ടോക്കിയോ : ജൂലായിൽ നടക്കേണ്ട ഒളിമ്പിക്സിനുള്ള സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയായതായി ജപ്പാൻ . എന്നാൽ കൊറോണ വൈറസിന്റെ വ്യാപനം കാരണം ഗെയിംസ് സമയത്ത് നടക്കുമോ എന്ന് ഉറപ്പിച്ച് പറയാൻ സംഘാടകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ടോക്കിയോയിലെ അക്വാട്ടിക്സ് സെന്ററിന്റെ പണി മാത്രമേ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളു. ഇത് കഴിഞ്ഞ മാസം പൂർത്തിയായതായി ഒളിമ്പിക്സ് സംഘാടകർ ഇന്നലെ അറിയിച്ചു. ഒളിമ്പിക്സിനായി എട്ട് പുതിയ സ്റ്റേഡിയങ്ങളും അത്ലറ്റ്സ് വില്ലേജുമാണ് ജപ്പാൻ നിർമ്മിച്ചത്. ജൂലായ് 24ന് ഉദ്ഘാടനചടങ്ങുകൾ നടക്കുന്നത്. പുതിയ നാഷണൽ സ്റ്റേഡിയത്തിലാണ്. ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ നിശ്ചയിച്ചിരുന്നതിലും നേരത്തെ കഴിഞ്ഞ നവംബറിൽ ത്തന്നെ പൂർത്തിയായിരുന്നു. 25 നിലവിലുള്ള സ്റ്റേഡിയങ്ങളും 10 താത്കാലിക സ്റ്റേഡിയങ്ങളും അടക്കം 43 വേദികളാണ് ഒളിമ്പിക്സിനുള്ളത്.
അതേസമയം കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടികൾ ജാപ്പനീസ് സർക്കാർ കർക്കശമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള സന്ദർശകരെ സുരക്ഷാ കാലയളവായ രണ്ടാഴ്ചത്തേക്ക് മാറ്റിത്താമസിപ്പിക്കാനും നിരീക്ഷിക്കാനും സർക്കാർ ഉത്തരവിട്ടു. ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗിന്റെ ജപ്പാൻ സന്ദർശനം മാറ്റുകയും ചെയ്തിട്ടുണ്ട്.
താരങ്ങൾ ചടങ്ങുകളിൽ
പങ്കെടുക്കേണ്ടെന്ന് ഫെഡറേഷൻ
ദേശീയ ക്യാമ്പിലുള്ള കായിക താരങ്ങൾ പൊതുചടങ്ങുകളിലോ സ്വകാര്യ ചടങ്ങുകളിലോ പങ്കെടുക്കരുതെന്ന് അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ അറിയിച്ചു.
ദേശീയ ക്യാമ്പിലുള്ള അത്ലറ്റുകൾ ക്യാമ്പസ് വിട്ട് പുറത്തുപോകരുത്. ക്യാമ്പസിന് പുറത്തുള്ളവർക്കൊപ്പം ട്രെയിനിൽ സഞ്ചരിക്കരുത്, പനിയോ ജലദോഷമോ ഉണ്ടായാൽ ഉടനടി ഡോക്ടറുടെ അടുക്കൽ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഇന്ത്യൻ ആർച്ചറി ടീമിനെ
ഏഷ്യാകപ്പിന് വിടില്ല
കൊൽക്കത്ത : ഞായറാഴ്ച ബാങ്കോക്കിൽ തുടങ്ങുന്ന ഏഷ്യാകപ്പ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ ടീമിനെ പിൻവലിച്ചു. അഞ്ചുമാസത്തെ വിലക്കിനുശേഷം ഇന്ത്യ മത്സരിക്കാനിരുന്ന ആദ്യ അന്താരാഷ്ട്ര ടൂർണമെന്റായിരുന്നു ഇത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ടീമിനെ അയയ്ക്കേണ്ടെന്ന് ആർച്ചറി അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
ഷൂട്ടിംഗ് ലോകകപ്പ് മാറ്റി
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇൗമാസം 15ന് ന്യൂഡൽഹിയിൽ തുടങ്ങാനിരുന്ന ഷൂട്ടിംഗ് ലോകകപ്പ് 16ന് ടോക്കിയോയിലെ ഒളിമ്പിക്സ് ഷൂട്ടിംഗ് വേദിയിൽ നടത്താനിരുന്ന ടെസ്റ്റ് ഇവന്റ് റദ്ദാക്കിയിട്ടുണ്ട്.
ഡൽഹിയിലെ ലോകകപ്പിൽ നിന്ന് 22 രാജ്യങ്ങൾ പിൻമാറിയതിനാലാണ് മാറ്റിവയ്ക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞയാഴ്ച സൈപ്രസിലെ ഷൂട്ടിംഗ് ലോകകപ്പിൽനിന്ന് ഇന്ത്യ പിൻമാറിയിരുന്നു.