sreechitra

തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷണപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പൂജപ്പുരയിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിൽ (ബിഎംടി വിംഗ്) സംഘടിപ്പിച്ച ഓപ്പൺഡേ കാണികൾക്ക് നവ്യാനുഭവമായി. സാധാരണക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം പേരാണ് പ്രദർശനങ്ങൾ കാണാനെത്തിയത്. ശ്രീചിത്ര ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് വിവിധ ലാബുകൾ സന്ദർശിക്കുന്നതിനും ശാസ്ത്രജ്ഞരുമായി സംസാരിക്കുന്നതിനുമുള്ള അവസരമൊരുക്കി. ശ്രീചിത്ര വികസിപ്പിച്ചെടുത്ത വിവിധ ഉപകരണങ്ങൾ കാണിക്കുകയും അവയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കാർഡിയോ വാസ്‌കുലാർ, ഹാർഡ് ടിഷ്യൂ, ന്യൂറോപ്രോസ്‌തെറ്റിക്, ബയോളജിക്കൽ ആൻഡ് കോമ്പിനേഷണൽ, ഇൻവിട്രോ ഡയഗ്‌നോസ്റ്റിക്സ് ആന്റ് പോയിന്റ് ഓഫ് കെയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു ഉപകരണങ്ങളുടെ പ്രദർശനം. കൃത്രിമ ഹൃദയ വാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനറേറ്റർ, അയോട്ടിക് സ്‌റ്റെന്റ് ഗ്രാഫ്റ്റ്, എ.എസ്.ഡി ഒക്ലൂഡർ, ഡീപ് ബ്രെയിൻ സിമുലേറ്റർ, ഫ്‌ളോ ഡൈവെർട്ടർ സ്‌റ്റെന്റ്, വെയിൻ വ്യൂവർ, ഇൻഫന്റ് വാർമർ മുതലായ ഉപകരണങ്ങളും ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളുമാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുത്ത ലാബുകൾ സന്ദർശിക്കാനുള്ള സൗകര്യവും ഓപ്പൺഡേയുടെ ഭാഗമായി ഒരുക്കിയിരുന്നു.