womens-t20-world-cup-fina
womens t20 world cup final

വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ

ഫൈനൽ നാളെ

മെൽബൺ : വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് നാളെ മെൽബണിൽ അരങ്ങരൊങ്ങുകയാണ്. ഫൈനലിൽ എതിരിടുന്നത് ആദ്യമായി ഫൈനൽ കാണുന്ന ഇന്ത്യയും അഞ്ചുതവണ ഫൈനിലെത്തുകയും നാലുതവണ കിരീട ജേതാക്കളാവുകയും ചെയ്ത ആസ്ട്രേലിയയും. സ്വന്തം മണ്ണിലാണ് ആസ്ട്രേലിയ അഞ്ചാം കപ്പുനേടാൻ ഇറങ്ങുന്നത്.

പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലമായാണ് ഇന്ത്യയ്ക്ക് സെമി മഴ തടസപ്പെടുത്തിയിട്ടും ഫൈനലിലേക്ക് കടക്കാനായത്. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയതെന്നതും ശ്രദ്ധേയമാണ്. ഇൗ ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയയിൽ ഇന്ത്യയും ഇംഗ്ളണ്ടും കൂടി പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പര നടന്നിരുന്നു. ഇതിൽ പ്രാഥമിക റൗണ്ടിൽ ഒരു കളിയിൽ ആസ്ട്രേലിയയെ തോൽപ്പിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും മറ്റൊന്നിൽ തോറ്റു. തുടർന്ന് ഫൈനലിലും ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ആസ്ട്രേലിയയ്ക്ക് ആയിരുന്നു.

ഗ്രൂപ്പ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരെന്ന നിലയിലാണ് ഇംഗ്ളണ്ടിനെ പിന്തള്ളി ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ ഗ്രൂപ്പ് റൗണ്ടിൽ രണ്ടാമതായിപ്പോയിട്ടും സെമിയിൽ ഇടയ്ക്ക് മഴ കളിയായെത്തിയിട്ടും ഫൈനലിലെത്താൻ ആസ്ട്രേലിയയ്ക്ക് കഴിഞ്ഞു. സിഡ്നിയിൽ ഇന്ത്യയെയും ഇംഗ്ളണ്ടിനെയും സെമിയിൽ കളിക്കാൻ അനുവദിക്കാതിരുന്ന മഴ ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമിഫൈനലിന് തൊട്ടുമുമ്പ് മാറി നിൽക്കുകയായിരുന്നു. തുടർന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒാസീസ് 20 ഒാവറിൽ 134/5 എന്ന സ്കോർ ഉയർത്തി. ദക്ഷിണാഫ്രിക്ക മറുപടി ഇന്നിംഗ്സ് തുടങ്ങി നാലോവർ പിന്നിട്ടപ്പോഴേക്കും മഴ വീണ്ടുമെത്തി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 13 ഒാവറിൽ 98 റൺസായി നിശ്ചയിക്കപ്പെട്ടു. എന്നാൽ ദക്ഷിണാഫ്രിക്കൻ പെൺകൊടിമാർക്ക് 92/5 എന്ന സ്കോറിലേ എത്താനായുള്ളൂ. ഇതോടെയാണ് ആദ്യമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ ഫൈനലിലെത്താൻ കംഗാരുപ്പടയ്ക്ക് കഴിഞ്ഞത്.

കന്നി കലാശക്കളിക്കിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തിനൊപ്പം അങ്കലാപ്പുമുണ്ട്. കാരണം ഫൈനലിന്റെ സമ്മർദ്ദം ഇന്ത്യയെക്കാൾ നന്നായി തരണം ചെയ്യാനുള്ള അനുഭവ സമ്പത്ത് ആസ്ട്രേലിയയ്ക്കുണ്ട്. ഒരുമാസത്തിനിടെ രണ്ടാമത്തെ ഫൈനലിലാണ് ഇന്ത്യയ്ക്ക് ആസ്ട്രേലിയയെ നേരിടേണ്ടിവരുന്നത്. ആദ്യത്തെ ഫൈനലിൽ തോൽക്കുകയും ചെയ്തിരുന്നു. സ്വന്തം മണ്ണിൽ കംഗാരുകൾ അതിശക്തരാണെന്നതാണ് മറ്റൊരു കാര്യം. തോൽവിയിൽ നിന്ന് തിരിച്ചുവരാൻ ശേഷിയുള്ളവരാണ് മെഗ്‌ലാന്നിംഗും കൂട്ടരും. ഇതുവരെ നേടിയ നാല് കിരീടങ്ങളേക്കാൾ പ്രധാനമാണ് സ്വന്തംനാട്ടിൽ നടക്കുന്ന ലോകകപ്പിലെ കിരീട നേട്ടമെന്ന് അവർക്കറിയാം. അതിനായി എന്തുവിലകൊടുത്തും പൊരുതുകയും ചെയ്യും.

