ramesh-chennithala

തിരുവനന്തപുരം:വാഹനങ്ങളും മൾട്ടിമീഡിയ ഉപകരണങ്ങളും വാങ്ങിയതിലും പൊലീസ് മേധാവി അഴിമതി കാട്ടിയെന്നും ഇതിന് മുഖ്യമന്ത്രിയുടെ ഒാഫീസ് ഒത്താശ ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പൊലീസ് വകുപ്പിലെ ക്രമക്കേടിനെ കുറിച്ചുള്ള സി.എ.ജി. റിപ്പോർട്ട് വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. 2018ൽ 26.46 കോടി ചെലവിട്ട് 145വാഹനങ്ങളും 2017ൽ 15ലക്ഷം രൂപയ്‌ക്ക് 30 മൾട്ടിമീഡിയ പ്രൊജക്ടറുകളും മുൻകൂർ അനുമതിയില്ലാതെ വാങ്ങിയതിൽ ക്രമക്കേടുണ്ട്. ഒരു കോടി രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് ചട്ടം. അത് ലംഘിച്ചാണ് പൊലീസ് മേധാവി ഇടപാട് നടത്തിയത്. ഇൗ ഇടപാടുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. അത് തെറ്റായ കീഴ്‌വഴക്കവും അഴിമതിക്ക് കൂട്ടുനിൽക്കലുമാണ് - ചെന്നിത്തല പറഞ്ഞു.

സി. എ. ജി. റിപ്പോർട്ടിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതിന് പകരം റിപ്പോർട്ട് ചോർന്നുവെന്ന് ആരോപിച്ച് അതേകുറിച്ച് അന്വേഷണം നടത്താനുള്ള സർക്കാരിന്റെ നീക്കം വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫോൺ ചോർത്തൽ വ്യാപകം

സി.എ.ജി റിപ്പോർട്ട് ചോർച്ചയുടെ പേരിലുള്ള അന്വേഷണം മാദ്ധ്യമ പ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോൺ ചോർത്താനാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത് ഫാസിസവും നിയമവിരുദ്ധവുമാണ്. മാദ്ധ്യമപ്രവർത്തകരുടെ കാൾ ലിസ്റ്റ് പരിശോധിച്ച് അവർ ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. പ്രതിപക്ഷനേതാവിന്റെ ഫോൺ നേരത്തെയും ചോർത്തിയിരുന്നു. എതിർ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന മോഡിയുടെ നയമാണ് പിണറായിയുടേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.