തിരുവനന്തപുരം : കേരള സർവകലാശാല സർവകലാശാല ആസ്ഥാനത്ത് അന്തർദേശീയ കായികതാരങ്ങളെയും യൂണിവേഴ്സിറ്റി കായികപ്രതിഭകളെയും പങ്കെടുപ്പിച്ച് കായിക സംഗമം നടന്നു. ഐ.എം.വിജയൻ, ഗീതു അന്ന ജോസ്, പി.എസ്.ജീന, ബോബി അലോഷ്യസ്, കെ.സി.ലേഖ, അൻവിൻ ആന്റണി, സാലമ്മ, പി.രാമചന്ദ്രൻ, ജിൻസി ഫിലിപ്പ്, പ്രസീത് കുമാർ തുടങ്ങിയവർ വിദ്യാർത്ഥികളോട് സംവദിച്ചു.
കളിയിലും ജീവിതത്തിലും മുന്നേറാനുള്ള തന്ത്രങ്ങളുമായാണ് അനന്തപത്മനാഭൻ എത്തിയത്. അനില്‍കുംബ്ലെ കാരണം അവസരം കിട്ടാത്ത നിര്‍ഭാഗ്യവാന്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ താൻ ഭാഗ്യവാനാണ്. ദേശീയ ടീമിലേക്ക് സെലക്ഷൻ കിട്ടാതെ പോയപ്പോഴെല്ലാം തളരുകയല്ല സ്വയം കരുത്തനാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നല്ല അവസരം കിട്ടിയാല്‍ കളയരുത്. കളിച്ച് കൊണ്ടും പഠിക്കാൻ കഴിയുമെന്ന് ഐ എം വിജയൻപറഞ്ഞു.
സുഹൃത്തിന് കൂട്ടിന് ഗ്രൗണ്ടിൽ പോയി കായികരംഗത്തെത്തിയ അനുഭവവും അത്‌ലറ്റിക്‌സില്‍ നിന്ന് ബോക്‌സിംഗിലെത്തിയ അനുഭവവുമാണ് കെ.സി ലേഖ പങ്കുവെച്ചത്. കായിക താരങ്ങൾ ധാർമികത കൈവിടരുതെന്നും തങ്ങളുടെ ശരീരത്തിനിണങ്ങുന്ന കഴിവിന് ഉതകുന്ന മത്സര ഇനമായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നുമായിരുന്നു ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ വാക്കുകൾ.
ചടങ്ങിൽ കേരള സർവകലാശാലയിലെ മുതിർന്ന പരിശീലകരെ ആദരിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ചാമ്പ്യൻമാരായ ഫുട്‌ബോൾ ടീമിനെ അനുമോദിച്ചു.
സർവകലാശാല പ്രോ-വൈസ് ചാൻസലർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സിൻഡിക്കേറ്റംഗം അഡ്വ.ബി.ബാലചന്ദ്രൻ സ്വാഗതവും സിൻഡിക്കേറ്റംഗം ശ്രീ.ജയരാജ് ജെ നന്ദിയും രേഖപ്പെടുത്തി.
പ്ലാറ്റിനം ജൂബിലി മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
സർവകലാശാല ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച പ്ലാറ്റിനം ജൂബിലി മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക, യുവജന, വ്യാവസായിക, വാണിജ്യ വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ നിർവ്വഹിച്ചു. കായികരംഗത്തിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നതിന് നിലവിലുളള സ്‌പോർട്സ് സ്‌കൂളുകൾ പോലെ സ്‌പോർട്സ് കോളേജുകളും സ്‌പോർട്സ് അക്കാദമികളും ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി അറിയിച്ചു. കായികരംഗത്ത് സർവകലാശാല കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനത്തെ മന്ത്രി അനുമോദിച്ചു. വരും കാലങ്ങളിൽ സർക്കാരിന്റെ എല്ലാ സഹായങ്ങളും സർവകലാശാലയുടെ കായികരംഗത്തിന്റെ വളർച്ചയ്ക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുമാനപ്പെട്ട കേരള സർവകലാശാല പ്രോ- വൈസ് ചാൻസലർ പ്രൊഫ.(ഡോ.) പി.പി അജയകുമാർ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാൻ ചടങ്ങിൽ ആശംസയും അഡ്വ.എ.അജികുമാർ സ്വാഗതവും ആശംസിച്ചു. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ഐ.എം.വിജയൻ സന്നിഹിതനായിരുന്നു.
ചടങ്ങിൽ സിൻഡിക്കേറ്റംഗങ്ങളായ അഡ്വ.ബി.ബാലചന്ദ്രൻ, ശ്രീ.ജയരാജ്.ജെ, ശ്രീ.ആർ.അരുൺകുമാർ, ഡോ.എസ്.നസീബ്, ശ്രീ.ജി.ബിജുകുമാർ, ഡോ.ഗോപ്ചന്ദ്, പ്രൊഫ.കെ.ലളിത, ശ്രീ.മുഹമ്മദ് യാസീൻ, സർവകലാശാല ജീവനക്കാരുടെ പ്രതിനിധികളായ ശ്രീ.എസ്.വി.സാജ്, ശ്രീ.സി.കെ.സുരേഷ് കുമാർ, ശ്രീ.എസ്.നജുമുദ്ദീൻ, ശ്രീ.ശോഭ.കെ (സർവകലാശാല എഞ്ചിനീയർ) എന്നിവർ ആശംസകൾ അറിയിച്ചു. സർവകലാശാല കായികവകുപ്പ് ഡയറക്ടർ ഡോ.ജയരാജൻ ഡേവിഡ് നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയോട് അനുബന്ധിച്ച് കേരള സർവകലാശാലയും എം.ജി സർവകലാശാലയും തമ്മിൽ ബാസ്‌കറ്റ്‌ബോൾ മത്സരവും സംഘടിപ്പിച്ചു.
(ഫോട്ടോ ഉൾപ്പെടുത്തിയിട്ടു്)