വർഷം 1986 . വസ്ത്ര ഡിസൈനിംഗ് രംഗത്തേക്ക് മലയാളി വനിതകൾ വിരലിലെണ്ണാൻ പോലുമില്ലാത്ത കാലം. സ്ഥിരം ഡിസൈനിൽ സാരിയും ബ്ലൗസും സൽവാർ കമ്മീസും തയ്ക്കുന്ന തയ്യൽക്കാരികൾക്കപ്പുറം ഫാഷൻ ഡിസൈനേഴ്സ് എന്ന ആശയത്തിന് പോലും പ്രസക്തിയുമില്ല. അവിടെ നിന്നും വളർന്ന കഥയാണ് തലസ്ഥാനത്തെ പ്രമുഖ ഡിസൈനർ കം ബുട്ടീക് ആയ സെറീനയുടെ സാരഥി ഷീല ജെയിംസിന്റെത്. 34 വർഷങ്ങൾക്കുറത്ത് നിന്നാരംഭിച്ച വിജയഗാഥയിൽ വനിതാ സംരഭകർക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംരഭകത്വ അവാർഡിന്റെ നേട്ടമാണ് അവസാനത്തേത്.
ചെറിയ രീതിയിൽ തുടങ്ങി ഇഷ്ടമേഖലയോടുള്ള ആത്മാർത്ഥതയും പരിശ്രമവും കൊണ്ടാണ് രാജ്യമെങ്ങും അറിയപ്പെടുന്ന ബ്രാൻഡായി ഷീല സെറീനയെ വളർത്തിയത്. വിവാഹശേഷം ഭർത്താവിന്റെ ജോലി സ്ഥലമായ ചെന്നൈയിലായിരുന്നു താമസം. പഠിക്കുന്ന കാലത്തേയുള്ള വസ്ത്ര ഡിസൈനിംഗ് എന്ന ഇഷ്ടം പൊടിതട്ടിയെടുക്കുന്നത് ഇവിടെവച്ചാണ്. വെറുതെ ചെയ്ത ഒരു ഡിസൈൻ കണ്ട് വസ്ത്രവിൽപന രംഗത്തുള്ള സുഹൃത്താണ് ഈ രംഗത്ത് തനിക്ക് ഭാവിയുണ്ടെന്ന് പറഞ്ഞത്. ഈ വസ്ത്രം സുഹൃത്തിന്റെ കടയിൽ വിൽപനയ്ക്ക് വയ്ക്കുകയും വേഗത്തിൽ വിറ്റ് പോവുകയും ചെയ്തു. അത് തന്ന ആത്മവിശ്വാസത്തിൽ വീട്ടിൽ തന്നെ ചെറിയ രീതിയിൽ ഡീസൈൻ വർക്കുകൾ ചെയ്തുതുടങ്ങി. ആരി വർക്ക് എംബ്രോയ്ഡറിയായിരുന്നു അന്നത്തെ സ്പെഷ്യൽ. വളരെ പെട്ടന്ന് തന്നെ ഷീലയുടെ വസ്ത്രങ്ങൾക്ക് ആരാധകരേറെയായി. 1988ലാണ് സ്വന്തം നാട്ടിലേക്ക് ബിസിനസുമായി എത്തുന്നത്. ശാസ്തമംഗത്ത് ബോഡി ട്യൂൺസ് എന്ന പേരിൽ ബുട്ടീക് തുടങ്ങുമ്പോൾ എന്താണ് ബുട്ടീക് എന്ന് പോലും ആർക്കുമറിയില്ല. ഇതൊക്കെ നമ്മുടെ നാട്ടിൽ ക്ലിക്കാവുമോ എന്ന് പലരും ചോദിച്ച സംശയത്തെ ആത്മവിശ്വാസം കൊണ്ടാണ് ഷീല തോൽപ്പിച്ചത്.
1990 ആയപ്പോൾ സിൽവർ ലൈൻ ഡിസൈനർ ഹോം എന്ന പേരിൽ ഒരു സ്ഥാപനത്തിന് കൂടി തുടക്കമിട്ടു. പിന്നീടാണ് ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ കാത്തലിക് സെന്ററിൽ പ്രവർത്തിക്കുന്ന സെറീന എന്ന ബുട്ടീകിലേക്ക് ബിസിനസ് കേന്ദ്രീകരിച്ചത്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകണമെന്ന ആഗ്രഹമാണ് ഷീലയുടെ വസ്ത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തുന്നൽകാരും ക്രാഫ്റ്റ് കലാകാരൻമാരും സെറീനയ്ക്ക് വേണ്ടി ഇന്ന് വസ്ത്രങ്ങൾ നെയ്യുന്നു. ഓരേ ഡിസൈനിലുള്ള ഒരു വസ്ത്രം മാത്രമാണ് സെറീനയിലുണ്ടാവുക. യാത്രകളിലൂടെയാണ് ഡിസൈനുകൾ രൂപം കൊള്ളുന്നത്. ഏറ്റവും മികച്ച മെറ്റീരിയലുകളിൽ അപൂർവ ഡിസൈനുകൾ ഒരുക്കുന്ന സെറീനയുടെ വിവാഹവസ്ത്ര ശ്രേണിക്കും ആരാധകരേറെയാണ്.
ആർ.എസ്.പി നേതാവ് ബേബി ജോണിന്റെ മകളും മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫിന്റെ ഭാര്യയും, , മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ സഹോദരിയുമായ ഷീലയ്ക്ക് കുടുംബം പൂർണ പിന്തുണനൽകുന്നു . മൂന്ന് മക്കളിൽ മൂത്തയാളായ ശാലിനി ജെയിംസും അറിയപ്പെടുന്ന ഡിസൈനറാണ്.