പ്രതീക്ഷയർപ്പിച്ചെത്തിയ സീനിയർ താരങ്ങൾക്ക് വേണ്ടവിധം മികവ് പുറത്തെടുക്കാൻ ഇതുവരെ കഴിയാത്തതാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു കാര്യം. ബാറ്റിംഗിലെ നെടും തൂണുകളായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും ഇതുവരെ തങ്ങളുടെതായ മികവ് പുറത്തെടുത്തിട്ടില്ല. ആസ്ട്രേലിയ പോലൊരു വമ്പൻ ടീമിനെതിരെ ഇറങ്ങുമ്പോൾ ഇവരിൽനിന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രകടനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

കൗമാരക്കാരി ഷെഫാലി വെർമ്മ, യുവതാരം ജെമീമ റോഡ്രിഗസ്, വേദകൃഷ്ണമൂർത്തി എന്നിവരാണ് ബാറ്റിംഗിൽ ഇതുവരെ കരുത്തുകാട്ടിയത്. ബൗളിംഗിൽ പൂനം യാദവിന്റെ ലെഗ് ബ്രേക്കുകളാണ് എതിരാളികൾ ഭയക്കുന്നത്. ടീമിലെ ഏക മീഡിയം പേസർ ശിഖ പാണ്ഡെയും സ്പിന്നർമാരായ രാധാ യാദവും രാജേശ്വരി ഗെയ്‌ക്കു‌വദും കൂട്ടായ പരിശ്രമത്തിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നു.

12.30 pm

നാളെ ഉച്ചയ്ക്ക് പന്ത്രണ്ടര മുതലാണ് ഫൈനൽ മത്സരം. സ്റ്റാർ സ്പോർട്സിൽ ലൈവ്.

