വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ റോഡിലൂടെ യാത്രചെയ്യുന്നത് പേടിച്ചാണ്. എപ്പോൾ വേണമെങ്കിലും തെരുവ്നായ ചാടിവീഴാം. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ മൗനം പാലിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. പ്രധാന ജംഗ്ഷനുകൾ സഹിതം നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. ഇതിൽ പലതിനും പേ വിഷബാധയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ സ്കൂൾ വിദ്യാർത്ഥികൾ വരെയുണ്ട്.

വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ കടി ഉറപ്പാണ്. ആശുപത്രി പരിസരത്ത് അനവധി നായകൾ തമ്പടിച്ചിരിക്കുകയാണ്. ആശുപത്രിക്ക് സമീപത്തെ ഗവ. യു.പി.എസ്, ഗവ. ഹൈസ്കൂൾ, വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളിലും നായശല്യം രൂക്ഷമാണ്. വീടുകളിൽ കയറിയും ആക്രമിക്കാറുണ്ട്. തൊളിക്കോട് പഞ്ചായത്തിൽ ആറ് നായ്ക്കൾ വീട്ടിൽ കയറി വൃദ്ധനെയും വിതുരയിൽ വീട്ടിൽ കയറി രണ്ട് പിഞ്ചുകുട്ടികളേയും നായ്ക്കൾ ആക്രമിച്ചു.

വളർത്തുമൃഗങ്ങളെ കടിച്ചുകീറി

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ തേവൻപാറ, ഭദ്രംവച്ചപാറ, നാഗര, പുളിച്ചാമല, പരപ്പാറ, ചായം, കൈതക്കുഴി, ചെറ്റച്ചൽ, ആനപ്പാറ, കല്ലാർ മേഖലകളിൽ തെരുവ് നായ്‌ക്കൾ ആടുകളേയും കോഴികളേയും കൂട്ടത്തോടെ കൊന്നൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നായ്ക്കളുടെ ശല്യം നിമിത്തം ആടുകളെയും കോഴികളേയും വളർത്താൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 പൊറുതിമുട്ടി ജനം

പൊൻമുടി വിതുര നെടുമങ്ങാട് റോഡിന്റെ മിക്ക ഭാഗത്തും വൻതോതിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇറച്ചി വില്പനശാലകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഏറെയും. ഇവിടെ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ റോഡിലൂടെ സഞ്ചരിക്കുന്നവരെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നും വന്ധ്യംകരണത്തിന് കൊണ്ടുപോയാൽ വന്ധ്യംകരണം കഴിഞ്ഞ് അതിന്റെ ഇരട്ടിയിലേറെ നായ്ക്കളെ കൊണ്ടിറക്കുന്നതായാണ് പരാതി.

ടൂറിസ്റ്റുകളും ബുദ്ധിമുട്ടിൽ

പൊൻമുടിയിലേക്കുള്ള വിനോദസഞ്ചാരികളും തെരുവ്നായ ശല്യം മൂലം ബുദ്ധിമുട്ടുകയാണ്. നായ്ക്കൾ ഉണ്ടെന്നറിയാതെ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ നായകൾ ഓടിച്ചിട്ട് കടിക്കുകയാണ്. പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ ടൂറിസം മേഖലകളിലാണ് നായ ശല്യം കൂടുതലുള്ളത്. ടൂറിസ്റ്റുകൾ നിരവധി എത്തുന്ന ഇവിടെ നായ്ക്കളെ അമർച്ച ചെയ്യാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യം കാരണം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡിൽ നായകൾ കുറുകേ ചാടി നിരവധി ബൈക്ക് യാത്രക്കാർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ നേരിടുന്ന പ്രശ്നത്തിനത്തിന് ശാശ്വത പരിഹാരം കാണണം.

തോട്ടുമുക്ക് ടൗൺ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