varavishesham-

മന്ത്രി ഇ.പി. ജയരാജനണ്ണൈ വാക്കിലോ നോക്കിലോ ഒരെറുമ്പിനെപ്പോലും നോവിക്കരുതെന്ന് മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസവും ഊണിലും ഉറക്കത്തിലും ചിന്തിച്ചുനടക്കുന്നയാളാണ്. ആ ശരീരഭാരവും നടപ്പും കണ്ടാൽ ചിലരെല്ലാം തെറ്റിദ്ധരിച്ചേക്കാം. യഥാർത്ഥത്തിൽ പ്രാവിന്റെ മനസ്സാണ് ആ ശരീരത്തിനകത്ത് കുടികൊള്ളുന്നത് എന്നറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുപത്തിനാല് മണിക്കൂറും പലരും കുറ്റവും കുറവും പറഞ്ഞ് നടക്കുന്നത്. ആ മനസ്സിനെ തിരിച്ചറിയാത്ത ജന്മങ്ങൾ പലതും പറഞ്ഞുനടന്നുവെന്ന് വരും. അങ്ങനെയുള്ളവരെ മനസ്സിലോർത്താൽ ചിലപ്പോൾ ഗുരുവായ എം.വി.ആർ എഴുതിയത് പോലെ ഒരു ജന്മം എന്ന പേരിലൊരു ആത്മകഥ ഇ.പിയണ്ണൈയും എഴുതേണ്ടി വരും. എഴുത്ത് എന്നൊക്കെ പറയുന്ന വയ്യാവേലി കൂടി ഏറ്റെടുക്കാനുള്ള ത്രാണിയില്ലാത്തതിനാൽ ഈ കുറ്റവും കുറവും പറഞ്ഞ് നടക്കുന്ന ജന്മങ്ങളെ തൃണവൽഗണിച്ച് നടക്കാറാണ് പതിവ്.

അങ്ങനെയിരിക്കെയാണ് നിയമസഭയിലിരുന്ന് പ്രതിപക്ഷം ചില വേണ്ടാതീനങ്ങളെല്ലാം വിളിച്ചുപറഞ്ഞത്. മുഖ്യമന്ത്രി പിണറായിസഖാവ് പ്രസംഗിച്ച് കൊണ്ടിരിക്കവേ, തൊട്ടിപ്പുറത്തിരിക്കുന്ന ജയരാജനണ്ണൈ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടവരുണ്ട്.

കള്ള റാസ്കൽ എന്ന് ജയരാജനണ്ണൈ വിളിച്ചുപറഞ്ഞു എന്നാണ് പ്രതിപക്ഷം പറയുന്നത്. ശാന്തം, പാപം എന്നല്ലാതെന്ത് പറയാൻ! കള്ള റാസ്കൽ എന്ന വാക്ക് പോലും ജീവിതത്തിലിന്നേവരെ കേട്ടിട്ടില്ലാത്തയാളാണ് അദ്ദേഹം. ഉറുമ്പിനെ നോവിക്കാത്ത പ്രകൃതമാണെന്ന് നേരത്തേ പറഞ്ഞല്ലോ. ഇനി ഉറുമ്പെങ്ങാനും സ്വന്തം വഴി തടസ്സപ്പെടുത്താൻ വന്നാൽ തന്നെ, മകനേ ഉറുമ്പേ നീയൊന്ന് മാറിത്തരുമോ എന്ന് ചോദിക്കുന്നതാണ് ശീലം. എന്നിട്ടും കേട്ടില്ലെങ്കിൽ മാത്രം സ്നേഹത്തോടെ അതിനെ എടുത്തുപൊക്കി മാറ്റിവയ്ക്കും. അതിപ്പോൾ നിയമസഭയിലാണെങ്കിലും പുറത്താണെങ്കിലും ഇതാണ് ശീലം. 2015 മാർച്ച് 13ന് നിയമസഭയിൽ മാണിസാർ ബഡ്ജറ്റവതരിപ്പിക്കാൻ വന്ന വേളയിൽ ജയരാജനണ്ണൈ സഞ്ചരിച്ച വഴിയിൽ തടസ്സമായി നിന്ന സ്പീക്കറുടെ കസേരയോട് കാട്ടിയതും ഇതേ നീതിയായിരുന്നു. 'നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന, മർക്കടാ! നീയങ്ങ് മാറിക്കിട, ശഠാ!' എന്ന മട്ടിൽ കയർക്കാനൊന്നും അദ്ദേഹം നിന്നിട്ടില്ല, അന്നും. കണ്ടാൽ ചിലപ്പോൾ കല്യാണസൗഗന്ധികത്തിലെ ഭീമനെപ്പോലെയൊക്കെ തോന്നിപ്പിക്കുമെങ്കിലും! കസേരയെ സ്നേഹത്തോടെ പൊക്കിയെടുത്ത് മാറ്റുക മാത്രമാണ് ചെയ്തത്.

