തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സെക്രട്ടേറിയറ്റിലെ പരിഷ്‌കാരങ്ങൾക്കും ജീവനക്കാരുടെ പുനർവിന്യാസത്തിനും നേതൃത്വം നൽകുന്ന ഉന്നതോദ്യോഗസ്ഥനെ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാറിനെയാണ് പുറത്താക്കിയത്.
ഇടതുസർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രവർത്തിക്കുകയും സെക്രട്ടേറിയറ്റിന് അവമതിപ്പുണ്ടാക്കുകയും സെക്രട്ടേറിയറ്റ് ജീവനക്കാരെ സർക്കാരിന് എതിരാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്തതിന് പുറത്താക്കുന്നുവെന്നാണ് സംഘടനാ ജനറൽസെക്രട്ടറി കെ.എൻ. അശോക് കുമാർ അറിയിച്ചിരിക്കുന്നത്.
സംഘടനയിലെ മറ്റൊരുദ്യോഗസ്ഥന്റെ ചെകിട്ടത്തടിച്ചതിന് പ്രമുഖ നേതാവിനെ മുഖ്യമന്ത്രി ഇടപെട്ട് സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അതിന് മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയാണ് വിശ്വസ്തനെതിരായ നടപടിയെന്നും ചർച്ചയുണ്ട്.
എൽ.ഡി.എഫ് സർക്കാർ സെക്രട്ടേറിയറ്റിലും മറ്റും നടപ്പാക്കിയ പരിഷ്‌കാരങ്ങളിൽ സി.പി.എം സംഘടനയ്ക്കുണ്ടായ അസ്വസ്ഥതയാണ് പുറത്താക്കലിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിഷ്‌കാരങ്ങളോട് മുഖം തിരിച്ചുനിൽക്കുകയാണ് നേതൃത്വമെന്ന് സംഘടനയിലെ തന്നെ ഒരു വിഭാഗം പറയുന്നു. ഇതൊന്നും വക വയ്ക്കാതെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോയ സ്വന്തം സംഘടനാംഗങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ നടപടിയെന്നും അവർ പറയുന്നു.
സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘം പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിച്ചിരുന്ന പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി അജയനെയും മുമ്പ് സംഘടന പുറത്താക്കിയിരുന്നു.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ എന്നാണ് പുറത്താക്കപ്പെട്ടവരുടെ നിലപാട്. സ്വന്തം വാദങ്ങൾ മുഖ്യമന്ത്രിയെയും മറ്റും ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വം ആ നിരാശ തങ്ങളുടെ നേർക്ക് പ്രയോഗിച്ച് പരിഹാസ്യരാവുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തുന്നു.
ജീവനക്കാരുടെ ഗ്രൂപ്പുകളിൽ അശ്ലീലവീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുയർന്നിട്ടും നടപടിക്ക് മടിക്കുന്നവരാണ് ഇപ്പോൾ നിസാരകാരണം ചൂണ്ടിക്കാട്ടി ഉന്നതോദ്യോഗസ്ഥനെ പുറത്താക്കിയതെന്ന് സംഘടനയിലെ വലിയ വിഭാഗം പറയുന്നു.