നെടുമങ്ങാട് : ഇറയംകോടിന്റെ ക്ഷീര സമൃദ്ധിക്കു പിന്നിൽ മുപ്പത്തിയേഴുകാരിയായ ഒരു വീട്ടമ്മയാണെന്നു കേട്ടാൽ ആരും മൂക്കത്തു വിരൽ വയ്ക്കും. പക്ഷേ ഇറയംകോട് ശശി വിലാസത്തിൽ മനോജ്‌കുമാറിന്റെ ഭാര്യ സി.ഷീബയ്ക്ക് പശുവളർത്തൽ കേവലം ജീവനോപാധി മാത്രമല്ല, ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുകയാണത്. അച്ഛൻ ശശിധരൻ നായരും അമ്മ ചന്ദ്രികകുമാരിയും ആടുകളെ വളർത്തിയാണ് കുടുംബം നയിച്ചിരുന്നത്. പ്രീഡിഗ്രി പാസായ ഷീബ മാതാപിതാക്കളോടുള്ള കടപ്പാടുമായി പശുപരിപാലനത്തിലേക്ക് തിരിയുകയായിരുന്നു. മെഡിക്കൽ റെപ്പായ മനോജ്‌കുമാർ ഭാര്യയെ പിന്തുണച്ചു.14 വർഷം മുമ്പ് ഏതാനും ആടുകളുമായി ഷീബ ആരംഭിച്ച കാലി വളർത്തലാണ് ഇന്ന് നാടിനെ ക്ഷീരസാഗരത്തിൽ ആറാടിക്കുന്നത്.
ഷീബയുടെ ഒരു ദിനം
ഇറയംകോട് മഹാവിഷ്ണു ക്ഷേത്രത്തിൽ സുപ്രഭാത കീർത്തനം ഉയരും മുമ്പ് ഷീബ തന്റെ ഗോശാലയും പരിസരവും വൃത്തിയാക്കും. പശുക്കളെ തീറ്റ കൊടുത്ത് കുളിപ്പിച്ചു നിറുത്തും. ഗോകുലത്തിലെ മുതിർന്ന അംഗങ്ങളായ സുന്ദരിയെയും മകൾ മീനാക്ഷിയെയുമാണ് ആദ്യം കുളിപ്പിക്കുക. വഴിപാടിനു ആവശ്യമായ പാല് എടുക്കാൻ ക്ഷേത്ര കാര്യക്കാർ എത്തുമ്പോൾ പാൽ ചുരത്താൻ റെഡിയായി സുന്ദരിക്കും മീനാക്ഷിക്കും പിറകെ പാറുവും മകൾ കൊച്ചുവും കൊച്ചുമകൾ ബ്രൗണിയും മുന്നോട്ടു വരും. പാൽ ചുരത്തുന്നതിൽ ആർക്കും യാതൊരു മടിയുമില്ല. 24 പശുക്കളും ഒരു എരുമയും യഥേഷ്ടം പാൽ ചുരത്തും. ഷീബയുടെ ഗോശാലയിൽ നിന്ന് പാൽ എത്തിയ ശേഷമേ അമ്പലത്തിൽ പ്രഭാത കീർത്തനം ഉയരുകയുള്ളൂ. വ്യാഴാഴ്ചകളിൽ 10 ലിറ്റർ പാൽ വരെ ക്ഷേത്രാവശ്യങ്ങൾക്ക് നൽകേണ്ടതുണ്ട്.ഇന്നേവരെ അതിന് മുടക്കം വന്നിട്ടില്ല. ദിവസവും 120 ലിറ്റർ പാലാണ് ഷീബയുടെ ഫാമിൽ നിന്ന് ലഭിക്കുന്നത്. ഇറയംകോട്ടെ കടകളിലും വീടുകളിലും ശുദ്ധമായ പശുവിൻ പാൽ എത്തിക്കാൻ കഴിയുന്നതിന്റെ ചാരിതാർത്ഥ്യവുമുണ്ട് ഈ വീട്ടമ്മയ്ക്ക്.
ഷീബയിൽ നിന്ന് പഠിക്കാനേറെ
നിലവിൽ പശുക്കളും അവയുടെ കിടാങ്ങളും അടക്കം 24 പശുക്കൾ. ഇവയിൽ 14 എണ്ണമാണ് കറവയുള്ളത്. ആദ്യം വാങ്ങിയവയുടെ കുട്ടികളാണ് അധികവും.12 വയസുള്ള സുന്ദരിപ്പശു മുതൽ ഒരു മാസം പ്രായമുള്ള കൗമുദി കിടാവ് വരെ ഷീബയുടെ ഒച്ച കേട്ടാലുടൻ അടുത്തെത്തും. അങ്ങനെയാണ് ഓരോരുത്തർക്കും പേരിട്ടത്. തന്റെ മകൾക്കും ആദ്യം വാങ്ങിയ പശുക്കിടാവിനും ഒരേ പ്രായമാണ്. ഞാൻ തന്നെ കുളിപ്പിക്കണം, തീറ്റ കൊടുക്കണം എന്ന ശാഠ്യമാണ് രണ്ടു പേർക്കും. വെള്ളൈക്കടവ് സ്വദേശിക്ക് വിറ്റ പശു അവിടത്തെ തൊഴുത്തിൽ തീറ്റയെടുക്കാതെ പിണങ്ങി നിന്നത് ഷീബ ഓർത്തു. ഉയർന്ന ജോലി മാത്രം സ്വപ്നം കണ്ടു കഴിയുന്ന ഇന്നത്തെ തലമുറയ്ക്ക് ഷീബയുടെ ജീവിത വൃത്തിയിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്. ഷീബയുടെ ഫോൺ : 9562162195.
ഒറ്റയ്ക്ക് പരിപാലിക്കുന്നത് 24 പശുക്കളെ
ഫാം സ്ഥിതിചെയ്യുന്നത് 40 സെന്റ് സ്ഥലത്തിൽ
''ആടിനു തീറ്റ വാങ്ങാൻ പോയ വേളയിലാണ് പശു വളർത്തൽ എന്ന ആശയം മനസിലുദിച്ചത്. പാലിന് പുറമേ, മോരും ഗോമൂത്രവും ചാണകം ഉണക്കി പൊടിച്ച് പായ്ക്കറ്റിലാക്കി കൊടുക്കുന്ന യൂണിറ്റും ആരംഭിക്കുന്നതിന്റെ ആലോചനയിലാണ്.
- ഷീബ,ക്ഷീര കർഷക.
പുല്ല് ചെത്താനും പശുക്കളെ കുളിപ്പിക്കാനും കറവയ്ക്കും പുറത്തു നിന്ന് ആരെയും കൂട്ടില്ല.
കാലി വളർത്തുന്ന വീടുകളുടെ പരിസരത്ത് അനുഭവപ്പെടുന്ന ദുർഗന്ധം ഇവിടെയില്ല.
പാൽ കറന്നു കഴിഞ്ഞാൽ തൊഴുത്തിനടുത്തായി തുമ്പയും ചകിരിയുമൊക്കെ കൂട്ടിയിട്ട് പുകയിടും.
എട്ടു വർഷമായി ബയോഗ്യാസ് പ്ലാന്റും ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നുണ്ട്.