7

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ കലാകിരീടം തുടർച്ചയായി സ്വന്തമാക്കുന്ന മാർ ഇവാനിയോസ് കോളേജിനെ ഇത്തവണ യൂണിവേഴ്സിറ്റി കോളേജ് അട്ടിമറിക്കുമോ? അവസാന മത്സരങ്ങൾ രാത്രി വൈകിയും തുടരുമ്പോൾ ജേതാക്കളുടെ സസ്പെൻസ് തുടരുകയാണ്.

ആകെയുള്ള 102 മത്സരയിനങ്ങളിൽ 100 എണ്ണത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ 206 പോയിന്റുമായി മാർ ഇവാനിയോസാണ് മുന്നിൽ. 196 പോയിന്റുമായി യൂണിവേഴ്‌സിറ്റി കോളേജ് രണ്ടാം സ്ഥാനത്ത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ ഫലം നിർണായകമാകും.

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ വി.എസ്. നീരജ് കലാപ്രതിഭയാകുമെന്നുറപ്പായി. കഴിഞ്ഞ തവണത്തെ കലാപ്രതിഭയായ വിഷ്ണുറാമിനെ അവസാന നിമിഷം മറികടന്നാണ് നീരജ് സ്വപ്ന നേട്ടത്തിലെത്തിയത്.

നീറമൺകര എൻ.എസ്.എസ് കോളജിലെ മാളവിക എസ്. ഗോപൻ കലാതിലകമാകും. വിവിധ മത്സരങ്ങളിൽ നിന്നായി
25 പോയിന്റുകളാണ് മാളവിക സ്വന്തമാക്കിയത്.

നൃത്തയിനങ്ങളിലെ മിന്നുന്ന പ്രകടനമാണ് മാർ ഇവാനിയോസിനെ മുന്നിലെത്തിച്ചതെങ്കിൽ രചനാവിഭാഗത്തിൽ എഴുതിക്കയറിയായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിന്റെ പോരാട്ടം.

സംഗീത വിഭാഗത്തിൽ സ്വാതി തിരുനാൾ സംഗീത കോളേജ് 74 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. 71 പോയിന്റ് നേടിയ വഴുതക്കാട് വിമൻസ് കോളേജാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. തിയറ്റർ വിഭാഗം മത്സരങ്ങളിൽ 20 പോയിന്റ് നേടിയ യൂണിവേഴ്‌സിറ്റി കോളേജും എട്ട് പോയിന്റു നേടിയ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. ഫൈൻ ആർട്‌സ് വിഭാഗത്തിൽ തിരുവനന്തപുരം എം.ജി കോളജ് എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.