ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഇറക്കിവിട്ടു. യുവാവ് പ്രകോപിതനായി ബസ്സിന്റെ മുൻവശത്തെയും പിറകുവശത്തേയും ഗ്ലാസ് എറിഞ്ഞു തകർത്തു.

എറണാകുളം ഹിൽപാലസ് പറപ്പള്ളി റോഡ് അംബികാ ഭവനിൽ അജയകുമാർ ( 26)​ ആണ് അക്രമം കാട്ടിയത്. ഉടൻതന്നെ ജീവനക്കാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പൊതുമുതൽ നശിപ്പക്കൽ വകുപ്പിൽ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിങ്ങൽ എൽ.ഐ.സി ഓഫീസിന് സമീപമാണ് സംഭവം . കൊല്ലം ഡിപ്പോയിലെ ബസ്സിൽ കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് ടിക്കറ്റെടുത്ത അജയകുമാർ യാത്രക്കാർ തന്നെ മനപ്പൂർവം ഉപദ്രവിക്കുന്നു എന്ന് പറഞ്ഞാണ് വഴക്ക് ആരംഭിച്ചത്. പിന്നീട് അസഭ്യംവിളിയും ഉന്തും തള്ളുമൊക്കെയായി. സഹിക്കവയ്യാതെ യാത്രക്കാർ പ്രതികരിച്ചതോടെ കണ്ടക്ടർ ഇയാളെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഗ്ലാസിൽ കല്ലെറിഞ്ഞത്. ഭാഗ്യത്തിന് യാത്രക്കാർക്ക് പരിക്കു പറ്റിയില്ല.