facebook

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമാകണമെങ്കിൽ രാഷ്ട്രീയത്തിലും മതത്തിലും സ്ത്രീകൾക്കും തുല്യത നൽകണമെന്ന് രാഷ്ട്രീയ ചിന്തകനും നവകേരള മിഷൻ കോ-ഓർഡിനേറ്ററുമായ ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ലോകസഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും രാഷ്ട്രീയ കക്ഷികളുടെ നേതൃത്വ പദവികളിലും 50 ശതമാനം സ്ഥാനങ്ങൾ സ്ത്രീകൾക്ക് നീക്കിവെയ്ക്കണം. ബി.ജെ.പി, കോൺഗ്രസ്, കമ്യൂണിസ്റ്റ് എന്നീ പാർട്ടികളുടെ വിവിധ സമിതികളിൽ 10 മുതൽ 15 ശതമാനം വരെയേയുള്ളൂ സ്ത്രീ പ്രാതിനിദ്ധ്യം. അമ്പലങ്ങളിൽ പൂജാരിയായും, മോസ്‌ക്കുകളിൽ ഇമാമായും, പള്ളികളിൽ വൈദികരായും സ്ത്രീകളെ നിയമിക്കണം. ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് അയിത്തം കല്പിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യൻ ഭരണഘടനയിലെ സമത്വാവകാശപ്രകാരം ലിംഗവിവേചനത്തിന് വിലക്കുണ്ടെങ്കിലും, എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യത ഉറപ്പു വരുത്താൻ ഭരണഘടന ഭേദഗതിയോ അനുബന്ധ നിയമനിർമ്മാണമോ ആവശ്യമാണ്. സ്ത്രീകൾക്ക് സംവരണമെന്ന ഔദാര്യമല്ല, തുല്യത എന്ന അവകാശമാണ് വേണ്ടത്. സ്ത്രീകളുടെ സാമൂഹ്യ അടിമത്തത്തിനെതിരെയാണ് വനിതാ ദിനത്തിൽ വനിതാ സംഘടനകൾ ശബ്ദമുയർത്തേണ്ടത്. തുല്യത എന്ന സ്ത്രീകളുടെ മൗലികാവകാശം അംഗീകരിക്കാത്ത രാഷ്ട്രീയ കക്ഷികളെയും മതങ്ങളെയും സ്ത്രീകൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.