തിരുവനന്തപുരം: കുട്ടിക്കാലത്തും ഇപ്പോഴും രാവിലെ കുളി കഴിഞ്ഞാൽ ശോഭ പോകുന്നത് ആറ്റുകാൽ ഭഗവതിയുടെ തിരുനടയിലേക്കാണ്. പ്രാർത്ഥിച്ച ശേഷമേയുള്ളൂ പ്രഭാത ഭക്ഷണം. ക്ഷേത്രത്തിനടുത്താണ് വീട്. ഇപ്പോൾ വീട്ടിലേക്കു പോകാൻപോലും സമയമില്ല. ഉത്സവത്തിന്റെ പ്രധാന നടത്തിപ്പുക്കാരി. 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത.
ട്രസ്റ്റ് ബോർഡ് യോഗം ജനറൽ കൺവീനറായി തിരഞ്ഞെടുത്തപ്പോൾ ഒരാളോട് മാത്രമേ ശോഭയ്ക്ക് അനുവാദം ചോദിക്കേണ്ടതുണ്ടായിരുന്നുള്ളൂ- ആറ്റുകാലമ്മയോട്. '' നടയിൽ പോയി പ്രാർത്ഥിച്ചു. ചുമതല ഏറ്റെടുത്തോട്ടെ എന്നു ചോദിച്ചു. അതിനുശേഷമാണ് ജനറൽ കൺവീനറുടെ മുറിയിലേക്കു പോയത്''- ശോഭ പറഞ്ഞു
'' കുട്ടിക്കാലം മുതൽ എന്റെ വിഷമവും സന്തോഷവും എല്ലാം പങ്കുവയ്ക്കുന്നത് ദേവിക്കുമുന്നിലാണ്. ദേവിനൽകിയ നന്മയാണ് എന്റെ ജീവിതം. ഇപ്പോൾ ഈ സ്ഥാനവും. ജീവിതവഴിയിൽ എന്റെ യാത്ര സുഗമമായി പോകുന്നത് ദേവിയുടെ അനുഗ്രഹം ആവോളം ലഭിക്കുന്നതുകൊണ്ടാണ്. പഠനം, വിവാഹം, മകൾ, ജോലി എല്ലാം ദേവി തന്നു'' കെ.എസ്.ഇ.ബിയിലെ അസി. എക്സിക്യൂട്ടീവ് എൻജിനിയറാണ് ശോഭ.
2016 മുതൽ ഉത്സവ കമ്മിറ്രി പബ്ലിസിറ്റി കൺവീനറായിരുന്നപ്പോഴും അതിനുമുമ്പ് ജോയിന്റ് കൺവീനർ ആയിരുന്നപ്പോഴും ശോഭ ചുറുചുറുക്കോടെ പ്രവർത്തിച്ചതു കണക്കിലെടുത്താണ് ഇപ്പോൾ ജനറൽ കൺവീനർ സ്ഥാനം കൈവന്നത്. അച്ഛൻ പി.കൃഷ്ണൻ നായരുടെ നിര്യാണത്തെ തുടർന്ന് 2010ലാണ് ശോഭ ട്രസ്റ്റ് അംഗമാകുന്നത്. നേരത്തെ വനിതകളുടെ എണ്ണം ട്രസ്റ്റിൽ കുറവായിരന്നു. ഇപ്പോൾ പകുതിയോളം വനിതകളാണ്.
പൊങ്കാല ഒരുക്കങ്ങൾ?
ഇവിടെ എത്തുന്ന സ്ത്രീകൾക്കുവേണ്ടി എന്തൊക്കെ ചെയ്താലും പൂർണമാകില്ല. അവർ കൂടുതൽ അർഹിക്കുന്നവരാണ്. പന്തൽ സംവിധാനം, പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശുചീകരണം, ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഒക്കെ പൂർത്തിയായി. ഫസ്റ്റ് എയ്ഡ് സംവിധാനവും എമർജൻസി ആംബുലൻസും സജ്ജമാക്കി. പാർക്കിംഗ് ഏരിയായിൽ ഐ.സി.യു സംവിധാനത്തോടു കൂടിയ താത്കാലിക ആശുപത്രി ഒരുക്കും.
ഇക്കുറി പൊങ്കാലയിടാൻ കഴിയില്ലല്ലോ?
പണ്ടാര അടുപ്പിൽ തീപകരുന്ന നിമിഷം കഴിഞ്ഞാലുടൻ ഞാൻ വീട്ടിനു മുന്നിലേക്ക് ഓടും. അവിടെ മകൾ അപർണ അടുപ്പൊരുക്കിയിട്ടുണ്ടാകും. മുൻ വർഷങ്ങളിലും അങ്ങനെയായിരുന്നു. പൊങ്കാലയിട്ടാലേ മനസിന് തൃപ്തിവരൂ. എസ്.ബി.ഐയിൽ നിന്നു വിരമിച്ച കഥാകൃത്തുകൂടിയായ വി.വി.കുമാറാണ് ഭർത്താവ്. മകൾ അപർണ സെന്റ് സേവിയേഴ്സ് കോളേജിൽ ലക്‌ചററാണ്.