attukal-

തിരുവനന്തപുരം:ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പൊങ്കാലക്കലങ്ങളിൽ പുണ്യം തിളച്ചുതൂവാൻ ഒരു ദിനം മാത്രം അവശേഷിക്കേ സുരക്ഷിതമായ പൊങ്കാല മഹോത്സവമൊരുക്കാൻ മാർഗനിർദേശങ്ങളുമായി ഫയർഫോഴ്സ്.ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളാണ് വകുപ്പ് നടത്തിയിരിക്കുന്നത്. ആറ്റുകാൽ,കിഴക്കേക്കോട്ട,തമ്പാനൂർ, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ. 426 ജീവനക്കാർ നിരത്തിലുണ്ടാകും.

ഓരോ മേഖലയിലും ഒരു ജില്ലാ ഓഫീസർക്കാണ് ചുമതല. രണ്ടു റീജിയണൽ ഫയർ ഓഫീസർമാർ, നാലു ജില്ലാ ഫയർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ 40 ഓഫീസർമാരടക്കമുള്ള ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 72 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 97 ഡ്യൂട്ടി പോയിന്റുകളിലായി 40 എക്‌സ്റ്റിംഗ്യൂഷർ പോയിന്റുകളുമുണ്ട്. 7 ഫയർ ടെണ്ടറുകൾ, 3 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, 10 മിനി വാട്ടർ മിസ്റ്റ് ടെണ്ടറുകൾ, അഞ്ച് വാട്ടർ ലോറികൾ, 12 ആംബുലൻസുകൾ, ആറ് ബുള്ളറ്റുകൾ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടർ മിസ്റ്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തിന് അടിയന്തിരമായി ആവശ്യം വന്നാൽ കിള്ളിയാറിന്റെയും കരമനയാറിന്റെയും കരയിലായി അഞ്ച് ഹൈ പ്രഷർ പമ്പുകളും തയ്യാറാക്കിയിട്ടുണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.പൊങ്കാല ദിവസങ്ങളിൽ സ്വീകരിക്കേണ്ട അഗ്‌നിസുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് നഗരത്തിലെ പെട്രോൾ പമ്പുകൾ,സിനിമാ തീയേറ്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാൻ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ

 പൊങ്കാലയ്‌ക്കെത്തുന്നവർ കൂട്ടംകൂടി നിൽക്കരുത്. മുഖാമുഖം നിൽക്കുന്ന തരത്തിൽ വരിവരിയായി മാത്രം നിൽക്കുക.

 ഇടുങ്ങിയ റോഡിൽ നിൽക്കുന്നവർ എമർജൻസി വാഹനങ്ങൾക്ക് പോകുന്നതിനുള്ള സൗകര്യം റോഡിൽ ലഭ്യമാക്കണം.

 സാരി, ഷോൾ പോലുള്ള വസ്ത്രങ്ങൾ ശ്രദ്ധിക്കുക. വസ്ത്രത്തിൽ തീ പിടിച്ചാൽ സമീപത്തുള്ളവരുടെ പക്കലുള്ള വെള്ളം കൂടി തീയണയ്ക്കാൻ ഉപയോഗിക്കുക.

 ആവശ്യമായ വിറക് മാത്രം സൂക്ഷിക്കുക, കത്തുന്ന അടുപ്പിനരുകിൽ വിറക് സംഭരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ, കെട്ടിടങ്ങൾ, പരസ്യബോർഡുകൾ എന്നിവയോട് ചേർന്ന് അടുപ്പു കൂട്ടരുത്.

 അപകട സാദ്ധ്യതകൾ കണ്ടാൽ മുന്നറിയിപ്പ് നൽകുകയും അഗ്നിരക്ഷാ വകുപ്പിലേക്ക് 101 ൽ വിളിച്ചറിയ്ക്കുകയും ചെയ്യണം.

 പൊങ്കാലയ്ക്ക് ശേഷം തീ പൂർണമായും കെടുത്തിയെന്ന് ഉറപ്പു വരുത്തണം.കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധ വേണം.

കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ്

വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ഇന്ന് (ഞായർ)​ ഉച്ച മുതൽ ആറ്റുകാലിലേക്കു പ്രത്യേക സർവീസ് നടത്തും. പൊങ്കാല ദിവസവും പിറ്റേന്നുമായി പ്രത്യേക ട്രെയിൻ സർവീസുകളും മിക്ക ട്രെയിനുകൾക്കു കൂടുതൽ സ്റ്റോപ്പുകളും റെയിൽവേ അനുവദിച്ചിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും ഏർപ്പെടുത്തി.