voters-list

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ,ഈ പട്ടിക പുതുക്കൽ നടപടികൾ ഇനി വേഗത്തിൽ പൂർത്തിയാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്ക്കരൻ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് ആരുടെയെങ്കിലും ജയമോ,തോൽവിയോ അല്ല.പ്രായോഗികത കണക്കിലെടുത്താണ് 2015ലെ പട്ടിക അടിസ്ഥാനമാക്കി പുതിയ പട്ടിക തയ്യാറാക്കാൻ തീരുമാനിച്ചത്. . വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 15 ലക്ഷം പുതിയ അപേക്ഷകൾ ലഭിച്ചിട്ടുണ്ട് . രണ്ടു ദിവസത്തിനിടെ രണ്ട് ലക്ഷത്തോളം അപേക്ഷകൾ ലഭിച്ചതിനാൽ സെർവർ തകരാറിലായതാണ് വോട്ട് ചേർക്കുന്നതിന് തടസമായത്. സെർവറിന്റെ തകരാർ പരിഹരിച്ചിട്ടുണ്ട്. വാർഡ് പുനർനിർണയത്തിനുള്ള ഡീലിമിറ്റേഷൻ കമ്മിഷന്റെ സെക്രട്ടറിയായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എസ്.ജോസ്ന മോളെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഡീലിമിറ്റേഷൻ കമ്മിഷന്റെ ആദ്യ യോഗം അടുത്തയാഴ്ച ചേരുമെന്നും അദ്ദേഹം പറഞ്ഞു.