ഇവർ പടക്കുതിരകൾ

ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും പ്രധാന താരങ്ങൾ ഇവരാണ് ഇന്ത്യ ഹർമൻ പ്രീത് കൗർ ക്യാപ്ടൻ, ബാറ്റ്സ് വുമൺ ബാറ്റിംഗിൽ ടീമിലെ ഏറ്റവും പരിചയ സമ്പന്നയായ താരമാണ് ഹർമൻപ്രീത്. എന്നാൽ ലോകകപ്പിലെ നാല് ഇന്നിംഗ്സുകളിൽ നിന്നും നേടാനായത് 26 റൺസ് മാത്രവും. 1 2, 8, 1, 15 എന്നിങ്ങനെയാണ് ക്യാപ്ടന്റെ സ്കോറിംഗ്. ഹർമൻ പ്രീത് ഫോമിലേക്ക് ഉയർന്നാലേ ഫൈനലിൽ കംഗാരുക്കളുടെ ക്രൗര്യത്തിന് മൂക്കുകയർ ഇടാനാകൂ. 113 ട്വന്റി 20 മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട് ഇൗ 30 കാരിക്ക്. ഒരു സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറികളുമടക്കം 2182 റൺസ് ട്വന്റി 20 ഫോർമാറ്റിൽനിന്ന് ഹർമൻ പ്രീത് നേടിയിട്ടുണ്ട്. വേണ്ടിവന്നാൽ ഒഫ് ബ്രേക്ക് ബൗളറുമാകും. ട്വന്റി 20 ഫോർമാറ്റിൽ 29 വിക്കറ്റുകൾക്ക് ഉടമ. 2009 ലാണ് ആദ്യമായി ട്വന്റി 20 ലോകകപ്പിൽ കളിക്കുന്നത്. ഇത് ഏഴാമത്തെ ലോകകപ്പ്. സ്മൃതി മന്ദാന ഒാപ്പൻർ ഹർമാൻ പ്രീത് കഴിഞ്ഞാൽ ടീമിലെ അടുത്ത പരിചയസമ്പന്ന വൈസ് ക്യാപ്ടൻ. ഇൗ ലോകകപ്പിൽ പ്രകടനം ഹർമനെപ്പോലെതന്നെ. മൂന്ന് ഇന്നിംഗ്സുകളിൽനിന്ന്35 റൺസ് മാത്രം. ആസ്ട്രേലിയയ്ക്ക് എതിരെ ആദ്യമത്സരത്തിൽ നേടിയത് 10 റൺസ്. എന്നാൽ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഒാസീസിനെതിരായ മൂന്ന് മത്സരങ്ങളിൽ രണ്ട് അർദ്ധ സെഞ്ച്വറികള‌ടക്കം 156 റൺസടിച്ചുകൂട്ടിയിരുന്നു. 74 അന്താരാഷ്ട്ര ട്വന്റി 20 കളുടെ പരിചയ സമ്പത്ത് 1705 റൺസാണ്. ട്വന്റി 20 ഫോർമാറ്റിൽ ഇൗ ഇടംകൈ ബാറ്റ്സ് വുമൺ നേടിയിരിക്കുന്നത്. 119.31 സ്ട്രൈക്ക് റേറ്റ്. 12 അർദ്ധ സെഞ്ച്വറികൾക്ക് ഉടമ. ഷെഫാലി വെർമ്മ ഒാപ്പണർ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വിസ്മയം. 16 വയസ് തികഞ്ഞതേയുള്ളൂ. 18 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 485 റൺസാണ് സമ്പാദ്യമെങ്കിലും ട്വന്റി 20 ഫോർമാറ്റിൽ ഐ.സി.സി ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്താണ് ഇൗ ഹരിയാനക്കാരി. ഇൗ ലോകകപ്പിലെ റൺവേട്ടയിൽ മുന്നിലുള്ള ഇന്ത്യക്കാരി ആസ്ട്രേലിയയ്ക്കെതിരായ ആദ്യമത്സരത്തിൽ 29 റൺസ് ബംഗ്ളാദേശിനെതിരെ 39, കിവീസിനെതിരെ 46, ശ്രീലങ്കയ്ക്കെതിരെ 47 എന്നിങ്ങനെയാണ് സ്കോറിംഗ്. ആകെ നേടിയിരിക്കുന്നത് 161 റൺസ്. ബൗണ്ടറികളിലൂടെ അതിവേഗം സ്കോർ നേടാനുള്ള കഴിവാണ് എതിരാളികൾക്ക് മുന്നിൽ ഷെഫാലിയെ അപകടകാരിയാക്കുന്നത്. ഫൈനലിൽ ഒാസീസ് ബൗളിംഗ് നിര ഏറ്റവുമധികം ഭയക്കുന്നതും ഷെഫാലിയെ ആയിരിക്കും. പൂനം യാദവ് ലെഗ് സ്പിന്നർ 66 ട്വന്റി 20 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള പൂനം തന്റെ കരിയറിലെ മികച്ച ഫോമിലാണ് ഇപ്പോൾ. ഒൻപത് വിക്കറ്റുകൾ നേടി ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കർ. ആദ്യമത്സരത്തിൽ ആസ്ട്രേലിയയെ തകർത്തത് പൂനമാണ്. 