പാറശാല: പൈപ്പ് പൊട്ടിയുണ്ടായ കുഴി അപകടഭീഷണിയായിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിട്ടിയും ദേശീയപാതാ അധികൃതരും. ദേശീയപാതയിൽ കുറുങ്കുട്ടി ജംഗ്‌ഷനിൽ രൂപപ്പെട്ടിട്ടുള്ള കുഴി അടയ്‌ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാറശാല ചെക്പോസ്റ്റിന് സമീപത്താണ് ഈ അപകടക്കുഴി. മറ്റ് കുഴികൾ ടാർ ചെയ്‌ത് നികത്തിയെങ്കിലും ഇവിടെ മാത്രം അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ കുഴിയിൽ വീണ് കാൽനട യാത്രക്കാരും ബൈക്ക് യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈ ഭാഗത്ത് തെരുവ് വിളക്ക് ഇല്ലാത്തതിനാൽ രാത്രി ഈ കുഴി കാണാനും കഴിയില്ല. കുഴി അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല തവണ വാട്ടർ അതോറിട്ടി അധികൃതർക്കും ദേശീയപാത അധികൃതർക്കും പരാതി നൽകിയെങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാർ പറയുന്നു.