലിൽ നിരന്തരം നടന്നുകൊണ്ടിരിക്കും. അതുപോലെ."
'എന്റെ ചോദ്യം ഞാൻ മരിച്ചാൽ ഞാൻ തന്നെ തിരിയെ ജനിക്കുമോ എന്നാണ്."
'അത് ദൈവത്തിന്റെ സൃഷ്ടിരഹസ്യമറിയാൻ ദൈവസൃഷ്ടിതന്നെയായ മനുഷ്യൻ ശ്രമിക്കുന്നതിന് തുല്യമാണ്."
'നമ്മൾ ചെയ്യുന്ന കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് നമ്മൾ വീണ്ടും ജനിക്കുമെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു. ഹിന്ദുമതവും അതുതന്നെ പഠിപ്പിക്കുന്നു."
'അതെനിക്കുമറിയാം. എന്നാൽ അതൊക്കെ ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. പക്ഷേ നിങ്ങൾക്ക് കർമ്മമുണ്ടോ?"
'ഉണ്ടല്ലോ ഞാൻ ചെയ്യുന്നതെല്ലാം എന്റെ കർമ്മങ്ങളല്ലേ?"
'നിങ്ങൾക്ക് കർമ്മം ചെയ്യാനുള്ള ശേഷി എങ്ങനെയുണ്ടായി? നിങ്ങളുണ്ടാക്കിയതാണോ. പ്രകൃതിയുടെ ഭാഗമാണോ?"
'പ്രകൃതിയുടെ ഭാഗമാണ്."
'അപ്പോൾ കർമ്മം ചെയ്യന്നത് നിങ്ങളോ പ്രകൃതിയോ? നിങ്ങൾപോലും പ്രകൃതിയുടെ ഭാഗമാണ്. അപ്പോൾ നിങ്ങളുടെ കർമ്മങ്ങളും പ്രകൃതിയുടെ ഭാഗം. നിങ്ങൾക്ക് കർമ്മമില്ലെങ്കിൽ കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് പുനർജനിക്കാനിടയാകുന്നതെങ്ങനെ? അതല്ല, നിങ്ങൾക്ക് കർമ്മമുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾതന്നെ വീണ്ടും ജനിക്കുകയും ചെയ്യും."