നാഗർകോവിൽ: രാജാക്കമംഗലത്ത് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കള്ളനെ തമിഴ്നാട് സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കമംഗലം ഗണപതിപുരം സ്വദേശി മുരുകന്റെ (37) വീട്ടിൽ മോഷണം നടത്തിയ രാജാക്കമംഗലം ഗണപതിപുരം അരവിന്ദ് (24)ആണ് അറസ്റ്റിലായത്. സംഭവ ദിവസം വൈകിട്ട് മുരുകനും കുടുംബവും മകന്റെ സ്കൂൾ വാർഷികത്തിന് പോയപ്പോഴായിരുന്നു സംഭവം. രാത്രി 10.30ന് മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം അറിയുന്നത്. അലമാരയിൽ ഉണ്ടായിരുന്ന 7 പവനാണ് കവർന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് പ്രതി പിടിയിലായത്. പ്രതി മോഷണം നടത്തിയ ശേഷം വള്ളിയൂരിലുള്ള ഭാര്യാ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയുടെ കൈവശം നിന്ന് 23 പവൻ പിടിച്ചെടുത്തു.

Quick Reply
>