exxibition

തിരുവനന്തപുരം: ആനയുടെ ശരീരവും ഓർമ്മയും ഭാവിയും കാമറയിലൂടെ വരച്ചിടുകയാണ് പ്രവീൺ മോഹൻദാസ് ' കരി ' എന്ന തന്റെ ചിത്രപ്രദർശനത്തിൽ. ചെറുപ്പം തൊട്ട് ആനകളെയും കാടിനെയും സ്‌നേഹിച്ച തൃശൂരുകാരൻ മുതിർന്നപ്പോൾ കാടിനെ അറിയാനായി യാത്രകൾ ചെയ്‌തു. കാടിനോടുള്ള അടുപ്പം ആനകളോടുള്ള അടുപ്പമായി മാറി. ദിവസങ്ങളോളം കാട്ടിൽ കഴിഞ്ഞ് ആനകളുടെ ജീവിതത്തെ അടുത്തറിഞ്ഞു. ആനകളുടെ ശരീരവും സ്വഭാവവും സവിശേഷതകളും തിരിച്ചറിഞ്ഞതിൽ നിന്നാണ് ആനകളെ കേന്ദ്രമാക്കി ഒരു പ്രോജക്ട് ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ചിത്രപ്രദർശനം ഒരുക്കിയിട്ടുള്ളത്. ബോഡി, മെമ്മറി, ഡെസ്റ്റിനി എന്നീ ആശയങ്ങളാണ് 'കരി ' എക്‌സിബിഷനിലെ ചിത്രങ്ങളിലുള്ളത്. ആനയുടെ ശരീരവും ആനയുടെയും മനുഷ്യന്റെയും ഓർമ്മകളും മനുഷ്യന്റെ ഇടപെടലിനെ തുടർന്ന് ആനയുടെ നിലനില്പ് ഇനിയെങ്ങനെയെന്നുള്ള ആശങ്കയും ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റിൽ നിന്നാണ് ആനച്ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. 15 വർഷത്തോളമായി പ്രവീൺ ജിം കോർബറ്റിലെ വനാന്തരങ്ങളിൽ കാമറയുമായി ആനകൾക്കൊപ്പമുണ്ട്.
ജവഹർ നഗർ ലോംഗ് ടൈം ആർട്ട് ഗാലറിയിൽ ഇന്നലെ ആരംഭിച്ച പ്രദർശനത്തിൽ 15 ചിത്രങ്ങളാണുള്ളത്. കണ്ടുപരിചയിച്ച ആനച്ചിത്രങ്ങളുടെ കാഴ്ചയല്ല, മറിച്ച് വലിയ ഉൾക്കാഴ്ചകൾക്കും കാടിനെയും പരിസ്ഥിതിയെയും പറ്റിയുള്ള ഉൾവിചാരങ്ങൾക്കും പ്രേരണയായേക്കാവുന്ന ചിത്രങ്ങളാണിവ. ലസ്റ്റർ എന്ന പേപ്പർ സങ്കേതത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ ഉദ്ഘാടനം ചെയ്‌ത എക്‌സിബിഷൻ ഈ മാസം 15ന് സമാപിക്കും.