ഇന്ന് ലോക വനിതാദിനമാണ്. ഇന്നത്തെ ഒരു ദിവസം കഴിഞ്ഞാൽ പിന്നെല്ലാം ലോക പുരുഷ ദിനങ്ങളെന്ന് കണക്കാക്കാമോ? ആധുനിക കാലത്ത് 'ദിനങ്ങൾ" മാർക്കറ്റിംഗ്കാരുടെ ഒരു ടെക്നിക്കാണെന്ന് ഒരുമാതിരി ബുദ്ധിയുള്ളവർക്കൊക്കെ അറിയാം. സ്വർണം വാങ്ങിക്കാൻ ഒരു ദിനം എന്ന് പറഞ്ഞാലേ ആ ദിനത്തിന് ആധുനിക ലോകം ഒരു പ്രാധാന്യം നൽകുകയുള്ളൂ. ആ അർത്ഥത്തിൽ ഇന്ന് ലോക വനിതാ ദിനമായി ആചരിക്കുന്നതിനെ കുറച്ച് കാണേണ്ട കാര്യമില്ല. കുറഞ്ഞത് ആ ഒരു ദിവസമെങ്കിലും പൊതുവേ പുരുഷ കേന്ദ്രീകൃതമായ ലോകം വനിതകളുടെ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമല്ലോ.
ഒരു നൂറ്റാണ്ടിന് മുമ്പുള്ള വനിതകളുടെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും തുലോം വ്യത്യസ്തമാണ്. പഴയ കാലത്ത് പുരുഷ മേധാവിത്വത്തിന്റെ അശ്വമേധങ്ങളിൽ നടന്ന യുദ്ധങ്ങളിൽ, കലാപങ്ങളിൽ, വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നടന്ന നൃശംസമായ അടിച്ചമർത്തലുകളിൽ സ്ത്രീകളും കുട്ടികളും ചൊരിഞ്ഞ കണ്ണുനീർ വറ്റാതിരുന്നെങ്കിൽ ലോകത്ത് ശാന്തസമുദ്രത്തിന് ബദലായി അതിന്റെ മൂന്നിരട്ടി വരുന്ന അശാന്ത സമുദ്രം രൂപപ്പെടുമായിരുന്നു. ഇന്നും സ്ഥിതി എല്ലാം മാറി എന്നല്ല. പക്ഷേ വളരെ മെച്ചപ്പെട്ടു.
ആധുനിക ലോകത്ത് സ്ത്രീകൾ സ്വന്തം നിലയിൽ ഒരു ശക്തിയായി ഉയർന്നു വരാൻ തുടങ്ങിയത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. അതിനും അരനൂറ്റാണ്ടിന് മുമ്പേ അതിന്റെ സ്ഫുരണങ്ങൾ തുടങ്ങിയിരുന്നു. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കെടുതികൾ ഒരു ജീവിതകാലം മുഴുവൻ പേറേണ്ടിവരുന്നത് പുരുഷന്മാരല്ല, സ്ത്രീകളാണ്. ലോകത്തെവിടെയും അതിന് വ്യത്യാസമില്ല. പക്ഷേ, യുദ്ധം, കലാപം, അടിച്ചമർത്തൽ, വേർതിരിവ്, കുടിയേറ്റം, ചൂഷണം തുടങ്ങിയവയെ സ്ത്രീകൾ അതിജീവിച്ചുകൊണ്ടിരിക്കുന്നതിന്റെ രേഖപ്പെടുത്തൽ കൂടിയാണ് ആധുനിക ലോകത്തിന്റെ ചരിത്രം. ഇവിടെയാണ് സ്ത്രീകളുടെ കരുത്ത് തിരിച്ചറിയേണ്ടത്. അതിജീവനത്തിന് കാരിരുമ്പിനെ തോല്പിക്കുന്ന കരുത്ത് സ്ത്രീകളിൽ ജന്മനാ അന്തർലീനമാണ്. അമ്മ എന്ന വാക്കിന്റെ ആദ്യത്തെ അക്ഷരമായ 'അ" എന്ന് വിളിക്കാതെ ലോകത്ത് ഒരു കുഞ്ഞും ജനിക്കുന്നില്ല. കരുണാർദ്രമായ കരുത്താണത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അത് ഫിസിക്കൽ കരുത്തല്ല. മറിച്ച് മാനസികമായ ബലമാണ്.
വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ മാത്രമേ സ്ത്രീകൾക്ക് ഒന്നാം സ്ഥാനത്തേക്ക് കയറിവരാനാകൂ. കേരളത്തിൽ തന്നെ റാങ്കുകളെല്ലാം പെൺകുട്ടികൾക്ക് എന്നത് ആവർത്തിക്കുന്ന ഒരു വാർത്തയായി മാറിയിരിക്കുന്നു. അമ്പതു വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ നിന്നും മറ്റും ഒരു പെൺകുട്ടിയും റാങ്ക് ലിസ്റ്റിൽ വന്നിരുന്നില്ല. ഇന്നാകട്ടെ മിക്ക റാങ്ക് ലിസ്റ്റുകളിലും മലപ്പുറത്തെ പെൺകുട്ടികൾ ഒന്നാമതെത്തുന്നു. തികച്ചും സന്തോഷകരമായ മാറ്റങ്ങളാണിത്.
ഇന്ന് എല്ലാ രംഗങ്ങളിലും വനിതകൾ മുന്നേറിയിരിക്കുന്നു. സ്ത്രീ എന്ന പേരിലുള്ള അകറ്റിനിറുത്തൽ പഴങ്കഥയായി മാറുകയാണ്. പക്ഷേ ഇപ്പോഴും മതിയായ പ്രാതിനിദ്ധ്യം വനിതകൾക്ക് ഉന്നത സ്ഥാപനങ്ങളിൽ ലഭിച്ചിട്ടില്ല. കഴിഞ്ഞ 70 വർഷത്തിനിടയിൽ സുപ്രീംകോടതിയിൽ എട്ട് വനിതാ ജഡ്ജിമാർ മാത്രമാണ് ഉണ്ടായത്. സുപ്രീംകോടതിയിൽ ഒരു വനിതാ ചീഫ് ജസ്റ്റിസ് ഇനിയും ഉണ്ടായിട്ടില്ല.
വിജയം നേടിയ ഏതൊരു പുരുഷന്റെയും പേരിനൊപ്പം ചേർത്ത് ഇന്ത്യ അഭിമാനപൂർവം എന്നും ഓർമ്മിക്കുന്ന ചില വനിതാ രത്നങ്ങളുടെ പേരുകളാണ് ഝാൻസി റാണി, സരോജിനി നായിഡു, ഇന്ദിരാഗാന്ധി, മദർ തെരേസ, മഹേശ്വേതാ ദേവി, എം.എസ്. സുബ്ബലക്ഷ്മി, ബാലസരസ്വതി, ലതാമങ്കേഷ്കർ... പേരുകൾ അവസാനിക്കുന്നില്ല. കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ച വനിതകളുടെ എണ്ണവും കുറവല്ല. ആദ്യത്തെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അന്നചാണ്ടി, ആദ്യത്തെ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമബീവി, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭരണകർത്താക്കളിൽ ഒരാളായ കെ.ആർ. ഗൗരിഅമ്മ, 'കാലെത്തും ദൂരത്ത്" ഒളിമ്പിക്സ് മെഡൽ നഷ്ടപ്പെട്ട പി.ടി. ഉഷ, സാഹിത്യ രംഗത്തെ നിത്യവസന്തങ്ങളായ ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി ഇങ്ങനെ എത്രയെത്ര ധന്യമായ സ്ത്രീ സാന്നിദ്ധ്യങ്ങൾ നമുക്കും പറയാനുണ്ട്. ഏറ്റവും അവസാനത്തെ ഉദാഹരണമായ ബി.ബി.സി വരെ പ്രശംസിച്ച കേരളത്തിലെ ആരോഗ്യരംഗത്തെ നയിക്കുന്ന ശൈലജ ടീച്ചറിന്റെ പേരും അഭിമാനപൂർവം എടുത്തുപറയാം.
നൂറ്റാണ്ടുകളോളം സ്ത്രീകളെ ചൊൽപ്പടിക്ക് നിറുത്താൻ പുരുഷൻ സ്വീകരിച്ചിരുന്ന പ്രധാന രീതി അവർക്ക് സാമ്പത്തികമായ സ്വാതന്ത്ര്യം നിഷേധിക്കുക എന്നതാണെന്ന് ആധുനിക വനിതകൾ തിരിച്ചറിഞ്ഞിരിക്കുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ വനിതകൾ നടത്തുന്ന ശ്രമങ്ങൾ തന്നെയാണ് ഭാവിയിൽ അവരെ മുന്നിലെത്തിക്കുക.
സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഇന്ന് അതിശക്തമാണെങ്കിലും ഇപ്പോഴും അവർക്കെതിരെയുള്ള അതിക്രമങ്ങൾ കുറഞ്ഞിട്ടില്ല എന്നതും ആശങ്ക ഉയർത്തുന്നതാണ്. പൂർണ സുരക്ഷിതത്വം ഏതൊരു വനിതയ്ക്കും പ്രദാനം ചെയ്യാൻ ഉതകുമ്പോൾ മാത്രമേ വനിതാദിനാ ചരണങ്ങൾ അർത്ഥപൂർണമാകൂ.