തിരുവനന്തപുരം: മൂക ദമ്പതികളുടെ ഒരുവയസു പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. .കരമന തമലം ടി.സി 19/1755 ചാമവീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന മനോജ് - ഗീതു ദമ്പതികളുടെ കുഞ്ഞ് ആദിദേവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്നവരും ഹിന്ദി സംസാരിക്കുന്നവരുമായ രണ്ടുപേർക്കെതിരെ കരമന പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം. മൂന്നുവയസുള്ള മൂത്ത കുട്ടി അഭിരാം വീടിന് സമീപത്തെ നഴ്‌സറിയിലായിരുന്നു. മനോജ്‌ ജോലിക്ക്‌ പോയിരുന്നതിനാൽ ഗീതുവും ആദിദേവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയെ കട്ടിലിൽ കിടത്തിയശേഷം ഗീതു ബാത്ത്‌റൂമിൽ പോയി മടങ്ങിവരുന്നതിനിടെ മുൻവശത്തെ വാതിൽ തള്ളി തുറന്ന് രണ്ടുപേർ അകത്തുകയറി കുട്ടിയെ എടുക്കാൻ ശ്രമിക്കുകയും തടഞ്ഞ ഗീതുവിനെ കഴുത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മുഖത്ത് മുളകുപൊടി വിതറുകയുമായിരുന്നു. ഗീതു നിലവിളിച്ചപ്പോൾ പുറകുവശത്തെ മതിൽ ചാടി ഇവർ രക്ഷപ്പെട്ടെന്ന് ഗീതു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കരമനപോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.