നെടുമങ്ങാട്: പനയ്ക്കോട് സ്വദേശിനിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി സ്വർണ ബ്രേസ്‌ലെറ്റ് പൊട്ടിച്ച കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പ്രതികളും പൊലീസിന്റെ പിടിയിലായി. ഒളിവിലായിരുന്ന മുഖ്യപ്രതി മണക്കാട് പുത്തൻകോട്ട ആറ്റുകാൽ ലൈൻ ദേവീനഗർ ഹൗസ് നമ്പർ -121 മേലതിൽ വീട്ടിൽ എസ്. നവീൻ സുരേഷ് (26) കഴിഞ്ഞ ദിവസം നെടുമങ്ങാട് നിന്നാണ് അറസ്റ്റിലായത്. ജനുവരി 26ന് രാത്രി 11ന് രണ്ട് കാറുകളിലായി നവീൻ സുരേഷിന്റെ നേതൃത്വത്തിൽ പനയ്‌ക്കോട് എത്തിയ സംഘം വത്സല എന്ന വീട്ടമ്മയെ ആക്രമിച്ച് ബ്രേസ്‌ലെറ്റ് പൊട്ടിച്ചെടുക്കുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ ബഹളംകേട്ട് സമീപവാസികൾ ഉണർന്നതോടെ അക്രമിസംഘം രക്ഷപ്പെട്ടു. നരുവാമൂട് സ്വദേശികളായ നിഖിൽ, വിഷ്ണു, കുടപ്പനക്കുന്ന് സ്വദേശി ശാന്തി, കാട്ടായിക്കോണം സ്വദേശി നിഷ എന്നിവരാണ് പിടിയിലായത്.

മൂന്നാം പ്രതി ബാലരാമപുരം സ്വദേശി ആദർശ് ഇപ്പോഴും ഒളിവിലാണ്.