ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രവേശനം തടഞ്ഞ് കരിങ്കൽക്കെട്ട് നിർമ്മിച്ചതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. റോഡ് വികസനത്തിന്റെ ഭാഗമായി കൊടിനടക്ക് സമീപം ശ്രീമൂകാംബിക കോംപ്ലക്‌സിന് മുന്നിലാണ് നാലടി പൊക്കത്തിൽ കരിങ്കൽ ഭിത്തികെട്ടി ഉപഭോക്താക്കൾക്ക് കടന്നുവരാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചിരിക്കുന്നത്. ദേശീയപാതയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി എ കാറ്റഗറിയിൽ ഉൾപ്പെട്ട ഈ ഭാഗത്തെ കടയുടമകൾക്ക് നഷ്ടപരിഹാരം പോലും നൽകാതെയാണ് ഭിത്തി കെട്ടിയുയർത്തിയിരിക്കുന്നത്. പ്രമാണ പരിശോധന രണ്ട് വർഷം മുമ്പ് നടന്നെങ്കിലും നഷ്ടപരിഹാരം കൈമാറുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. ശ്രീമൂകാംബിക ഷോപ്പിംഗ് ക്ലോംപ്ലക്‌സിൽ അമ്പതോളം സ്ഥാപനങ്ങളാണുള്ളത്. ഇവിടെ 150 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. രത്നകല ജൂവലറിയടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബിൽഡിംഗാണിത്. ദേശീയപാതയുടെ നിർമ്മാണം ബാലരാമപുരത്തേക്ക് കടന്നതോടെ കച്ചവട സ്ഥാപനങ്ങൾ മിക്കവയും നഷ്ടത്തിലായെന്നാണ് കടയുടമകൾ പറയുന്നത്. സ്ഥാപന ഉടമകളിൽ ഭൂരിഭാഗവും ഭീമമായ പലിശയ്ക്ക് ബാങ്ക് വായ്പയെടുത്താണ് കച്ചവടം നടത്തുന്നത്. കച്ചവടം കുറവായതുകാരണം ജീവനക്കാർക്കും ജോലി നഷ്ടമാവുകയാണ്. കച്ചവടസ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും ആക്ഷേപമുയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ നടന്ന ഓട നിർമ്മാണവും കരിങ്കൽ കെട്ടും കച്ചവടത്തെ പൂർണമായും ബാധിച്ചെന്നും കരിങ്കൽകെട്ട് അടിയന്തരമായി പൊളിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഇഴഞ്ഞുനീങ്ങുന്ന പാതവികസനം എത്രയും വേഗം പൂർത്തീകരിക്കണമെന്നും കടയുടമകൾ ആവശ്യപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.എം. ബഷീർ, രാമപുരം മുരളി. എൻ. ഹരിഹരൻ, എ.എം. സുധീർ, പുന്നക്കാട് ബിജു തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് കച്ചവടത്തെ തടസപ്പെടുത്തിയിട്ടുള്ള കരിങ്കൽകെട്ട് പൊളിക്കണമെന്ന് ആവശ്യപ്പെട്ടു.
നടപടി ശരിയല്ല
നഷ്ടപരിഹാരം കൈമാറുകയോ പൂർണമായ രീതിയിൽ സ്ഥലമേറ്റെടുക്കുകയോ ചെയ്യാതെയും മുന്നറിയിപ്പില്ലാതെയുമുള്ള കരിങ്കൽ ഭിത്തി നിർമ്മാണം വ്യാപാരികളോടുള്ള വെല്ലുവിളിയാണ്. നഷ്ടപരിഹാരം പോലും നൽകാതെ കടകൾക്ക് മുന്നിൽ കച്ചവടം നിഷേധിക്കുന്ന തരത്തിലുള്ള കരിങ്കൽക്കെട്ട് നിർമ്മാണം നീതികരിക്കാൻ കഴിയില്ല. ഇക്കാര്യം പുനഃപരിശോധിച്ച് ദേശീയപാത അധികൃതർ നടപടി സ്വീകരിക്കണം.
അഡ്വ.എം. വിൻസെന്റ് എം.എൽ.എ