തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾക്ക് ഇനി രണ്ടു നാളിന്റെ കാത്തിരിപ്പ് മാത്രം. ഭക്തരെ വരവേല്ക്കാനും പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പിനും തലസ്ഥാനം ഒരുങ്ങി. തമ്പാനൂർ മുതൽ നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാലമ്മയുടെ ചിത്രം പൂജിക്കാനുള്ള മണ്ഡപം ഒരുങ്ങി. വർണക്കടലാസുകളും തുണിയും ഉപയോഗിച്ച് ക്ഷേത്രമാതൃകയിലാണ് മണ്ഡപങ്ങൾ ഒരുക്കിയിരിക്കുന്നത്. പൗരസമിതികൾ, സന്നദ്ധ സംഘടനകൾ, ആട്ടോ, ടാക്സി, ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ എന്നിവയുടെ കൂട്ടായ്മയിൽ നഗരത്തിൽ പൊങ്കാലയ്ക്കെത്തുന്നവരെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്നുമുതൽ പല കേന്ദ്രങ്ങളിലും പൊങ്കാലയ്ക്ക് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കമാകും. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലേക്ക് പതിവായി പൊങ്കാലയ്ക്ക് എത്തുന്നവർ നാളെ രാവിലെ മുതൽ എത്തി തുടങ്ങും. നഗരത്തിലെ പ്രധാന പാതയോരങ്ങൾ, സർക്കാർ ഓഫീസുകളുടെ പരിസരം എന്നിവിടങ്ങൾക്ക് സമീപമെല്ലാം പലരും സ്ഥലം പിടിച്ചു. ആഗ്രഹസാഫല്യത്തിനായി ഭക്തർ 101, 51, 21 കലങ്ങളിലാണ് പൊങ്കാലയിടുക.ഇതിനുള്ള കുട്ടിക്കലങ്ങളും അനുബന്ധ പാത്രങ്ങളും വീഥികളിൽ വില്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. പൊങ്കാല തയ്യാറാക്കുന്നതിനുള്ള അരി,ശർക്കര, പഴം,അടുപ്പുകൂട്ടാനുള്ള ഇഷ്ടിക തുടങ്ങിയവ വഴിയോരത്തു വില്പനയ്ക്കുണ്ട്. കൊതുമ്പ്, ചൂട്ട്, വിറക് അടക്കമുള്ളവയുടെ വിൽപ്പന പാതയോരത്ത് ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ 10.20നാണ് പൊങ്കാല തുടങ്ങുന്നത്. ഉച്ചയ്ക്ക് 2.10ന് നിവേദ്യം. വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

1270 താത്കാലിക ടാപ്പുകൾ

പൊങ്കാലയ്ക്കാവശ്യമായ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് നഗരത്തിൽ 1270 താത്കാലിക കുടിവെള്ള ടാപ്പുകൾ വാട്ടർ അതോറിട്ടി സ്ഥാപിച്ചു. പൊങ്കാല മേഖലകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കുകളിൽ ടാങ്കർ ലോറികൾ വഴി കുടിവെള്ളമെത്തിക്കും.ആറ്റുകാൽ മേഖലയിലെ കടവുകളിൽ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാല പ്രദേശങ്ങളെ ആറ്റുകാൽ, ഫോർട്ട്, ചാല, ശ്രീവരാഹം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് അത്യാവശ്യ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയാണ്. ആറ്റുകാൽ, കളിപ്പാൻകുളം, കൊഞ്ചിറവിള, കുര്യാത്തി, മണക്കാട് വാർഡുകൾ ഉൾപ്പെടുന്ന ആറ്റുകാൽ മേഖലയിൽ 700 ടാപ്പുകളും തമ്പാനൂർ, ചാല, വാർഡുകൾ ഉൾപ്പെടുന്ന ചാല മേഖലയിൽ 130 ടാപ്പുകളും ഫോർട്ട് ഈഞ്ചയ്ക്കൽ വാർഡുകൾ ഉൾപ്പെടുന്ന ഫോർട്ട് മേഖലയിൽ 160 ടാപ്പുകളും ശ്രീവരാഹം, അമ്പലത്തറ, കമലേശ്വരം, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകൾ ഉൾപ്പെടുന്ന ശ്രീവരാഹം മേഖലയിൽ 280 ടാപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇന്ന് പൂർത്തിയാക്കും.