കാട്ടാക്കട: നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. സ്കൂളിലെ മൂന്ന് പഴയ കെട്ടിടങ്ങളിൽ ഒന്ന് പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിനടക്കുകയാണ്. ബാക്കിയുള്ള കെട്ടിടത്തിന്റെ മേൽകൂരയാണ് ഭാഗീകമായി തകർന്നത്. ആറ് മാസമായി ഈ കെട്ടിടത്തിൽ ക്ലാസ് പ്രവർത്തിക്കുന്നില്ല. അതു കൊണ്ട് വലിയൊരു അപകടം ഒഴിവായി. പൊളിഞ്ഞു വീഴാറായ ഈ കെട്ടിടത്തിൽ കുട്ടികൾ കളിക്കാനും കൂട്ടമായി ഇരിക്കുന്നതിനും സമീപത്തെ കുടിവെള്ള പൈപ് ഉപയോഗിക്കുന്നതിനും എത്തുമായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. അധികൃതരുടെ അനാസ്ഥ മൂലം കെട്ടിടം പൊളിച്ചു മാറ്റാത്ത അവസ്ഥയിൽ ആർക്കെങ്കിലും അപകടം സംഭവിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി സ്കൂൾ പി.ടി.എക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും അനുമതി വൈകുന്നതാണ് യാതൊരു വിധ തുടർ നടപടിയും സ്വീകരിക്കാൻ കഴിയാത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട തഹസിൽദാർ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ എന്നിവരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. കള്ളിക്കാട് പഞ്ചായത്തിലെ മികച്ച സ്കൂളാണ് നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂൾ. കാലപ്പഴക്കം കൊണ്ട് ജീർണാനാവസ്ഥയിലായ കെട്ടിടത്തിലേക്ക് കുട്ടികൾ പ്രവേശിക്കാതിരിക്കാൻ ടിൻ ഷീറ്റുകൾ കൊണ്ട് മറച്ചിട്ടുണ്ട്. നിലവിൽ ആറുമാസത്തിലേറെയായി ഈ കെട്ടിടത്തിൽ ക്ലാസുകളോ മറ്റ് പ്രവർത്തനങ്ങളോ നടക്കുന്നില്ല. സർക്കാരിന്റെ മൂന്ന് കോടി രൂപയുടെ ഫണ്ടുപയോഗിച്ച് സ്കൂളിൽ കെട്ടിടത്തിന്റെ നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ഒരുഭാഗം ഇന്നലെ തകർന്നുവീണതെന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. വിനോദും പ്രിൻസിപ്പൽ കൗസ്തുഭവവും അറിയിച്ചു.
കെട്ടിടം പൊളുച്ചുമാറ്റി ഇവിടെ കുട്ടികൾക്കായി കളിസ്ഥലം നിർമ്മിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ജില്ലാപഞ്ചായത്തിന്റെ അനുമതിയും ലേലം ചെയ്ത് നൽകുന്നതിന് കാലതാമസവും നേരിടും.
ജെ.ആർ. അജിത കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്