sajin

ചിറയിൻകീഴ്: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. മണമ്പൂർ കവലയൂർ കൂട്ടിക്കട ജംഗ്ഷന് സമീപം വലിയവിള റോസ് വില്ലയിൽ സജിൻ (34), ഒറ്റൂർ മൂങ്ങോട് ഷാനു ഭവനിൽ ഷാനു അലോഷ്യസ് എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌തത്. മുട്ടപ്പലം നവഭാവന ജംഗ്ഷന് സമീപം ഷീജാ നിവാസിൽ വിനോദ് കുമാറിനെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് പൈപ്പ് കൊണ്ട് തലയിൽ അടിച്ച് പരിക്കേല്പിച്ച സംഭവത്തിലാണ് അറസ്റ്റ്. വിനോദിന്റെ ഭാര്യാ സഹോദരനാണ് സജിൻ. വിനോദിന്റെ ഭാര്യയുടെ വസ്‌തുവിൽക്കൂടി പ്രതിക്ക് ലോറി കയറി പോകുന്നതിനുള്ള വഴി വേണമെന്ന പ്രതിയുടെ ആവശ്യം സമ്മതിക്കാത്തതും ഇതു സംബന്ധിച്ച് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്‌തതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം. ചിറയിൻകീഴ് സി.ഐ സജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനീഷ്, ഗ്രേഡ് എ.എസ്.ഐ ഹരി, ഷജീർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്‌ത പ്രതികളെ റിമാൻ‌ഡ് ചെയ്‌തു.