19 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് നാല് ആസ്ട്രേലിയൻ വിക്കറ്റുകളാണ്. അവിടെയും നൽകിയ ആത്മവിശ്വാസമാണ് ഇന്ത്യയെ ഫൈനൽവരെ എത്തിച്ചത്. ബംഗ്ളാദേശിനെതിരെ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ ഒാരോ വിക്കറ്റുകൾ വീതവും. ശിഖ പാണ്ഡെ മീഡിയം പേസർ ടീമിലെ ഏക പേസറാണ് ആന്ധ്രക്കാരിയായ ശിഖ പാണ്ഡെ. എയർഫോഴ്സ് ഉദ്യോഗസ്ഥയായ ശിഖയ്ക്ക് 49 ട്വന്റി 20 കളുടെ അനുഭവപരിചയമുണ്ട്. 36 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഒാസീസിനെതിരായ ലോകകപ്പിലെ ആദ്യമത്സരത്തിൽ 14 റൺസ് മാത്രം വഴങ്ങി ശിഖ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബംഗ്ളാദേശിനെതിരെ രണ്ട് വിക്കറ്റുകളും ന്യൂസിലാൻഡിനും ശ്രീലങ്കയ്ക്കുമെതിരെ ഒാരോ വിക്കറ്റും നേടി. മെൽബണിലെ പിച്ച് പേസ് ബൗളിംഗിനെ തുണയ്ക്കുമെന്നതിനാൽ ശിഖയുടെ ഇന്നത്തെ പ്രകടനം നിർണായകമാകും. ആസ്ട്രേലിയ മെഗ്‌ലാന്നിംഗ് ക്യാപ്ടൻ, ആൾ റൗണ്ടർ 103 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട് ആസ്ട്രേലിയൻ ക്യാപ്ടന്. 2772 റൺസ് സമ്പാദ്യം. ട്വന്റി 20 ഫോർമാറ്റിൽ രണ്ട് സെഞ്ച്വറികളും 13 അർദ്ധ സെഞ്ച്വറികളും . സെമിഫൈനലിൽ പുറത്താകാതെ 49 റൺസ് നേടിയ മെഗ്‌ലാന്നിംഗ് ആണ് ആതിഥേയർ. ഫൈനലിൽ എത്തുന്നതിന് ചുക്കാൻ പിടിച്ചത്. ഇന്ത്യയ്ക്കെതിരായ ആദ്യമത്സരത്തിൽ അഞ്ച് റൺസേ നേടാൻ കഴിഞ്ഞിരുന്നുള്ളു. ശ്രീലങ്കയ്ക്കും (41) ദക്ഷിണാഫ്രിക്കയ്ക്കും എതിരെ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ത്രിരാഷ്ട്ര പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അലീസാ ഹീലി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌വുമൺ അലീസയെ മുൻ ഒാസീസ് വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ മരുമകളെന്നോ ഇപ്പോഴത്തെ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയെന്നോ പരിചയപ്പെടുത്താം. വിക്കറ്റ് കീപ്പിംഗിൽ അമ്മാവന്റെ മരുമകൾ തന്നെ. 111 ട്വന്റി 20 കളിൽ 41 ക്യാച്ചുകളും 48 സ്റ്റംപിംഗുകളും നടത്തിയിട്ടുണ്ട്. ബാറ്റിംഗിലും മോശമല്ല. ഒരു സെഞ്ച്വറിയടക്കം 1521 റൺസ് നേടിയിട്ടുണ്ട്. ഇൗ ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ 83 റൺസ് നേടിയത് മികച്ച പ്രകടനം . ഇന്ത്യയ്ക്കെതിരെ ആദ്യമത്സരത്തിൽ 51 റൺസടിച്ച് ടോപ് സ്കോററായി രുന്നു. ബെത്ത് മൂണി ബാറ്റ്സ് വുമൺ അത്യാവശ്യം വിക്കറ്റ് കീപ്പിംഗും നടത്താൻ കഴിയുന്ന ഇടംകൈ ബാറ്റ്സ്‌വുമൺ. 51 ട്വന്റി 20 കളുടെ പരിചയസമ്പത്ത്. ഇൗ ലോകകപ്പിൽ രണ്ട് അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 181 റൺസ് നേടി ടോപ് സ്കോർ. ബംഗ്ളാദേശിനും (81 നോട്ടൗട്ട്), ന്യൂസിലാൻഡിനും (60) എതിരെയായിരുന്നു അർദ്ധ സെഞ്ച്വറികൾ ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയ്ക്കും ഇംഗ്ളണ്ടിനും എതിരെ അർദ്ധ സെഞ്ച്വറികൾ നേടിയിരുന്നു. ഇന്ത്യയ്ക്കെതിരെ ലോകകപ്പിന്റെ ആദ്യമത്സരത്തിൽ ആറ് റൺസിന് പുറത്തായത് നിർണായകമായി. മേഗൻ ഷൂട്ട് മീഡിയം പേസർ മിന്നുന്ന ഫോമിലുള്ള മീഡിയം പേസർ. മെൽബണിൽ ആസ്ട്രേലിയയുടെ വജ്രായുധമാകുമെന്ന് കരുതുന്നു. 