തിരുവനന്തപുരം : യു.എ.ഇയിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിയെ കേരള പൊലീസ് നാട്ടിലെത്തിച്ചു. പാറശ്ശാല സ്റ്റേഷൻ പരിധിയിൽ 2013 ൽ അഷ്രഫ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കന്യാകുമാരി സ്വദേശിയുമായ കിംഗ്സ്ലിൻ സ്റ്റീഫനെയാണ് പൊലീസ് പിടികൂടി നാട്ടിലെത്തിച്ചത്.
കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തശേഷം സ്റ്റേറ്റ് ഇന്റർപോൾ ലെയ്സൺ ഓഫീസർ കൂടിയായ ഐ.ജി എസ്.ശ്രീജിത്തിനെ അറിയിച്ചു . തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിർദ്ദേശപ്രകാരം സി ബ്രാഞ്ച് ഡി.വൈ.എസ്.പി എ.പ്രമോദ് കുമാർ, പാറശ്ശാല ഇൻസ്‌പെക്ടർ കെ.കണ്ണൻ, ക്രൈം ബ്രാഞ്ച് ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ കോർഡിനേഷൻ ടീമിലെ സബ് ഇൻസ്‌പെക്ടർ എ.ഫിറോസ് എന്നിവർ യു.എ.ഇയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ കോ ഓർഡിനേഷൻ ടീം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി പ്രതികൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിനും വിവിധ കേസുകളിലായി നാലു പ്രതികളെ വിദേശത്തുപോയി അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. അഞ്ചു പ്രതികളെ സംഘം ഇന്ത്യയ്ക്കകത്തുള്ള വിമാനത്താവളങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി, ഐ.ജി എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്.