page1

തിരുവനന്തപുരം:പൊലീസിലെ അഴിമതിയും വെടിയുണ്ടകൾ കാണാതായതും സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങളും മറ്റ് ക്രമക്കേടുകളുടെ രഹസ്യ ഫയലുകളും ചോർന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എ.രാജശേഖരൻ നായർ നേതൃത്വം നൽകും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് റിട്ട.സ്പെഷ്യൽ സെക്രട്ടറിയാണ് ഇദ്ദേഹം. എ.ഡി.ജി.പി മനോജ് ഏബ്രഹാം ,ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി ഉദയകുമാർ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.

അതേസമയം, ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ, വിരമിച്ച ഉദ്യോഗസ്ഥന്റെ സംഘത്തിന് നിയമപരമായ അധികാരമില്ലെന്ന് അക്ഷേപമുണ്ട്. ചോർച്ചയുമായി ബന്ധപ്പെട്ട് എം.എൽ.എ അടക്കമുള്ളവരുടെ മൊഴിയെടുക്കാനും നിയമപരമായി കഴിയില്ല.വകുപ്പുകളിലെ ക്രമക്കേട് അടക്കമുള്ള ഭരണപരമായ കാര്യങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥതല സമിതിക്ക് അന്വേഷിക്കാനാവുകയെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ പ്രതിരോധത്തിൽ

അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ കഴിഞ്ഞ ദിവസമാണ് അസാധാരണ ഉത്തരവിറക്കിയത്. സംഘത്തിലുള്ളവരുടെ പേരോ, അന്വേഷണ വിഷയങ്ങളോ ഉത്തരവിൽ പരാമർശിച്ചിരുന്നില്ല.

പൊലീസിലെ ഫയൽ ചോർച്ചയാണ് പ്രധാനമായും അന്വേഷിക്കുക. ഇതിന്റെ മറവിൽ പൊലീസിലെ ഉന്നതരുടെയും പ്രതിപക്ഷ നേതാവ് അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തുകയാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.

പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെ, വകുപ്പിൽ ഉപകരണങ്ങൾ വാങ്ങിയതിലെ വൻ ക്രമക്കേടുകളുടെ വിവരങ്ങളും ചോർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കി. പിന്നാലെ, പൊലീസിൽ സാധനങ്ങൾ വാങ്ങുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ജുഡിഷ്യൽ കമ്മിഷനെ സർക്കാർ നിയോഗിച്ചു. തുടർന്നാണ് വിവരങ്ങൾ ചോർന്നത് അന്വേഷിക്കാൻ ഉത്തരവിറക്കിയത്

പൊലീസിൽ നിന്നു വിവരങ്ങൾ ചോരുന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ഒരാൾ ഡി.ജി.പി ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെഹ്റ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്.