നിരപരാധികളായ നിരവധി സ്ത്രീകളും കുട്ടികളും ക്രൂരവും ഹീനവുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഇത്തരം പീഡനങ്ങൾ മൃഗീയതയുടെ തെളിവുകളാണ്. നിരവധി നിയമങ്ങൾ രാജ്യത്തുണ്ടെങ്കിലും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. മറ്റൊരു മഹാദുരന്തമാണ് കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ. വിദ്യാസമ്പന്നരും സാംസ്കാരിക സമ്പന്നരെന്ന് നടിക്കുന്നവരുമാണ് പലപ്പോഴും കുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രതിസ്ഥാനത്തുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും ഈ ദയനീയ സ്ഥിതി നിലനില്ക്കുമ്പോൾത്തന്നെ മേൽവിവരിച്ച സാഹചര്യത്തിൽ അല്ലെങ്കിലും മറ്രൊരു തരത്തിൽ പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരെ സമൂഹം വിസ്മരിക്കുകയാണ്.
നിരപരാധികളായ പുരുഷന്മാർക്കെതിരെ വ്യാജകുറ്റങ്ങളാരോപിച്ച് ജയിലിലടയ്ക്കുന്നതും അവരെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്നതും പീഡനമല്ലേ. നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ നിരവധി പുരുഷന്മാർ പീഡിപ്പിക്കപ്പെടുകയും പ്രതികരിക്കാനാകാതെ നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോഴാണ് ഇത്തരത്തിൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്നതെന്നത് മറ്റൊരു യാഥാർത്ഥ്യം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈവാഹിക ബന്ധത്തകർച്ചയുമായി കോടതികളിൽ വരുന്ന വിവാഹമോചനക്കേസുകളും അനുബന്ധകേസുകളും. വിവാഹബന്ധം എന്നാൽ വിവാഹ പ്രായത്തിലെത്തിയ പുരുഷനും സ്ത്രീയും പരസ്പര വിശ്വാസം, പരിഗണന, ബഹുമാനം, സ്നേഹം, ആത്മാർത്ഥമായ പരസ്പരം അംഗീകരിക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് ജീവിക്കുന്ന അവസ്ഥയാണ്. വളരെ ആനന്ദത്തോടെ ആരംഭിക്കുന്ന വിവാഹജീവിതം പ്രത്യേക കാരണങ്ങളാൽ താളംതെറ്റി മുന്നോട്ടുപോകാനാകാതെ വരുന്ന അവസ്ഥയിൽ വിവാഹമോചനമാണ് പരിഹാരം. ഒന്നിച്ചു ജീവിക്കാൻ ശ്രമിച്ചാൽ ഭാവിയിൽ മാനസികമായി കൂടുതൽ വേദനയും ബുദ്ധിമുട്ടും അനുഭവിക്കേണ്ടതായി വരുമെന്ന് ബോദ്ധ്യപ്പെട്ട ദമ്പതികൾ കോടതിയിൽ അപേക്ഷ നൽകി അന്തസോടെ വിവാഹമോചനം നേടി പിരിയാറുണ്ട്. ഇതാണ് ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചനം . എന്നാൽ ഇൗ വിധമല്ലാതെ ഭാര്യാഭർത്താക്കന്മാർ പരസ്പരം പഴിചാരി പിണങ്ങി അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ ക്രൂരമായ ആരോപണ പ്രത്യാരോപണങ്ങൾ നടത്തി നിത്യശത്രുക്കളായി പിരിയാൻ തീരുമാനമെടുക്കുമ്പോഴാണ് ഇരുപക്ഷത്തിനും കഠിനമായ പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. പലപ്പോഴും എതിർകക്ഷിക്ക് ദുസഹവും നിർദ്ദയവും ദുഷ്കീർത്തികരവുമായ മാനസികാവസ്ഥ വരുത്തിത്തീർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുമാണ് ഇരുകൂട്ടരും കോടതിയെ സമീപിക്കുന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് പുരുഷ പീഡനം ഏറെയും കണ്ടുവരുന്നത്. ഭർത്താവിനോട് വൈരാഗ്യമുള്ള ഭാര്യ അവരുടേതായ കാരണങ്ങളാൽ വിവാഹമോചനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം വേണ്ടപ്പെട്ടവരുടെ ഉപദേശപ്രകാരം ഭർത്താവിനെതിരെയും ഭർത്താവിന്റെ നിരപരാധികളായ ബന്ധുക്കൾക്കെതിരെയും ക്രൂരത (cruelty) ആരോപിച്ച് ഇന്ത്യൻ പീനൽകോഡ് 498 എ പ്രകാരം (of cruelty by husband or relatives of husband) ഒരു ക്രിമിനൽ കേസ് കൂടി ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കുന്നത് സാധാരണയാണ്. ഇത് ജാമ്യമില്ലാ വകുപ്പാണ്. നിയമം നിർവചിച്ചിരിക്കുന്നത് ക്രൂരത എന്നാൽ ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ മന:പൂർവമായതും വ്രണപ്പെടുത്തുന്നതുമായ പെരുമാറ്റം നിമിത്തം ഭാര്യ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന അവസ്ഥ, ഭാര്യയുടെ ജീവന് അപായമുണ്ടാക്കുന്ന അവസ്ഥ, മാരകമായ മുറിവുകളോ ശാരീരികമായ ക്ഷതമോ അപമാനമോ ഉണ്ടാക്കുന്ന അവസ്ഥ, നിരന്തരം ശല്യം ചെയ്ത് ഭാര്യയോടൊ ഭാര്യയുടെ ബന്ധുക്കളോടൊ നിയമ വിരുദ്ധമായി സ്വത്തുക്കൾ ആവശ്യപ്പെടുന്ന അവസ്ഥ. ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയതായ വിവരം സങ്കടകക്ഷിയായ ഭാര്യയോ അവരുടെ രക്തബന്ധത്തിലുള്ള വ്യക്തിയോ ബന്ധുക്കളില്ലാത്ത സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥനോ , ബന്ധപ്പെട്ട പൊലീസാഫീസറെ അറിയിച്ചാൽ ജാമ്യമില്ലാ വകുപ്പായതുകൊണ്ട് കുറ്റം ആരോപിക്കപ്പെട്ടവർ ഉടൻ അറസ്റ്റ് ചെയ്യപ്പെടും. ഇൗ അവസരത്തിൽ പ്രത്യേകം മനസിലാക്കേണ്ടത് ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത കുറ്റമാരോപിക്കപ്പെട്ട വ്യക്തികൾക്കാണ്.
ഐ.പി.സി 498 എ വകുപ്പ് അനുസരിച്ച് ഭർത്താവിൽനിന്നോ, ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നോ യഥാർത്ഥ ക്രൂരത അനുഭവിക്കേണ്ടി വന്നാൽ, ഭാര്യയ്ക്ക് അതിൽനിന്ന് രക്ഷയും സംരക്ഷണവും നീതിയും നേടാനും കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിപ്പിക്കാനും കഴിയും. ഇൗ വകുപ്പ് യഥാർത്ഥത്തിൽ ക്രൂരത അനുഭവിക്കുന്ന ഭാര്യയ്ക്ക് അനുകൂലമാണ്. എന്നാൽ ഇൗ നിയമം വളരെയധികം ദുർവിനിയോഗം ചെയ്യപ്പെടുന്ന ഒന്നുമാണ്. മേൽവിവരിച്ച ശിക്ഷാർഹമായ ഒരു കുറ്റവും ചെയ്യാത്ത ഭർത്താവും ഭർത്താവിന്റെ നിരപരാധികളായ മാതാപിതാക്കളും ബന്ധുക്കളും മനഃപൂർവം പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട് പലപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇങ്ങനെ ക്രൂരത ആരോപിച്ച് ഒരു ക്രിമിനൽ കേസുകൂടി വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭാര്യ ഫയൽ ചെയ്യുന്നത്, തന്റെ അർഹവും അനർഹവുമായ എല്ലാ ആവശ്യങ്ങളും പെട്ടെന്ന് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇവിടെ ക്രൂരത ചെയ്യാത്ത ഭർത്താവും ഭർത്താവിന്റെ സഹോദരന്മാരും അച്ഛനും കഠിനമായ മാനസിക പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. ഇതുതന്നെയാണ് യഥാർത്ഥ പുരുഷ പീഡനം. നിലവിലുള്ള നിയമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഇൗ നിയമ ദുർവിനിയോഗം അവസാനിപ്പിക്കാൻ സാധിക്കും.