തിരുവനന്തപുരം: മലയാളത്തിന്റെ മുത്തശ്ശി കാർത്ത്യായനിഅമ്മ ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി സമ്മാനിക്കുന്ന നാരീശക്തി പുരസ്‌കാരം ഇന്ന് ഏറ്റുവാങ്ങും.രാജ്യത്ത് വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്‌കാരം.വനിതാ ശാക്തീകരണത്തിനായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വനിതകൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ പുരസ്‌കാരം നൽകുന്നത്. തൊന്നൂറ്റിയെട്ടാം വയസിൽ ഡൽഹിയാത്രയ്ക്ക് വിമാനം കയറാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തിയ മുത്തശ്ശിക്ക് അങ്കലാപ്പ് അശേഷമില്ലായിരുന്നു. ഇളയ മകൾ അമ്മിണി അമ്മയും സാക്ഷരതാ പ്രേരക് സതിയും അനുഗമിക്കുന്നുണ്ട്. ഡൽഹിയിൽ ആഡംബര ഹോട്ടലായ അശോകയിലാണ് താമസം. നാളെ രാത്രി 8ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. രാവിലെ സാക്ഷരതാ മിഷൻ ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താനൊപ്പം ജില്ലാ പഞ്ചായത്തിന്റെ വാഹനത്തിൽ തിരുവനന്തപുരത്തെ സാക്ഷരതാ മിഷൻ ഡയറക്ടറുടെ ഓഫീസിൽ എത്തിയ കാർത്ത്യായനി അമ്മയ്ക്ക് ഡയറക്ടർ ഡോ. കെ.പി.ശ്രീകലയുടെ നേതൃത്വത്തിൽ പതിനാലു ജില്ലകളുടെ പ്രതിനിധികളായെത്തിയ 100അംഗ സംഘം സ്വീകരണം നൽകി. എയർപോർട്ടിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയൻ യാത്രാമംഗളം നേരാനെത്തി. ഉച്ചക്ക് 12മണിക്കുള്ള വിമാനത്തിൽ യാത്രതിരിച്ചു.
ഈ പ്രായത്തിൽ വിമാനം കയറുമെന്നോ രാഷ്ട്രപതി ഭവനിൽ എത്തി പുരസ്കാരം സ്വീകരിക്കുമെന്നോ ഒരിക്കലും കരുതിയതല്ല കാർത്ത്യായനിഅമ്മ. ആറ് പെൺമക്കളുള്ള കുടുംബമായിരുന്നു. സ്കൂളിൽ പോയിട്ടില്ല. വീട്ടിലെ കഷ്ടപ്പാട് നിമിത്തം കുട്ടിയായിരിക്കുമ്പോഴേ ക്ഷേത്രങ്ങളിലെ തൂപ്പുജോലിക്കു പോകേണ്ടിവന്നു. മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്ഷേത്രങ്ങളിലായിരുന്നു ജോലി. എത്രദൂരമായാലും നടക്കുന്നതായിരുന്നു പതിവ്. തൊണ്ണൂറുവയസുവരെ ജോലിചെയ്തു. ഇപ്പോൾ 98 വയസായി. 2018 ആഗസ്റ്റിൽ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ വിജയിച്ചതോടെയാണ് കഥ മാറിയത്. 96-ാം വയസിൽ 98 മാർക്കും ഒന്നാംറാങ്കും കരസ്ഥമാക്കിയായിരുന്നു വിജയം.. .രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ കാർത്ത്യായനിഅമ്മ ഇപ്പോൾ 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിംഗിന്റെ ഗുഡ്‌വിൽ അംബാസഡറാണ്. ഇനി പത്താം ക്ളാസ് ജയിക്കണമെന്നും കമ്പ്യൂട്ടർ പഠിക്കണമെന്നും അക്ഷരലക്ഷം സർട്ടിഫിക്കറ്റ് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് മുത്തശ്ശി തുറന്നു പറഞ്ഞിരുന്നു. താമസിയാതെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വീട്ടിലെത്തി ലാപ്ടോപ് സമ്മാനിക്കുകയും ചെയ്തിരുന്നു.