ബാലരാമപുരം: ഗ്രാമീണറോഡുകളുടെ പുനഃരുദ്ധാരണം വൈകുന്നതുകാരണം പ്രദേശത്തെ ജനങ്ങൾ വലയുന്നതായി പരാതി. കരമന- കളിയിക്കാവിള രോഡ് വികസനത്തിന്റെ ഭാഗമായി ബൈറോഡുകൾ വഴി വാഹനം വഴി തിരിച്ചുവിടുന്നതാണ് ഗ്രാമീണരോഡുകളുടെ പുനഃരുദ്ധാരണം നീളാൻ കാരമമെന്നാണ് പരാതി. നിലവിൽ ചാനൽപ്പാലം- റസൽപുരം റോഡ് പൂർണമായും തകർന്ന നിലയിലാണ്. പ്രാവച്ചമ്പലം, നരുവാമൂട്, മുക്കമ്പലമൂട്, എരുത്താവൂർ വഴിയുള്ള വാഹനം നെയ്യാറ്റിൻകരയിലേക്ക് തിരിച്ചുവിടുന്നത് ചാനൽപ്പാലം - റസ|പുരം റോഡ് വഴിയാണ്. കേരള, തമിഴ്നാട്, കർണ്ണാടക തുടങ്ങിയിടങ്ങളിലെ സർക്കാർ- പ്രൈവറ്റ് സർവീസുകൾ ചാനൽപ്പാലം വഴിയാണ് പോകുന്നത്. ഒരാഴ്ച് മുമ്പ് റസ്സൽപ്പുരം ജംഗ്ഷനിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിടിച്ച് ചെങ്ങന്നൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഒരു മാസം മുമ്പ് ചാനൽപ്പാലം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ അകലെ ബൈക്ക് യാത്രക്കാരൻ കനാലിലേക്ക് തെന്നിവീണു. ഇങ്ങനെ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ചാനൽപ്പാലം –റസൽപ്പുരം റോഡിൽ നിത്യേന സംഭവിക്കുന്നത്.
ചാനൽപ്പാലം- റസൽപുരം റോഡ് പൂർണമായും തകർന്നു
അന്യസംസ്ഥാന സർവീസ് ബസുകളുടെ യാത്ര ഇടുങ്ങിയ ഈ റോഡ് വഴി
ഫണ്ട് അനുവദിച്ചു
മരാമത്ത് നെയ്യാറ്റിൻകര ഡിവിഷന്റെ കീഴിൽ കോവളം നിയോജക ണ്ഡലത്തിൽ ഉൾപ്പെട്ട തേമ്പാമുട്ടം- റസൽപ്പുരം റോഡ്, റസൽപുരം വണ്ടന്നൂർ റോഡ് എന്നിവയുടെ പുനഃരുദ്ധാരണത്തിന് തുക അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് കൈമാറി കരാറുകാർക്ക് ഇതിനോടകം വർക്കും കൈമാറിയിട്ടുണ്ട്. തേമ്പാമുട്ടം മുതൽ റസൽപ്പുരം വരെ 400 മീറ്റർ ഭാഗമാണ് മെറ്റലിട്ട് ടാറിടുന്നത്.
പുനഃരുദ്ധാരണത്തിന് അനുവദിച്ചത്.
തേമ്പാമുട്ടം –റസൽപ്പുരം റോഡിന്...... 25 ലക്ഷം
റസൽപ്പുരം വണ്ടന്നൂർ റോഡിന്........ 10 ലക്ഷം
തടസം വാഹനഗതാഗതം
ദേശീയപാതവികസനത്തിന്റെ ഭാഗമായി വാഹനങ്ങൾ ചാനൽപ്പാലം റസൽപ്പുരം റോഡ് വഴി വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് റോഡിന്റെ പുന:രുദ്ധാരണത്തിന് വെല്ലുവിളിയായിമാറിയെന്ന് മരാമത്ത് അറിയിച്ചു. മെറ്റൽ സാമഗ്രികൾ ഇറക്കുവാനോ മറ്റ് നിർമ്മാണ ജോലികൾ തുടങ്ങുവാനോ സാധിക്കാത്ത അവസ്ഥയും. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് വാഹനഗതാഗതത്തിന് നിയന്ത്രണമെർപ്പെടുത്തിയാൽ മാത്രമേ റോഡിന്റെ പുന:രുദ്ധാരണം നടക്കുകയുള്ളൂവെന്നാണ് മരാമത്ത് അധികൃതർ പറയുന്നുത്.
തേമ്പാമുട്ടം –റസൽപ്പുരം റോഡിന്റെ നിർമ്മാണജോലികൾ ഫെബ്രുവരി അവസാനവാരം ആരംഭിക്കാനിരുന്നതാണ്. അടുത്തിടെ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് വാഹനഗതാഗതം പ്രാവച്ചമ്പലം നരുവാമൂട് എരുത്താവൂർ റസൽപ്പുരം വഴി ക്രമീകരിച്ചത്. ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം
ഗോഡ് വിൻ, മരാമത്ത് അസി.എൻജിനീയർ
ദേശീയപാത വഴിയുള്ള വാഹനങ്ങൾ ചാനൽപ്പാലം –റസൽപ്പുരം റോഡ് വഴി കടത്തിവിടുന്നത് കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. മേലുദ്ധ്യോഗസ്ഥരുമായി കൂടിയാലോചിച്ച് മാത്രമേ ഗതാഗതനിയന്ത്രണം വരുത്തുന്ന കാര്യത്തിൽ നടപടി കൈക്കൊള്ളാൻ സാധിക്കൂ. റോഡിന്റെ പുന:രുദ്ധാരണത്തിന് വാഹനക്രമീകരണം ഏർപ്പെടുത്താൻ സാദ്ധ്യമായ നടപടി മരാമത്തുമായി ചേർന്ന് എത്രയും വേഗം സ്വീകരിക്കും.
ധനപാലൻ, നരുവാമൂട് സി.ഐ