mar06a

ആ​റ്റിങ്ങൽ: ആലങ്കോട് വഞ്ചിയൂർ വൈദ്യശാല മുക്ക് -മുല്ലശ്ശേരി റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും അധികൃതർക്ക് അനക്കമില്ല. നാട്ടുകാർ ഒന്നടങ്കം പഞ്ചായത്തിന് നിവേദനം സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല. വ‌ർഷങ്ങളായി റോഡ് പൊളിഞ്ഞ് ടാറും മെ​റ്റലും ഇളകി കിടക്കുകയാണ്. ഇതിലൂടെ കാൽനട യാത്ര പോലും ദുഷ്‌കരമാണ്. അ​റ്റകു​റ്റപ്പണികൾ യഥാസമയം നടന്നിട്ടില്ലെന്നാണ് പരാതി. കരവാരം പഞ്ചായത്തിലെ പത്താം വാർ‌ഡ് പരിധിയിലുള്ള ഈ റോഡാണ് ആലംകോട് വില്ലേജ് ഓഫീസ്,​ വഞ്ചിയൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ ജനങ്ങൾ ആശ്രയിക്കുന്നത്. അരക്കിലോമീറ്റർ ഭാഗം മുഴുവനായി കുണ്ടും കുഴിയും നിറഞ്ഞ് അപകട മേഖലയായി. ഇരുചക്ര വാഹനങ്ങൾക്ക് കടന്നു പോകാൻ എറെ ബുദ്ധിമുട്ടാണ്. കൂടാതെ ഈ ഭാഗത്ത് കൊടും വളവുമുണ്ട്.

നിരവധി സ്‌കൂൾ ബസുകൾ പ്രവൃത്തി ദിവസങ്ങളിൽ ഈ വഴി കടന്നുപോകുന്നുണ്ട്. റോഡിന്റെ അവസ്ഥ കാരണം ഒന്നു രണ്ടു ദിവസം സർവീസ് നടത്തിക്കഴിയുമ്പോൾ വാഹനം പണിക്ക് കയറ്റേണ്ട അവസ്ഥയാണെന്ന് ബസ് ജീവനക്കാർ പരാതിപ്പെടുന്നു. സർവീസ് ബസുകൾ ഈ വഴി എത്താതായതോടെ നാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് ആട്ടോറിക്ഷകളെയാണ്. റോഡ് പൂ‌ർണമായി തകർന്നതോടെ ആട്ടോറിക്ഷയിലുളള യാത്രയും ബുദ്ധിമുട്ടിലായി. പലപ്പോഴും ആട്ടോകൾ വിളിച്ചാൽ ഇതുവഴി വരാൻ തയാറാകാത്തതിനാൽ രോഗികളും ഗർഭിണികളും ഏറെ പ്രയാസപ്പെടുകയാണ്.