കള്ള റാസ്കൽ എന്ന് ഇ.പിയണ്ണൈ വിളിച്ചുപറഞ്ഞുവെന്ന് പറയുന്ന പ്രതിപക്ഷത്തിന് അത് സഭാരേഖയിലെവിടെയെങ്കിലും കാണിച്ചുതരാൻ പറ്റുമോ? പറ്റില്ല. അപ്പോൾ പിന്നെ ആരോപണമുന്നയിക്കുന്നതിന് എന്തടിസ്ഥാനമാണുള്ളത്. ഇനി അഥവാ കള്ള റാസ്കൽ എന്ന് വിളിക്കണമെങ്കിൽ പോലും അദ്ദേഹം നാലുവട്ടം ചിന്തിക്കാതെ ചെയ്യില്ല. ഒന്നാമതായി ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദ താരാവലിയിൽ പരതി അതിന്റെ അർത്ഥവിന്യാസങ്ങൾ മനസ്സിലാക്കും. അത് ഇ.പിയണ്ണൈയുടെ മാത്രം ശീലമല്ല. കണ്ണൂരിൽ തന്നെയുള്ള എം.വി. ജയരാജനണ്ണൈയും ശീലിച്ചുവന്നിട്ടുള്ളത് ഇതാണ്. പണ്ട് ഏതോ ജഡ്ജിയദ്ദേഹത്തെ ശുംഭൻ എന്ന് വിളിച്ചത് അദ്ദേഹം അങ്ങനെയായിരുന്നു. ശബ്ദതാരാവലി വിശദമായി പരിശോധിച്ചപ്പോൾ ശുംഭൻ എന്ന വാക്കിന് പ്രകാശം പരത്തുന്നവൻ എന്ന മനോഹരമായ അർത്ഥം പിടികിട്ടിയ മാത്രയിലാണ് ജഡ്ജിയദ്ദേഹത്തിന്റെ മഹത്വം എടുത്തുകാട്ടാൻ എം.വി.ജയരാജനണ്ണൈ ആ പദപ്രയോഗം നടത്തിയത്. പാതയോരത്ത് പൊതുയോഗം നിരോധിച്ച ജഡ്ജിയദ്ദേഹം പ്രകാശം പരത്തുന്നവനാണ് എന്നദ്ദേഹം പറഞ്ഞത് കേട്ടിട്ട്, നല്ലവനായ എം.വി. ജയരാജൻ ഒന്ന് വിശ്രമിക്കട്ടെയെന്ന് കരുതി മാത്രമാണ് സുപ്രീംകോടതി നാലാഴ്ച ജയിലിൽ കിടക്കാൻ വിട്ടത്.

വികൃതിപ്പിള്ളേരെ തമാശയ്ക്ക് റാസ്കൽ എന്ന് വിളിക്കാറുള്ളത് പോലെ ഇ.പിയണ്ണൈ വിളിച്ചിട്ടുണ്ടോയെന്നറിയില്ല. പ്രതിപക്ഷത്തിന്റെ കളി കാണുമ്പോൾ അദ്ദേഹത്തിന് വികൃതിപ്പിള്ളേരെ ഓർമ്മ വന്നാൽ അതൊരു തെറ്റുമല്ല. ഇതൊന്നും മനസ്സിലാക്കാതെ ഇ.പിയണ്ണൈയെ ദുർഗുണ പരിഹാര പാഠശാലയിലയക്കണം എന്നെല്ലാം ചെന്നിത്തലഗാന്ധി പറയുന്നതാണ് പിടികിട്ടാത്തത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com