അൻസാർ എസ്. രാജ്
തിരുവനന്തപുരം : ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ഫുട്ബാൾ കിരീടം നേടിയ കേരള യൂണിവേഴ്സിറ്റി ടീമിലെ നാല് കളിക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി ഒരുവർഷത്തെ വിലക്ക്. അമൃത്
സർ ഗുരുനാനാക്ക് യൂണിവേഴ്സിറ്റിക്കെതിരായ മത്സരത്തിൽ വിജയിച്ചതിന് തൊട്ടുപിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് കേട്ടുകേൾവിയില്ലാത്ത രീതിയിൽ നാല് കളിക്കാരെ ഇത്രയും ദീർഘമായ കാലയളവിലേക്ക് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വിലക്കിയിരിക്കുന്നത്.
പഞ്ചാബിൽ നിന്നുള്ള യൂണിവേഴ്സിറ്റിയെ കേരളത്തിൽ നിന്നുള്ള കുട്ടികൾ തോൽപ്പിച്ചതിന്റെ ദേഷ്യം കായികമായി തീർക്കുകയായിരുന്നു അവരെന്ന് കേരള യൂണി. ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകരും ഏീം മാനേജർമാരും പറയുന്നു. കളിക്കളത്തിൽവച്ച് തിരഞ്ഞുപിടിച്ച് മർദ്ദിച്ചപ്പോൾ പ്രതിരോധിക്കാൻ നോക്കിയ മലയാളി താരങ്ങൾക്കാണ് ജേതാക്കളായി എത്തിയതിന് തൊട്ടുപിന്നാലെ വിലക്ക് ഉത്തരവ് കിട്ടിയിരിക്കുന്നത്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയും ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഫെഡറേഷനും ചേർന്നാണ് വിലക്കിയിരിക്കുന്നത്. ഇതോടെ ഇവർ സംഘടിപ്പിക്കുന്ന ഒരു മത്സരത്തിലും ഇൗ കായിക താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയാതെവരും.
വിലക്കപ്പെട്ട നാലുപേരിൽ രണ്ട് പേർക്ക് കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. വിലക്ക് പ്രാബല്യത്തിൽ വന്നതിനാൽ ഇവർക്ക് ക്യാമ്പിൽ പ്രവേശനം നിഷേധിക്കപ്പെടും. ഖേലോ ഇന്ത്യയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തയിലെ ഇൗസ്റ്റ് ബംഗാൾ അടക്കമുള്ള ക്ളബുകൾ ഇൗ കളിക്കാരെ ക്ഷണിച്ചിട്ടുണ്ട്. അതും അവതാളത്തിലാകും.
അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ പോലും കളിക്കാരെ ഇത്ര ദീർഘകാലത്തേക്ക് വിലക്കാറില്ല. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരമാവധി നാല് മത്സരങ്ങളിലാണ് വിലക്ക് വരുക. എന്നാൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ കിരീടം നേടിയതിന്റെ ചൊരുക്കു തീർക്കാൻ ഒരുവർഷത്തേക്ക് വിലക്കുകയായിരുന്നു. തങ്ങളുടെ ഭാവി തകർക്കുന്ന വിലക്ക് നീക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്നലെ കായികമന്ത്രി ഇ.പി. ജയരാജന് പരാതി നൽകിയിട്ടുണ്ട്.