നാഗർകോവിൽ: പടന്താലുംമൂട് ചെക്ക്പോസ്റ്റിനുസമീപം കാറിടിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ എ.ഡി.എം.കെ നേതാവ് ഏഴു മാസത്തിനു ശേഷം അറസ്റ്റിൽ. കളിയിക്കാവിള കോഴിവിള ഏഴൂർക്കാട് ജയ്ലാനിയെ കൊന്ന കേസിൽ കളിയിക്കാവിള പടന്താലുംമൂട് സ്വദേശിയും എ.ഡി.എം.കെ വിളവൻകോട് നിയോജകമണ്ഡലം മുൻ സെക്രട്ടറിയുമായ ഉദയകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് രാത്രിയാണ് കൊല നടന്നത്. പടന്താലുംമൂട് ചെക്ക്പോസ്റ്റിനടുത്തേക്ക് ജയ്ലാനി ബൈക്കിൽ വരുമ്പോൾ പിന്നിൽനിന്ന് കാർ ബൈക്കിൽ ഇടിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ജയ്ലാനി എതിരെവന്ന ലോറി കയറി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കളിയിക്കാവിള പൊലീസ് കേസന്വേഷണം നടത്തിവരുകയായിരുന്നു. സംഭവ സ്ഥലത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉദയകുമാറിന്റെ കാറാണ് ബൈക്കിൽ ഇടിച്ചതെന്ന് തെളിഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഉദയകുമാറിനെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ തക്കല കോടതിയിൽ ഹാജരാക്കിയശേഷം നാഗർകോവിൽ ജയിലിലെക്കുമാറ്റി. വേറൊരു കൊലക്കേസിലെ പ്രതികൂടിയാണിയാൾ. പണമിടപാട് സംബന്ധിച്ച് ജയ്ലാനിയുമായി തെറ്രിയതാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
|