തിരുവനന്തപുരം: ലോകമാകെ വനിതാദിനം ആഘോഷിക്കുന്ന ഇന്നത്തെ പകലും രാത്രിയും ഭക്തരായ മലയാള സ്ത്രീകൾ അവരുടെ സ്വന്തം ദേവതയായ ആറ്റുകാലമ്മയെ സ്തുതിച്ച് കഴിയും. നാളെയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ തന്നെ ക്ഷേത്രപരിസരങ്ങളിലെല്ലാം അടുപ്പുകൾ നിരന്നു. ഇന്ന് പുലർച്ചെ മുതൽ അഖിലാണ്ഡേശ്വരിയുടെ തിരുനടയിലേക്കു ഭക്തർ പ്രവഹിച്ചുകൊണ്ടിരിക്കും. ഒറ്റ ലക്ഷ്യമേ ഉള്ളൂ, ദേവിക്ക് പൊങ്കാല സമർപ്പിച്ച് ഉള്ളുരുകി പ്രാർത്ഥിക്കണം.
എല്ലാ വഴികളും ആറ്റുകാലിലേക്ക്. എല്ലാ ചുണ്ടുകളും മന്ത്രിക്കുന്നത് ദേവീസ്തുതികൾ. ദൂരദേശങ്ങളിൽ നിന്നെത്തിയവരാണ് ഇന്നലേ തന്നെ അടുപ്പൊരുക്കി കാത്തിരിപ്പ് തുടങ്ങിയത്.
ആറ്റുകാലിലേക്ക് എത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദേവിക്കുള്ള അവരുടെ ആത്മസമർപ്പണമാണ് പൊങ്കാല . പൊങ്കാല അർപ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണെന്ന് ഏഴു വയസുകാരി മുതൽ 70 വയസുകാരി അമ്മൂമ്മ വരെ പറയും. അതിന് സ്വന്തം ജീവിതത്തിൽ നിന്നും പറയാൻ ഉദാഹരണങ്ങളും ഉണ്ടാകും.
പൊങ്കാല തിളച്ചുതൂവുമ്പോഴത്തെ ഫലം
തിളച്ചു മറിയുക എന്നാണ് 'പൊങ്കാല" എന്ന വാക്കിനർത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോഴാണ് പൊങ്കാല സമർപ്പണം പൂർണമാവുക. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനും ഓരോ ഫലമാണ്.
കിഴക്കോട്ടു തിളച്ചുതൂവുന്നതാണ് ഏറ്റവും ഉത്തമം. ആഗ്രഹിച്ചകാര്യം ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അല്പം താമസം വരും. പടിഞ്ഞാറുഭാഗത്തേക്കാണെങ്കിൽ ആഗ്രഹ സാഫല്യത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. തെക്കോട്ടായാൽ ദുരിതവും ക്ലേശങ്ങളും മാറിയിട്ടില്ലാ എന്നാണ് വിശ്വാസം.
പ്രധാന വഴിപാടായ പൊങ്കാല പായസത്തിന്റെ കൂടെ വെള്ളനിവേദ്യം, തെരളി, മണ്ടപ്പുറ്റ് എന്നിവയും തയ്യാറാക്കും. അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം. ധനധാന്യസമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് തെരളി. വിട്ടുമാറാത്ത തലവേദനയുള്ളവർ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മണ്ടപ്പുറ്റ്.
ഉത്സവലഹരി, മുന്നൊരുക്കങ്ങൾ
നാളെ അനന്തപുരി യാഗശാലയാകും. നഗരമാകെ ഉത്സവലഹരിയിലാണ്. എവിടെ നോക്കിയാലും പൊങ്കാല കാഴ്ചകളാണ്. ആറ്റുകാലിലേക്കുള്ള വഴികളിലെല്ലാം പൊങ്കാലക്കലങ്ങൾ ദിവസങ്ങൾക്കു മുമ്പു തന്നെ നിരന്നു. പൊങ്കാലയിടേണ്ടത് മൺകലത്തിലാണ്. പൊങ്കാല ദ്രവ്യങ്ങളൊക്കെ നിരത്തുകളിൽ വില്പനയ്ക്കെത്തി. തുണിക്കടകളിൽ പൊങ്കാല സാരിയുടെ കച്ചവടവും തകർക്കുകയാണ്.
ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന റോഡുകളിലെ അറ്റക്കുറ്റപ്പണികളെല്ലാം പൂർത്തിയായി. പൊങ്കാലയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ ഏറ്റെടുത്ത പ്രവൃത്തികളും പൂർത്തിയാവുന്നു.
ജലലഭ്യത ഉറപ്പാക്കുന്നതിന് സ്ഥാപിക്കാൻ തീരുമാനിച്ച 1650 ടാപ്പുകളിൽ 1475 ടാപ്പുകളും 40 ഷവർ പോയിന്റുകളും 4 ഫയർ ഹൈഡ്രന്റുകളും സ്ഥാപിച്ചതായി ജലവിഭവ അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 74 ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
3000 പൊലീസ് സുരക്ഷയ്ക്ക്
സുരക്ഷയ്ക്കായി ഇത്തവണയും വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണമാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. കമാൻഡോകളുൾപ്പെടെ മൂന്നിലൊന്ന് സുരക്ഷാ സേനയും വനിതകളാണ്. കഴിഞ്ഞ തവണയും വനിതാ സേനയെ വിന്യസിച്ചിരുന്നു. മൂവായിരത്തിലധികം പൊലീസുകാരെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. സിസി ടിവി, ഡ്രോൺ കാമറകൾ എന്നിവയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമനസേനാവിഭാഗങ്ങളെ ആറ്റുകാലിലേക്ക് വിന്യസിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. നാല് സെഗ് മെന്റുകളായാണ് ഇവരെ വിന്യസിക്കുക. തീപിടിത്ത സാദ്ധ്യതയുള്ള 76 പോയിന്റുകൾ കണ്ടെത്തി അവിടേക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു.
ആരോഗ്യവകുപ്പിന്റെ 21 മെഡിക്കൽ ടീമുകൾ സജ്ജമായി. ആംബുലൻസുകളും ഓക്സിജൻ പാർലറും അടക്കം എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.