kk-shylja

തിരുവനന്തപുരം: ലോകത്തെ നടുക്കിയ രോഗങ്ങൾ കേരളത്തിന്റെ മണ്ണിൽ തീരാവ്യാധിയാകാതിരിക്കാൻ എന്താണ് കാരണം? ഉത്തരം വിശദീകരിക്കുന്നതിനുമുമ്പ് ഏതൊരു മലയാളിയുടെയും നാവിൽ ഒരു പേര് പൊന്തിവരും. മന്ത്രി കെ.കെ. ശൈലജ. ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ മാത്രമല്ല തന്റെ വകുപ്പുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികൾ എങ്ങനെ നേരിടണമെന്നും ആരോഗ്യ, വനിത, ശിശു ക്ഷേമ മന്ത്രിയായ കെ.കെ.ശൈലജ കാട്ടിത്തന്നു. നിപയും കൊറോണയും ഭീതിവിതച്ച് എത്തിയപ്പോൾ ഒറ്റക്കെട്ടായി ഒരേ മനസോടെ അതിനെ തടയാൻ നമുക്കായത് ധീരമായ നിലപാടിന്റെ മുഖത്ത് ഒരു മന്ദഹാസവുമായി കെ.കെ. ശൈലജ മുന്നിൽ നിന്നതുകൊണ്ടുതന്നെ. സോഷ്യൽ മീഡിയയിൽ കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയെന്ന വിളിപ്പേരും അതോടെ അവർ സ്വന്തമാക്കി.

വനിതാദിനത്തിൽ ചോദിക്കാം...

?എന്താണ് മന്ത്രിയുടെ സ്വപ്നലക്ഷ്യം

സ്ത്രീധനവും അനുബന്ധ പീഡനങ്ങളും ഇല്ലാത്ത നാട്. ആരോഗ്യമുള്ള കേരളം. സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമ്മാർജനം ചെയ്യാനുള്ള കഠിന പ്രയത്‌നത്തിലാണ് സർക്കാർ. യുവജനങ്ങളുടെ ഇടയിൽ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ.

? സ്ത്രീകൾക്കും കുട്ടികൾക്കും

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായി സർക്കാർ വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചിട്ട് രണ്ട് വർഷമായി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ ഒരു പരിധിവരെ തടയാനും കുറ്റവാളികൾക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താനും സർക്കാരിനായി. പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മാനഭംഗ കേസുകളും മറ്റ് കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി. സ്ത്രീകൾക്കുവേണ്ടി 24മണിക്കൂറും പ്രവർത്തിക്കുന്ന 'മിത്ര 181' എന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു.

? രാത്രിയെ ഭയക്കാത്ത നാളുകൾ

സ്ത്രീകൾക്ക് ഇപ്പോൾ പോലും രാത്രി പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. ഇതിനൊരു മാറ്റം വരുത്താനാണ് രാത്രി നടത്തം ആരംഭിച്ചത്. വലിയ പിന്തുണയാണ് അതിനു ലഭിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അത് സംഘടിപ്പിച്ചു. വനിതാ വാരാഘോഷ പരിപാടികളുടെ ഭാഗമായും രാത്രി നടത്തം ഉണ്ടായിരുന്നു.

? വനിതകൾക്ക് പാർക്കാൻ

അടിയന്തര ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എന്റെ കൂട്, വൺ ഡേ ഹോം എന്നിവ നടപ്പിലാക്കി. സംസ്ഥാനത്തെ ആദ്യ വൺഡേ ഹോം

തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലെ എട്ടാം നിലയിലാണ്. എല്ലാ ജില്ലകളിലും വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, വിധവകൾക്ക് ഡേ കെയർ കം വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, ആദിവാസി ഊരുകളിൽ പരിശീലന കേന്ദ്രങ്ങൾ, ഷീ പാഡ്, ഷീ ടോയ്‌ലെറ്റ് തുടങ്ങിയ പദ്ധതികൾ വനിതാവികസന കോർപറേഷൻ വഴി നടപ്പിലാക്കുന്നു.

?വനിതാ ഡ്രൈവർമാർ ഉടൻ

സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വനിതകൾ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.