udf

തിരുവനന്തപുരം: കുട്ടനാട് സീറ്റിൽ യു.ഡി.എഫിൽ നിന്ന് ഏത് കക്ഷി മത്സരിക്കണമെന്നതിൽ അന്തിമ തീരുമാനം ഈ മാസം 10ന് കൈക്കൊള്ളാൻ ഉഭയകക്ഷി ചർച്ചകളിൽ ധാരണ.

ഇന്നലെ കേരള കോൺഗ്രസ്- ജോസ്, ജോസഫ് പക്ഷങ്ങളുമായി വെവ്വേറെ നടത്തിയ ചർച്ചയിൽ ഇരുപക്ഷവും അവകാശവാദങ്ങളിൽ ഉറച്ചുനിന്നെങ്കിലും ,കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് സീറ്റെന്ന് സമ്മതിച്ചുള്ള സമവായ ഫോർമുലയ്ക്കാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നതെന്നറിയുന്നു. ജയസാദ്ധ്യതയ്ക്കാവണം മുൻതൂക്കമെന്നും, അതിന് വിട്ടുവീഴ്ച വേണ്ടിവരുമെന്നുമുള്ള സൂചന മുന്നണി നേതൃത്വം നൽകി. മുന്നണിയെ പ്രതികൂലമായി ബാധിക്കുന്നതൊന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് അവരും അറിയിച്ചു. പകരം മറ്റൊരു സീറ്റ് ജോസഫ് പക്ഷത്തിന് വാഗ്ദാനം ചെയ്ത് കുട്ടനാട് കോൺഗ്രസ് ഏറ്റെടുക്കണോ ജോസഫിന് തന്നെ നൽകണോ എന്നതിലാണ് ചൊവ്വാഴ്ച ധാരണയിലെത്തേണ്ടത്. കഴിഞ്ഞ തവണ മത്സരിച്ചത് ജോസഫിന്റെ ആൾക്കാരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായാണ് ചർച്ച നടത്തിയത്. ഇന്നലെ ആദ്യം ജോസ് വിഭാഗവുമായിട്ടായിരുന്നു ചർച്ച. 2006ൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഡി.ഐ.സിക്കാണ് കുട്ടനാട് നൽകിയതെന്നും അവരുടെ സ്ഥാനാർത്ഥിയായിരുന്നു അന്ന് തോമസ് ചാണ്ടിയെന്നും ജോസ് പക്ഷം ചൂണ്ടിക്കാട്ടി. 2011ൽ മുന്നണിയിൽ സീറ്റ് വിഭജനം നടന്നപ്പോൾ പാർട്ടിയുടെ കൈവശമിരുന്ന പുനലൂരും കുട്ടനാടും കോൺഗ്രസുമായി വച്ചുമാറി. ഇങ്ങനെ കൈമാറിക്കിട്ടിയ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായ ഡോ.കെ.സി. ജോസഫ് ഇന്ന് പാർട്ടിയിലും മുന്നണിയിലുമില്ല. വസ്തുതകൾ വിലയിരുത്തി മുന്നണി നേതൃത്വം തീരുമാനത്തിലെത്തണമെന്ന് ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും ആവശ്യപ്പെട്ടു.

എന്നാൽ, കുട്ടനാട് വർഷങ്ങളായി തങ്ങൾ മത്സരിച്ചുവരുന്ന സീറ്റാണെന്നായിരുന്നു ജോസഫ് പക്ഷത്തിന്റെ വാദം. ഇടതുമുന്നണിയിലായിരുന്നപ്പോഴും പിന്നീട് പാർട്ടി ലയിച്ച് യു.ഡി.എഫിലെത്തിയപ്പോഴും തങ്ങളുടെ പ്രതിനിധി മത്സരിച്ച സീറ്റാണ്. കെ.എം.മാണി ജീവിച്ചിരുന്നപ്പോഴും കുട്ടനാട് ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കുമായിരുന്നു. പാലായിൽ തങ്ങൾ അവകാശവാദമുന്നയിക്കാതിരുന്നത് പോലെ, കുട്ടനാട്ടിൽ അവരും ചെയ്യണമെന്നും പി.ജെ. ജോസഫും ജോയി എബ്രഹാമും ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബെഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.