pongala-

പാെങ്കാലയ്ക്കുള്ള വ്രതം തുടങ്ങിയാൽ അത് തീരുംവരെ ഏകാഗ്രതയോടെ ആറ്റുകാലമ്മയിൽ മനസർപ്പിച്ച് മഹാദേവിയെത്തന്നെ പ്രാർത്ഥിച്ചുകൊണ്ടിരിക്കണം.പൊങ്കാല എന്നത് ദേവിക്കായുള്ള ആത്മസമർപ്പണമാകണം.

ദേവീപ്രീതിക്കായുള്ള നാമ-മന്ത്ര ജപാദികളോടെ ക്ഷേത്ര സങ്കേതത്തിൽ കഴിയുന്നത് ഉത്തമമാണ്. ഇന്നത് അസാദ്ധ്യമാണ്. അതുകൊണ്ട് സദാ ദൈവചിന്തയിൽ മുഴുകി വ്രതമനുഷ്ഠിച്ചാൽ മതി.

അടുപ്പ് കൂട്ടേണ്ടത്

പൊങ്കാലയിടാനുള്ള അടുപ്പ് കൂട്ടുന്നത് ചാണകം മെഴുകിയ തറയിലായിരിക്കുന്നത് നല്ലത്. വാഴയിലയിൽ ഗണപതിക്ക് വച്ച് ഒരുക്കണം. അടുപ്പുകല്ലുകൾ കിഴക്കും പടിഞ്ഞാറുമായി (സൂര്യദിശയിൽ ) വയ്ക്കുന്നത് ഉത്തമം. പൊങ്കാല അടുപ്പിൽ ആദ്യം വെള്ളം തളിച്ച് ശുദ്ധിവരുത്തണം. അന്നവും ഐശ്വര്യവും ഒരിക്കലും മുട്ടാതെ തരുന്ന അക്ഷയ പാത്രമായി മൺകലത്തെ സങ്കല്പിച്ചുകൊണ്ടും, അഷ്ടലക്ഷ്മിമാർ അഷ്ട ഐശ്വര്യങ്ങളും ചൊരിയണമേയെന്നും പ്രാർത്ഥിച്ചുകൊണ്ടുവേണം മൺകലത്തെ അടുപ്പിൽ വച്ച് പൊങ്കാലയിടാൻ തുടങ്ങേണ്ടത്. പൊങ്കാലയ്ക്കുള്ള അരി കലത്തിലെ ചൂടുവെള്ളത്തിലേക്ക് ഇടുമ്പോൾ മനസിൽ ആറ്റുകാലമ്മയുടെ രൂപം തെളിയണം.

ആദ്ധ്യാത്മിക സങ്കല്പമനുസരിച്ച് മൺകലം മനുഷ്യ ശരീരവും അതിൽ തിളയ്ക്കുന്ന പായസ പൊങ്കാല മനസുമാകുന്നു. ചിന്തയാകുന്ന അരി മണികൾ കലത്തിനുള്ളിൽ സദ്ചിന്താകാരമായി നിറഞ്ഞുതുളുമ്പുന്നു.

ശർക്കരപ്പായസമാണ് ആറ്റുകാലമ്മയ്ക്ക് ഏറ്റവും പ്രിയങ്കരം. ഉണക്കലരി, ശർക്കര, നാളികേരം , വാഴപ്പഴം, തേൻ, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് തുടങ്ങിയവ യഥേഷ്ടം ചേർത്ത് ശർക്കരപ്പായസമുണ്ടാക്കുന്നു. വെള്ളച്ചോറ്, പാൽപ്പായസം, മണ്ടപ്പുറ്റ്, തെരളി ഇവകളും ദേവിക്ക് പ്രിയമുള്ളതാകുന്നു.

തലവേദനയും ശിരോ രോഗങ്ങളും മാറാനായി പൊങ്കാലയിൽ മണ്ടപ്പുറ്റ് ഉണ്ടാക്കി​ ആറ്റുകാലമ്മയ്ക്ക് സമർപ്പി​ക്കുമ്പോൾ അസുഖം ശമി​ക്കുന്നു.

പൊങ്കാല തി​ളയ്ക്കുമ്പോൾ ഫലസൂചന

പൊങ്കാല തി​ളച്ച് ആദ്യം പുറത്തേക്ക് തൂകുന്നത് കി​ഴക്കോട്ടാണെങ്കി​ൽ നല്ല അഭി​വൃദ്ധി​യുണ്ടാകുമെന്നുള്ള സൂചനയാണ്. വടക്കോട്ട് ചി​ന്തി​യാൽ ആഗ്രഹിച്ചകാര്യം അല്പം വൈകിയാലും നടക്കുമെന്നാണ്. പടിഞ്ഞാറോട്ടാണെങ്കിൽ ദേവി സംതൃപ്തിയാതുകൊണ്ട് അനുഗ്രഹങ്ങളുണ്ടാകുമെന്ന് കരുതണം. തെക്ക് ദിക്കിലേക്ക് തൂവിയാൽ ദുരിതാവസ്ഥ പൂർണമായി മാറിയിട്ടില്ല. കുറേക്കൂടെ ഭക്തിയോടെ പ്രാർത്ഥന തുടരുക വേണം എന്നാണ്.

ദുരിതങ്ങളും ആവിയാകും

ഒാരോ വ്യക്തിയിലും പൊങ്കാലയിടുന്ന ആളിന്റെയും കുടുംബാംഗങ്ങളിലുമുള്ള ദുഷ്ടതകൾ പൊങ്കാലയിൽ തിളച്ചുമറിഞ്ഞ് ആവിയായി നശിച്ച് നമ്മിൽ നിന്ന് അകലുന്നു. അപ്പോൾ ശുദ്ധമാകുന്ന മനസിനെ ഭക്തർ ദേവീപാദങ്ങളിൽ സമർപ്പണം ചെയ്യുകയാണ് പൊങ്കാലയിലൂടെ.

ദേവിയുടെ ചൈതന്യം പരമാർത്ഥഭാവത്തിൽ പരമാത്മ ചൈതന്യമായിട്ടാണ് ഏവരിലും കുടികൊള്ളുന്നത്. ഭൂമണ്ഡലത്തെക്കുറിക്കുന്ന അന്നമയകോശം സ്ഥൂലാവസ്ഥയിലും ആകാശത്തെക്കുറിക്കുന്ന ആനന്ദമായ കോശം സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നുണ്ട്. പൊങ്കാല സമർപ്പണ നേരത്ത് ഭക്തരുടെ അന്നമയ, പ്രാണമയ കോശങ്ങളെ ദേവി ഉജ്ജീവിപ്പിക്കുന്നുവെന്നാണ് വിശ്വാസം.