വെള്ളറട: വേനൽ ചൂട് കടുത്തതോടെ മലയോരമേഖല ചുട്ടുപൊള്ളുകയാണ്. രാവും പകലും ചൂട് കാരണം ജനം നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുൻപത്തെക്കാൾ ചൂടിന്റെ കാഠിന്യം വർദ്ധിച്ചതായാണ് നാട്ടുകാർ പറയുന്നത്. ഒപ്പം റബറുകളുടെയും മറ്റ് മരങ്ങളുടെയും ഇലപൊഴിയുന്നതിനാൽ ചൂടിന്റെ ആക്കം കൂട്ടുകയാണ്. പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. കാഠിന്യം കൂടിയതോടെ ചെറു നീരുറവകളും തോടുകളും വറ്റി വരണ്ടു. കുന്നിൻ മുകളിലുള്ള പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങി കഴിഞ്ഞു. കന്നുകാലി കർഷകരും ഏറെ ബുദ്ധിമുട്ടുകയാണ്. കന്നുകാലിക്കാവശ്യമായ പുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. കാട്ടിലെ നീരുറവകൾ വറ്റിവരണ്ടതോടെ കാട്ടിൽ നിന്നും വെള്ളവും ആഹാരവും തേടി എത്തുന്ന വന്യജീവികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. സാധാരണ മലയോരത്തെ കർഷകന് വന്യജീവിയുടെ ശല്യം കാരണം ഒരു ആദായവും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനു പുറമെയാണ് വന്യജീവികളളുടെ കൂട്ടമായ വരവ് വേനൽ തുടങ്ങിയതോടെ ആരംഭിച്ചിരിക്കുന്നത്. കാർഷിക വിളകൾ എല്ലാം കരിഞ്ഞുണങ്ങിത്തുടങ്ങി. വേനൽ പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വേനലിൽ സൂക്ഷിക്കണം സൂര്യാഘാതത്തെ
കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ മൂന്നോ ദിവസങ്ങൾ കഴിയുന്നതും അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെവരെ സൂര്യാഘാതം ബാധിക്കും. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും വൃക്ക സ്തംഭനം ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യാം. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനെത്തുടർന്നുണ്ടാകാം. തീവ്രമായ അബോധാവസ്ഥക്കും സൂര്യാഘാതം ഇടയാക്കും.