വിതുര: ഭക്ഷ്യവിഷബാധയെ തുടർന്ന് 28 വിദ്യാർത്ഥികൾ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിതുര ഗവ. യു.പി.സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. ചർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധന നടത്തിയശേഷം എല്ലാവരെയും ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്‌തു. വിതുര ആശുപത്രിയിലെ മെഡിക്കൽ ഒാഫീസറും ഹെൽത്ത് ഇൻസ്‌പെക്ടർമാരും എ.ഇ.ഒ ഒാഫീസിലെ നൂൺമീൽ ഒാഫീസറും വിതുര യു.പി സ്‌കൂളിലെത്തി പരിശോധന നടത്തി. കിണറിലെ ജലത്തിന്റെ സാമ്പിളും ശേഖരിച്ചു. എന്നാൽ സ്‌കൂളിൽ നിന്നുള്ള ഭക്ഷണത്തിൽ പ്രശ്‌നമില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.