66 ട്വന്റി 20 കളിൽ നിന്ന് ഇതുവരെ വീഴ്ത്തിയിരിക്കുന്നത് 85 വിക്കറ്റുകൾ. ഇൗ ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വിക്കറ്റ് വീഴ്ത്താനായില്ല. 35 റൺസ് വടങ്ങുകയും ചെയ്തു. എന്നാൽ തുടർന്ന് ശ്രീലങ്കയ്ക്കെതിരെ ഒരു വിക്കറ്റും ബംഗ്ളാദേശിനും ന്യൂസിലാൻഡിനും എതിരെ മൂന്ന് വിക്കറ്റുകൾ വീതവും സെമിയിൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആകെ ഒൻപത് വിക്കറ്റുകൾ സ്വന്തമാക്കി. ജെസ് ജൊഹാൻസൺ ഇടംകൈ സ്പിന്നർ 27 കാരിയായ ജെസിന് 78 അന്താരാഷ്ട്ര ട്വന്റി 20 കളുടെ അനുഭവ പരിചയമുണ്ട്. 66 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇൗ ലോകകപ്പിൽ ഇതുവരെ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി . ഇന്ത്യയ്ക്കതിരെ ആദ്യ മത്സരത്തിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബംഗ്ളാദേശിനെതിരെയും രണ്ട് വിക്കറ്റ് നേട്ടം. മറ്റ് മത്സരങ്ങളിൽ ഒാരോ വിക്കറ്റ് വീതം. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ഇന്ത്യയെ തകർത്തുകളഞ്ഞത് വെറും 12 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെസാണ്. ഇന്ത്യ ഇതുവരെ 1. ഒാസീസിനെതിരെ 17 റൺസ് റൺസ് ജയം 2. ബംഗ്ളാദേശിനെതിരെ 18 റൺസ് ജയം 3. ന്യൂസിലൻഡിനെതിരെ മൂന്ന് റൺസ് ജയം 4. ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റ് വിജയം 5. സെമി മഴ മുടക്കി ആസ്ട്രേലിയ 1. ഇന്ത്യയോട് തോൽവി 2. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു 3. ബംഗ്ളാദേശിനെ 86 റൺസിന് തോൽപ്പിച്ചു 4. കിവീസിനെ 4 റൺസിന് തോൽപ്പിച്ചു 5. ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് തോൽപ്പിച്ചു ട്വന്റി 20 ചാമ്പ്യൻസ് 2009- ഇംഗ്ളണ്ട് 2010- ആസ്ട്രേലിയ 2012-ആസ്ട്രേലിയ 2014-ആസ്ട്രേലിയ 2016-വിൻഡീസ് 2018-ആസ്ട്രേലിയ 6 ആസ്ട്രേലിയൻ ടീം തങ്ങളുടെ ആറാം ഫൈനലിലാണ് നാളെ ഇറങ്ങുന്നത്. ഇന്ത്യ ആദ്യ ഫൈനലിനും. 75000 ടിക്കറ്റുകളാണ് ഫൈനലിനായി വിറ്റുകഴിഞ്ഞത്. ഒരു വനിതാ ട്വന്റി 20 ലോകകപ്പിന് ഇത്രയധികം കാണികളെത്തുക ആദ്യമായിരിക്കും. മഴ വരില്ല ഫൈനലിന് മഴ ഭീഷണിയില്ലെന്ന് ആസ്ട്രേലിയൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബർത്ത് ഡേ ഗേൾ ഹർമൻ പ്രീത് ഇന്ത്യൻ ക്യാപ്ടൻ ഹർമൻ പ്രീത് കൗറിന്റെ 31-ാം ജന്മദിനമാണ് നാളെ. അന്താരാഷ്ട്രവനിതാ ദിനവും നാളെയാണ്. ക്യാപ്ടന് ലോകകപ്പ് തന്നെ ജന്മദിന സമ്മാനമായി നൽകാനുള്ള ഒരുക്കത്തിലാണ് സഹതാരങ്ങൾ. ധൈര്യമായി ഫൈനലിന് ഇറങ്ങു. നിങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കു. ഒരു സമ്മർദ്ദവും വേണ്ട. ഒരുമയോടെ നിൽക്കുക. പോസിറ്റീവായി സംസാരിക്കുക. വിജയം കൂടെയുണ്ടാകും. സച്ചിൻ ടെൻഡുൽക്കർ